ADVERTISEMENT

'നമുക്ക് മലമുകളിൽ ചെന്ന് രാപ്പാർക്കാം, അതികാലത്തെഴുന്നേറ്റ് സൂര്യോദയം കാണുകയും താഴ്‌വരകളുടെ ഭംഗി ആസ്വദിക്കുകയും ചെയ്യാം' തണുപ്പുകാലമായാൽ ഹൈക്കിങ് ഇഷ്ടമുളളവർ ഒരുപക്ഷെ പരസ്പരം പറയാതെ പറയുന്നൊരു കാര്യമാകുമിത്. മരുഭൂമിയിൽ നിന്ന് മല മുകളിലേക്കുളള യാത്ര സാഹസികമാണ്.  യുഎഇയുടെ മലയോര എമിറേറ്റുകളായ ഫുജൈറയിലേക്കും റാസൽ ഖൈമയിലേക്കും ഷാർജയിലേക്കുമെല്ലാം മലകയറാനായി എത്തുന്നവരിൽ മുൻപന്തിയിൽ മലയാളികളുമുണ്ട്. സംഘങ്ങളായും ഒറ്റയ്ക്കും മലകയറ്റത്തിന്റെ ഉന്മാദം സിരകളിൽ നിറയ്ക്കുന്നവർ. ചൂട് കൂടുമ്പോൾ യാത്രയും കഠിനമാകുമെന്നതിനാൽ ഒക്ടോബ‍ർ, നവംബർ മുതലുളള തണുപ്പുകാലത്താണ് കൂടുതൽ പേരും മലകയറാനായി എത്തുന്നത്. യുഎഇയിൽ ഹൈക്കിങ്ങിനായി നിരവധി സൗഹൃദകൂട്ടായ്മകളുമുണ്ട്.

Image Credits: Dionell Datiles/Istockphoto.com
Image Credits: Dionell Datiles/Istockphoto.com

∙ ആരോഗ്യപ്രശ്നങ്ങൾ  വില്ലനായപ്പോൾ ഹൈക്കിങ് മരുന്നായി
യുഎഇയിൽ വന്നതിന് ശേഷം, നാലുവർഷത്തോളമായി ശരിയായ രീതിയിൽ ഹൈക്കിങ് ചെയ്യുന്നുണ്ടെന്ന് യാത്ര ഏറെ ഇഷ്ടമുളള എൻജിനീയറായ നിതിൻ ഗോപി പറയുന്നു. ജോലി സംബന്ധമായി ഫുജൈറ ഉൾപ്പടെയുളള എമിറേറ്റുകളിലെ ഉൾപ്രദേശങ്ങളിൽ യാത്ര ആവശ്യമായി വന്നു. ആ യാത്രകളിലാണ് കൂടുതൽ സ്ഥലങ്ങൾ കാണാനും പോകാനുമെല്ലാം തുടങ്ങിയത്. കോവിഡിന്റെ തുടക്കത്തിൽ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയപ്പോൾ നടത്തം ശീലമാക്കി. കൂട്ടുകാരുമൊത്താണ് ഹൈക്കിങ്. ഫുജൈറ മലനിരകൾക്ക് താഴെ വരുന്ന ഐനൽ  ഷരിയയിലേക്കായിരുന്നു ആദ്യ ഹൈക്കിങ്. 

ചിത്രത്തിന് കടപ്പാട്: നിതിൻ ഗോപി
ചിത്രത്തിന് കടപ്പാട്: നിതിൻ ഗോപി

പിന്നീട് മലയാളികൾക്കൊപ്പവും മറ്റ് രാജ്യക്കാർക്കൊപ്പവും ഹൈക്കിങ് നടത്തി. യുഎഇയിൽ 150 ഓളം ഹൈക്കിങ് ട്രെയിൽ നടത്തിയിട്ടുണ്ട് നിതിൻ. ജബൽ ജെയ്സ് (യുഎഇയിലെ ഏറ്റവും വലിയ ട്രെയിൽ, 1900 മീറ്റർ), ഒമാനിലെ ജബൽ ഷംസ് (ജിസിസിയിലെ ഏറ്റവും വലിയ ട്രെയിൽ ഏകദേശം 2999 മീറ്റ‍ർ),  കിളിമഞ്ചാരോ, എവറസ്റ്റ് ബേസ് ക്യാംപ് ട്രെക്കിങ് എന്നിവയും ചെയ്തിട്ടുണ്ട്. താമസസ്ഥലത്തെ ഗോവണി കയറുകയെന്നുളളതാണ് ഫിറ്റ്നസ് നിലനിർത്താനുളള നിതിന്റെ ടിപ്സ്. ഫിറ്റ്നസ് നിലനിർത്താനാവശ്യമായ ഘടകങ്ങൾ ഉൾപ്പെടുത്തിയുളള ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കും.

∙ സുരക്ഷ പ്രധാനം, നി‍ർദേശങ്ങൾ പാലിക്കുക
ഏറ്റവും കൂടുതൽ പേരെത്തുന്ന ഫുജൈറ എമിറേറ്റിൽ ഇത്തവണത്തെ സീസണൻ പ്രമാണിച്ച് ഹൈക്കിങ്ങിന് കൃത്യമായ മാർഗനിർദേശങ്ങൾ നൽകിയിരുന്നു. ഒരു ഗൈഡും 50 ലധികം പേരുമെന്ന രീതിയിൽ ഹൈക്കിങ് പാടില്ലെന്നതായിരുന്നു അതിൽ പ്രധാനം. 20 ഹെക്ടറിൽ കൂടുതലുളള ട്രെയിൽസാണെങ്കിൽ  10 പേർക്ക് ഒരു ഗൈഡ് എന്ന രീതിയിലാകണം യാത്രയെന്ന് ഫുജൈറ അഡ്വഞ്ചർ സെന്റർ വ്യക്തമാക്കിയിട്ടുണ്ട്. യാത്ര പോകുന്നവർ റജിസ്ട്രേഷനും ചെയ്യണം. ടൂർ ഓപ്പറേറ്റർമാർക്ക് അധികൃതരിൽ നിന്ന് ലൈസൻസ് ആവശ്യമാണ്. ചൂട് കാലത്ത് വിവിധ ട്രെയിലുകളിൽ യാത്രയ്ക്ക് വിലക്കുണ്ട്. നിർദേശം ലംഘിച്ചാൽ 50,000 ദിർഹം വരെയാണ് പിഴ. റാസൽ ഖൈമയിലും സുരക്ഷ മുൻനി‍ർത്തി സമാനമായ നിർദേശങ്ങളാണ് നൽകിയിട്ടുളളത്. 

ചിത്രത്തിന് കടപ്പാട്: ഹരി നോർത്ത് കോട്ടച്ചേരി
ചിത്രത്തിന് കടപ്പാട്: ഹരി നോർത്ത് കോട്ടച്ചേരി

∙ യാത്രയ്ക്ക് മുൻപ് ശ്രദ്ധവേണം
പോകുന്ന സ്ഥലത്തെ കുറിച്ച് കൃത്യമായി പഠിക്കുകയെന്നുളളതാണ് ആദ്യം ചെയ്യേണ്ടത്.ഇതിന് സഹായകരമായി വിക്കി ലോക് ഉൾപ്പടെയുളള ആപ്പുകൾ ലഭ്യമാണ്. ഗൂഗിൾ എർത്തിൽ നോക്കി  സാഹചര്യങ്ങൾ മനസിലാക്കുന്നത് സഹായകരമാകും. നേരത്തെ പോയിട്ടുളളവരുടെ അനുഭവങ്ങൾ അറിയാനും പഠിക്കാനും ശ്രദ്ധിക്കണം.ഗൈഡുകളുടെ സഹായത്തോടെയാണ് പോകുന്നതെങ്കിൽ ട്രെയിലിനെ കുറിച്ച് ഗൈഡിന് ധാരണയുണ്ടെന്ന് ഉറപ്പാക്കണം.

ചിത്രത്തിന് കടപ്പാട്: ഹരി നോർത്ത് കോട്ടച്ചേരി
ചിത്രത്തിന് കടപ്പാട്: ഹരി നോർത്ത് കോട്ടച്ചേരി

കൃത്യമായി ട്രെയിലിൽ തന്നെ പോവുകയെന്നുളളതാണ് മറ്റൊരു പ്രധാനം. ഗ്രൂപ്പുകളായി പോകുമ്പോൾ കൂട്ടം തെറ്റാതെ പോകാൻ ശ്രദ്ധിക്കണം. തണുപ്പുകാലത്തും ചൂടുകാലത്തും ചെയ്യുന്ന ട്രെയിലുകളിൽ സുരക്ഷകാര്യങ്ങൾ വ്യത്യസ്തമാണ്. ചൂട് കാലത്താണെങ്കിൽ സൂര്യാതപമേൽക്കാതിരിക്കാനുളള മുൻകരുതലുകൾ അനിവാര്യമാണ്.വെളളവും ആവശ്യത്തിന് കരുതണം. ഇലക്ട്രോ ലൈറ്റ്സ് ഉൾപ്പടെയുളള ഊർജദായകങ്ങളും പ്രഥമശുശ്രൂഷയ്ക്കുളള സാധനങ്ങളും കരുതണം.ഫുൾ ചാർജുളള മൊബൈൽ ഫോണും ചാർജറുമുണ്ടായിരിക്കണം. 

മിഡ് കട്ട്-ഹൈ കട്ടായിട്ടുളള ഹൈക്കിങ് ബൂട്ടുകൾ ഉപയോഗിക്കണം. കാലുകൾ തെന്നിമാറുന്നത് ഒഴിവാക്കാനും കൂർത്ത കല്ലുകളിൽ നിന്ന് പാദത്തെ സംരക്ഷിക്കുന്നതിനുമായാണ് ഇത്.ഹൈക്കിങ് സ്റ്റിക്കും കരുതാം.യുഎഇയിൽ വിവിധ എമിറേറ്റുകളിലെ അതോറിറ്റികൾ ട്രെയിലുകൾ മാർക്കുചെയ്യുന്നതുൾപ്പടെയുളള കാര്യങ്ങൾ നടത്തിയിട്ടുളളതിനാൽ സുരക്ഷ ഉറപ്പാക്കാൻ സാധിക്കും.ഹെക്കിങ്ങിനിടെ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ നേരിട്ടാൽ അത് തുറന്ന് പറഞ്ഞ്  ഒഴിവാകുന്നതാണ് നല്ലത്.കാണാനും കേൾക്കാനുമുളളത്ര എളുപ്പമല്ല ഹൈക്കിങ്. ചെറിയ ഹൈക്കിങ്ങാണെങ്കിലും സുരക്ഷയ്ക്ക് മുൻകരുതൽ കൊടുക്കുകയെന്നുളളതാണ് പ്രധാനം.ചെറിയ ഹൈക്കിങ്ങിൽ തുടങ്ങി വലിയ ഹൈക്കിങ്ങിലേക്ക് പോകുന്നതാണ് ഉചിതം.

ചിത്രത്തിന് കടപ്പാട്: ജിസ്ന
ചിത്രത്തിന് കടപ്പാട്: ജിസ്ന

∙ മലകയറ്റം ഹരം, സൗഹൃദക്കൂട്ടിലെ ഊർജം
മലയോരപ്രദേശമായ കൂടരഞ്ഞിയിൽ നിന്നാണ് ജിസ്ന ബേബി യുഎഇയിലെത്തിയത്.യുഎഇയിൽ 60 ഓളം ഹൈക്കിങ് നടത്തിയിട്ടുണ്ട്. റാസൽ ഖൈമ,ഫുജൈറ,ഷാർജ മേഖലകളിലാണ് കൂടുതലും ചെയ്തത്. 2020 ലാണ് യുഎഇയിലെത്തിയത്. കോവിഡ് കാലത്തിന് ശേഷമാണ് സജീവമായി ഹൈക്കിങ് തുടങ്ങിയത്. സൂര്യോദയവും സൂര്യാസ്തമയവുമെല്ലാം ഏറ്റവും മനോഹരമായി തോന്നിയത് മലമുകളിൽ നിന്നുകണ്ടപ്പോഴാണെന്ന് ജിസ്ന പറയുന്നു.ഇതോടെ ഹൈക്കിങ് ഒരു പാഷനായി മാറി. കഴിഞ്ഞ ചൂട് കാലത്ത് 40 ഡിഗ്രി താപനിലയുളള സമയത്ത് ഹൈക്കിങ് നടത്തി മലമുകളിലെത്തിയപ്പോൾ 15 ഡിഗ്രി സെൽഷ്യസായിരുന്നു അവിടെ താപനില. അത്തരം അപ്രതീക്ഷിത സന്തോഷങ്ങളാണ് ഹൈക്കിങ്ങിന്റെ രസമെന്നും ജിസ്ന പറയുന്നു.

ചൂട് കാലത്ത് പുലർച്ചെ 3 മണിക്ക് ആരംഭിക്കുന്ന സൂര്യോദയ ഹൈക്കിങ്ങും തണുപ്പുകാലത്ത് രാവിലെ 6 മണിയോടെ  ആരംഭിച്ച് വൈകീട്ട് 4 മണി വരെ നീളന്ന  തരത്തിലുളള ഹൈക്കിംഗുമാണ് എവറസ്റ്റ് ബേസ് ക്യാമ്പ് അടക്കം 50 ലധികം ഹൈക്കിങ്  പൂർത്തീകരിച്ച ദുബായിൽ ഹോസ്പിറ്റലിറ്റി ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്ന ഹരി  നോർത്ത് കോട്ടച്ചേരിയും സംഘവും നടത്താറുളളത്. ഇതിനായി പ്രവാസി മലയാളികൾക്ക് ഇടയിൽ ഹൈക്കിങ്  അടക്കമുള്ള സാഹസിക ആരോഗ്യ പരിപാലന വിനോദങ്ങൾ സംഘടിപ്പിക്കാൻ ഗൾഫ് രാജ്യങ്ങളിലെ മലയാളികളുടെ ഏറ്റവും വലിയ സഹസിക കൂട്ടായ്മയായ A4 അഡ്വഞ്ചർ എന്ന ഗ്രൂപ്പും സ്ഥാപിച്ചിട്ടുണ്ട്. 

വാദി, താഴ്വരകൾ തുടങ്ങി പ്രകൃതി സുന്ദരമായ സ്ഥലത്തേക്കാണ് ഇത്തരത്തിലുളള ട്രക്കിംഗ് കൂടുതലും നടത്താറുളളതെന്നും ഹരി പറയുന്നു. യുഎഇയിലെ അനുവദനീയമായ എല്ലായിടത്തും പോയിട്ടുണ്ട്.യുഎഇയ്ക്ക് പുറത്ത് നേപ്പാളിലും പോയിട്ടുണ്ട്. ഈ വർഷം അവസാനം കിളിമഞ്ചാരോ പോകണം. തണുപ്പ് കാലത്ത് കൂടുതൽ ദിവസങ്ങളെടുത്തുളള ട്രെക്കിങ്ങാണ് ചെയ്യുന്നത്. എന്നാൽ ചൂട് കാലത്ത് അത് സാധ്യമല്ലെന്നും ഹരി പറയുന്നു.

∙ ഏതൊക്കെയാണ് യുഎഇയിലെ ഹൈക്കിങ്  മേഖലകൾ

∙ വാദി ഷവ്ക (റാസൽ ഖൈമ)
ദുബായിൽ നിന്ന് ഒരു മണിക്കൂർയാത്ര.ഹൈക്കിങ് തുടക്കക്കാർക്ക് പറ്റിയ ഇടം. കുടുംബവുമായി ഹൈക്കിങ് ആഗ്രഹിക്കുന്നവർക്കും വാദി ഷവ്ക നല്ല തെരഞ്ഞെടുപ്പായിരിക്കും

ഹത്ത (ദുബായ്)
ദുബായിലെ ഏറ്റവും വലിയ ദേശീയ പാർക്ക്.കുടുംബമായും കൂട്ടുകാരുമൊത്തും ഹൈക്കിങ് നടത്താൻ സാധിക്കും. കുന്നുകളും ഡാമുകളും പൈതൃകഗ്രാമങ്ങളും വാദികളുമുണ്ട്.

റാസൽ ഖൈമ ഹൈക്കിങ് ട്രാക്ക്
എല്ലാ പ്രായക്കാർക്കും അനുയോജ്യം. സാഹസികതയും ഉല്ലാസവും നൽകുന്ന 5 .5 കിലോമീറ്റർ ദൈർഘ്യമുളള ട്രെയില്സ്.

∙ അൽ റാബി മൌണ്ടെയ്ൻ ട്രെയിൽ  (ഷാ‍ർജ)
ദുബായിൽ നിന്ന് 25 മിനിറ്റ് ദൂരം. ഖോർഫക്കാൻ താഴ്വരകളിലെ മനോഹര സൂര്യോദയം ആസ്വദിക്കാനാകുമെന്നുളളത് ആകർഷണം. ഹജാർ മലനിരകളുടെ സൗന്ദര്യവുമാസ്വദിക്കാം. കുട്ടികൾക്കും കുടുംബങ്ങൾക്കും പോകാൻ കഴിയുന്ന ഒന്നാണ് ഖോർഫക്കാനിലെ അൽ റാബി ട്രെയിൽ.മിക്കവരും തുടങ്ങുന്നത് അവിടെ നിന്നാണ്. 6 കിലോമീറ്റർ ദൈർഘ്യമേ ഉളളൂ എന്നതിനാൽ എന്നതിനാൽ ആരോഗ്യമുളള ഒരാൾക്ക് എളുപ്പത്തിൽ ട്രക്കിങ് സാധ്യമാകും.

∙ ഐനൽ ഷരിയ (ഫുജൈറ)
ഫുജൈറയിൽ  സ്ഥിതി ചെയ്യുന്നു. തുടക്കക്കാർക്ക് പറ്റിയ ഇടമല്ല.8 കിലോമീറ്ററിലധികം ദൈർഘ്യമുളള ട്രെയിൽസ്.

∙ വാദി ഹെലോ (ഷാർജ)
ദുബായിൽ നിന്ന് 40 മിനിറ്റ് ദൂരം.ചരിത്രത്തിൽ കൗതുകമുളളവർക്കും പുരാവസ്തുഗവേഷകർക്കും ഇഷ്ടപ്പെടുന്ന ഹൈക്കിങ് കേന്ദ്രം.വാദി ഹെലോ എന്നാൽ മധുര വാദിയെന്നറിയ‍‍ർത്ഥം. ഷാർജയിലെ ഹജാർ മലനിരകളിലാണ് വാദി ഹെലോ. ഇസ്ലാമിക സുവർണകാലഘട്ടത്തിലെ ചരിത്ര അവശിഷ്ടങ്ങൾ അനാവരണം ചെയ്യാം.

ജബൽ ജെയ്സ് (റാസൽ ഖൈമ)
യുഎഇയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതം.ദുബായിൽ നിന്ന് രണ്ട് മണിക്കൂർ ദൂരം.ആറ് ഹൈക്കിങ് കേന്ദ്രങ്ങളാണ് ഇവിടെയുളളത്. ഏറ്റവും കുറഞ്ഞ ട്രെയിൽ 0.7  കിലോമീറ്റർ മുതല് 6  കിലോമീറ്റർ വരെ. മാർക്ക് ചെയ്ത ട്രെയിൽസ് ഹൈക്കിങ് എളുപ്പമാക്കുന്നു.

∙ ജബൽ ഹഫീത് (അലൈൻ)
അബുദാബി മലനിരകളിൽ അലൈൻ ഭാഗത്ത് സ്ഥിതി ചെയ്യുന്നു. പരിചയസമ്പന്നരായ ഹൈക്കേഴ്സിന് അഭികാമ്യം.ആവേശകരമായ ഹൈക്കിങ് ആകർഷണം.

∙ വാദി ഗലീലിയ (റാസൽ ഖൈമ)
റാസൽഖൈമയിലെ  വാദി ഖലീലിയയിൽ നിന്ന് ആരംഭിച്ച് 23 കിലോമീറ്റർ താഴേക്കും മുകളിലേക്കുമുളള ഹൈക്കിങ്.അതിസാഹസികമായ ഹൈക്കിങ് മേഖല.

∙ ഹൈക്കിങ് പരിശീലിക്കാം, മുഷ് രിഫ് പാ‍‍ർക്കിൽ 
ഹൈക്കിങ് പരിശീലനം നടത്താനുളള സൗകര്യം ദുബായ് മുഷ് രിഫ് പാ‍ർക്കിൽ ഒരുക്കിയിട്ടുണ്ട്. 9.7 കിലോമീറ്റ‍ർ വരുന്ന ഹൈക്കിങ് ട്രെയിലാണ് ഇവിടെയുളളത്. സൗജന്യമായി ഇത് ഉപയോ​ഗപ്പെടുത്താം.രണ്ട് തരത്തിലുളള ട്രെയിലിങ് ട്രാക്കാണ് ഇവിടെയുളളത്. 8.3 കിലോമീറ്റ‍ർ ദൂരത്തിലുളള ട്രാക്കിൽ തുടക്കക്കാ‍ർക്ക് പരിശീലനം നടത്താം. 1.4 കിലോമീറ്റ‍ർ വരുന്ന ഓറഞ്ച് ട്രാക്ക് പരിശീലനം നേടിയിട്ടുളളവ‍ർക്കാണ്. പരിശീലനം നേടാൻ ആ​ഗ്രഹിക്കുന്ന 12 മുതൽ 15 വയസ്സുവരെയുളള കുട്ടികൾക്കൊപ്പം മുതി‍ർന്നവരുമുണ്ടായിരിക്കണം.നി‍ർദ്ദേശങ്ങൾ പാലിച്ചാകണം ഹൈക്കിങ്‌‌ എന്നും ദുബായ് മുനിസിപ്പാലിറ്റി നി‍ർദ്ദേശിച്ചിട്ടുണ്ട്.

English Summary:

Hiking destinations in United Arab Emirates

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com