വേനലവധിയിലും വിമാനനിരക്ക് ഉയർന്ന് തന്നെ; അവധിക്ക് നാട്ടിൽ പോകാൻ കഴിയുമോയെന്ന ആശങ്കയിൽ പ്രവാസികൾ
Mail This Article
മനാമ ∙ ബഹ്‌റൈനിലെ സ്‌കൂളുകളിൽ വേനൽക്കാല അവധി പ്രഖ്യാപിച്ചിട്ടും ഈ അവധിക്കാലത്ത് നാട്ടിലേക്ക് പോകാൻ കഴിയുമോ എന്നുള്ള ആശങ്കയിലാണ് പല പ്രവാസി കുടുംബങ്ങളും. വേനൽ അവധിയിൽ വിമാനക്കമ്പനികളുടെ ഉയർന്ന യാത്രാനിരക്കാണ് ആശങ്കയ്ക്ക് കാരണം. പ്രവാസ ലോകത്തെ ഉയർന്ന ജീവിത ചെലവുകളും പല കമ്പനികളും ശമ്പളം വെട്ടിക്കുറച്ചത് അടക്കമുള്ള പ്രശ്നങ്ങൾ തന്നെ കീറാമുട്ടിയായി നിൽക്കുമ്പോഴാണ് ഉയർന്ന വിമാനാനിരക്ക് പ്രവാസികൾക്ക് കൂനിന്മേൽ കുരു പോലെ വന്നുനിൽക്കുന്നത്. പ്രവാസികളുടെ വേനൽക്കാല അവധിക്കാലത്ത് കാലങ്ങളായി തുടർന്ന് വരുന്ന വിമാനനിരക്കിലെ വർധനവ് പതിവ് തെറ്റിക്കാതെ ഇത്തവണയും വിമാനക്കമ്പനികൾ നടപ്പിൽ വരുത്തിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിലെ എല്ലാ സെക്ടറുകളിലേക്കും വലിയ തോതിലുള്ള നിരക്ക് വർധനവാണ് ഇത്തവണയും വരുത്തിയിട്ടുള്ളത്.
∙ കണ്ണൂരിലേക്ക് യാത്ര ചെയ്യാൻ കഴിയാതെ വടക്കൻ ജില്ലക്കാർ
കണ്ണൂരിൽ വിമാനത്താവളം ആരംഭിച്ചിട്ടും ബഹ്‌റൈനിലെ കണ്ണൂർ സ്വദേശികൾ അടക്കമുള്ള വടക്കേ മലബാറിലുള്ള പ്രവാസികൾ പലരും ഇതുവരെ കണ്ണൂരിൽ വിമാനമിറങ്ങിയിട്ടില്ല. അതിന് കാരണം കേരളത്തിലെ മറ്റേതു സെക്ടറിലേക്കുമുള്ളതിൽ വച്ച് ഉയർന്ന നിരക്കാണ് കണ്ണൂരിലേക്ക് എന്നത് തന്നെ. കോഴിക്കോടോ, കൊച്ചിയിലോ വിമാനം ഇറങ്ങി ടാക്സി പിടിച്ചു പോയാലും അതായിരിക്കും കണ്ണൂരിലേക്കുള്ള വിമാനനിരക്കിനെക്കാൾ ലാഭകരമെന്നാണ് ബഹ്‌റൈനിലെ കണ്ണൂരുകാർ പറയുന്നത്. വിമാനത്താവളത്തിന് വളരെ അടുത്തുള്ള പ്രവാസിയായിട്ടു പോലും ഇതുവരെ അവിടേക്ക് പറന്നിറങ്ങാൻ സാധിച്ചിട്ടില്ലെന്ന് മട്ടന്നൂർ സ്വദേശിയായ ബഹ്‌റൈൻ പ്രവാസി പറഞ്ഞു.വടക്കേ മലബാറിലുള്ളവർക്ക് വലിയ ഒരനുഗ്രഹം ആകുമെന്ന് കരുതിയിരുന്ന കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള യാത്രാ നിരക്ക് തന്നെയാണ് അതിന് കാരണം.
കണ്ണൂർ വിമാനത്താവളത്തിനോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് കേരള പ്രവാസി സംഘം തിങ്കളാഴ്ച രാവിലെ 10ന് പ്രതിഷേധ സദസ്സ് അടക്കമുള്ള പരിപാടികളുമായി മുന്നോട്ട് പോകുമ്പോൾ അതിന് എല്ലാ വിധ പിന്തുണയും നൽകാൻ ബഹ്‌റൈനിലെ 'സേവ് കണ്ണൂർ എയർപോർട്ട്' പ്രവർത്തകരും മുന്നിട്ടിറങ്ങാൻ ഇതിന്റെ ഭാരവാഹികൾ ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശ വിമാനങ്ങൾ ഇറങ്ങാനുള്ള പോയിന്റ് ഓഫ് കോൾ അനുവദിക്കുക, പ്രവാസികളോടുള്ള കേന്ദ്ര സർക്കാർ അവഗണന അവസാനിപ്പിക്കുക, പ്രവാസി ക്ഷേമത്തിന് കേന്ദ്ര വിഹിതം അനുവദിക്കുക തുടങ്ങിവയാണ് കണ്ണൂരിലേക്കുള്ള യാത്രക്കാരുടെ മറ്റ് ആവശ്യങ്ങൾ.