ഒഴുകുന്ന അഗ്നിരക്ഷാ സ്റ്റേഷനുമായി ദുബായ്
Mail This Article
ദുബായ് ∙ ഒഴുകുന്ന അഗ്നിരക്ഷാ സ്റ്റേഷനുമായി ദുബായ്. തീരങ്ങളിലെയും തീരപ്രദേശങ്ങളിലെയും അഗ്നിബാധ തടയാനും തീ കെടുത്താനും നിമിഷങ്ങൾക്കകം ഒഴുകിയെത്തുന്ന അഗ്നിരക്ഷാസേനയെയാണ് സജ്ജമാക്കിയിരിക്കുന്നത്. ദുരന്ത മേഖലയിൽ 4 മിനിറ്റിനകം കുതിച്ചെത്താൻ ഒഴുകുന്ന സ്റ്റേഷനു സാധിക്കും. നവീന സാങ്കേതിക സംവിധാനങ്ങളോടെയുള്ള സ്റ്റേഷനിൽ 16 അഗ്നിരക്ഷാ ഓഫിസർമാരും കർമനിരതരായുണ്ടാകും. മണിക്കൂറിൽ 11 നോട്ടിക്കൽ മൈൽ വേഗത്തിൽ ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നു.
പരമ്പരാഗത സ്റ്റേഷനെക്കാൾ 70% കുറഞ്ഞ ചെലവിൽ അത്യാധുനിക സംവിധാനങ്ങളോടെയാണ് പരിസ്ഥിതി സൗഹൃദ സ്റ്റേഷൻ ഒരുക്കിയിരിക്കുന്നത്. പ്രശ്നപരിഹാരത്തിന് നവീന സംവിധാനങ്ങൾ ഒരുക്കുക മാത്രമല്ല ദുബായുടെ മൊത്തത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിലുള്ള പ്രതിബദ്ധത കൂടിയാണ് ഇതു തെളിയിക്കുന്നതെന്ന് ദുബായ് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ റാഷിദ് താനി അൽ മത്റൂഷി പറഞ്ഞു. കടലിലെ അപകടങ്ങളോടുള്ള ദുബായുടെ പ്രതികരണശേഷി മെച്ചപ്പെടുത്താൻ സാധിക്കുന്നു.
കഴിഞ്ഞ വർഷം, ദുബായ് സിവിൽ ഡിഫൻസ് ഒരു ജെറ്റ്‌സ്‌കിയും ഡോൾഫിൻ എന്ന ജെറ്റ്‌പാക്ക് ഉൾപ്പെടെയുള്ള അഗ്നിശമന സംവിധാനം ഉപയോഗിച്ച് കപ്പലിലെ തീ അണച്ചിരുന്നു. കരയിൽനിന്ന് എത്തിപ്പെടാൻ പ്രയാസമുള്ള തീപിടിത്തങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു ജെറ്റ്പാക്ക് ഹോസാണ് ഡോൾഫിൻ. വാഹനങ്ങൾക്ക് പ്രവേശനം തടസ്സപ്പെടുമ്പോഴും ഡോഫിൻ ഉപയോഗിച്ചാണ് തീയണയ്ക്കുക.