നീറ്റ്: ഗൾഫിൽ ഇനി പരീക്ഷാകേന്ദ്രമില്ല, പ്രവാസികൾ ആശങ്കയിൽ
Mail This Article
ദുബായ് ∙ ഇന്ത്യയിലെ മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ് നടത്താൻ ഗൾഫ് രാജ്യങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കുന്നത് നിർത്തി. കാരണം, വ്യക്തമാക്കിയിട്ടില്ല. യുഎഇയിൽ നാലും മറ്റു ജിസിസി രാജ്യങ്ങളിൽ ഓരോന്നും വീതം ഉണ്ടായിരുന്ന പരീക്ഷാകേന്ദ്രങ്ങളാണ് ഈ വർഷം നിർത്തിയത്. ഇതോടെ, നീറ്റ് എഴുതാനുള്ള പ്രവാസികൾക്കു നാട്ടിലേക്കു പോകേണ്ടതായിവരും. കോവിഡ് കാലത്ത് യാത്രയ്ക്കുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് ഗൾഫ് രാജ്യങ്ങളിൽ നീറ്റ് പരീക്ഷാകേന്ദ്രങ്ങൾ തുടങ്ങിയത്. മികച്ച പ്രതികരണം ലഭിച്ചതിനാൽ കഴിഞ്ഞ വർഷവും കേന്ദ്രങ്ങൾ നിലനിർത്തി. നാട്ടിൽ പോകേണ്ട എന്നതിനാൽ നീറ്റ് എഴുതുന്ന ഗൾഫിൽ നിന്നുള്ള കുട്ടികളുടെ എണ്ണവും വർധിച്ചിരുന്നു.
അബുദാബി ഇന്ത്യൻ ഹൈസ്‍കൂൾ (മുറൂർ), ദുബായ് ഇന്ത്യൻ ഹൈസ്കൂൾ, ഹൊർ അൽ അൻസിലെ ഭവൻസ് പേൾ വിസ്ഡം സ്കൂൾ, ഷാർജ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ എന്നീ സെന്ററുകളിലായി 1,687 പേരാണ് കഴിഞ്ഞ വർഷം നീറ്റ് എഴുതിയത്. നീറ്റ് റജിസ്ട്രേഷന് ഇന്ത്യയിൽ 1,500 രൂപ ഈടാക്കുമ്പോൾ യുഎഇയിലെ കുട്ടികളിൽ നിന്ന് 9,500 രൂപയാണ് ഈടാക്കിയിരുന്നത്. ഇതനുസരിച്ച് യുഎഇയിൽ നിന്ന് മാത്രം 1.6 കോടി രൂപ ഇന്ത്യയ്ക്ക് കഴിഞ്ഞ വർഷം ലഭിച്ചിരുന്നു. എല്ലാ ഗൾഫ് രാജ്യങ്ങളിൽ നിന്നുമായി 3 കോടിയോളം രൂപയാണ് പരീക്ഷാ ഫീസ് ഇനത്തിൽ നൽകിയത്. അതേസമയം, പരീക്ഷാ നടത്തിപ്പിന്റെ ചെലവിനായി ഗൾഫിലെ സ്കൂളുകൾക്ക് നാമമാത്ര തുകയാണ് കൈമാറിയതെന്ന് പരാതിയും അന്നുണ്ടായിരുന്നു.
ഇക്കുറി, ഏപ്രിൽ, മേയ് മാസങ്ങളിൽ നീറ്റ് പരീക്ഷ പ്രതീക്ഷാം. അതിനായി നാട്ടിലേക്കു പോകണമെങ്കിൽ പ്രവാസികൾ ചെറുതല്ലാത്ത കടമ്പകൾ കടക്കേണ്ടി വരും. യാത്രച്ചെലവാണ് പ്രധാന പ്രശ്നം. ഇവിടെത്തന്നെ പരീക്ഷ സെന്റർ ലഭിക്കുമെന്നു കരുതിയതിനാൽ നാട്ടിലേക്കു പോകാനുള്ള ഒരു മുന്നൊരുക്കവും രക്ഷിതാക്കളും നടത്തിയിട്ടില്ല. കുട്ടികൾക്കൊപ്പം മാതാപിതാക്കളിൽ ആരെങ്കിലും യാത്ര ചെയ്യുന്നുണ്ടെങ്കിൽ അവർക്ക് ഓഫിസുകളിൽ നിന്ന് അവധി ലഭിക്കേണ്ടതുമുണ്ട്.
ഇന്ത്യയിൽ പ്രാക്ടിസ് ചെയ്യണമെങ്കിൽ നീറ്റ് എഴുതണമെന്ന് നിർബന്ധമുള്ളതിനാൽ, അതിനായി നാട്ടിലേക്കു പോകാൻ സാഹചര്യമില്ലാത്തവർ വിദേശ കോളജുകളിൽ മെഡിക്കൽ പഠനം നടത്താൻ നിർബന്ധിതരാകും. കുട്ടികൾ നാടുവിടുന്നത് ഒഴിവാക്കാൻ പ്രയത്നിക്കുന്നെന്നു പറഞ്ഞാൽ പോരാ ഇത്തരം വിഷയങ്ങളിൽ അനുകൂല സാഹചര്യമൊരുക്കാനും അധികൃതർ ശ്രദ്ധിക്കണമെന്നാണ് രക്ഷിതാക്കൾ പറയുന്നത്.