വേഗത ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ബഹ്റൈനിൽ മോട്ടോർ സ്പോർട്ട്സ് സ്‌കൂൾ ആരംഭിക്കും
Mail This Article
മനാമ ∙ വേഗത ഇഷ്ടപ്പെടുന്ന യുവാക്കൾക്കും ഫോർമുല വൺ അടക്കമുള്ള കാറോട്ട മത്സരങ്ങളിൽ യുവാക്കളെ വാർത്തെടുക്കുന്നതിനുമായി ബഹ്‌റൈൻ ഇന്‍റർനാഷനൽ സർക്യൂട്ട്, സഖീർ - വിൻഫീൽഡ് റേസിങ് സ്കൂളും സംയുക്തമായി മോട്ടോർസ്പോർട്ട്സ് സ്‌കൂൾ ആരംഭിക്കുമെന്ന് വിൻഫീൽഡ് അധികൃതർ അറിയിച്ചു. മിഡിൽ ഈസ്റ്റിലെയും ഏഷ്യയിലെയും യുവ മോട്ടോർസ്പോർട്ട്സ് പ്രതിഭകളെ കണ്ടെത്താനും പരിശീലിപ്പിക്കാനും വിലയിരുത്താനുമുള്ള ദൗത്യമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.യുവ റേസിങ് ഡ്രൈവർമാരുടെ പരിശീലനത്തിനും തിരഞ്ഞെടുപ്പിനും യൂറോപ്പിൽ ശ്രദ്ധേയമായ വിൻഫീൽഡ് 1960-കളുടെ മധ്യത്തിനും 1990-കളുടെ അവസാനത്തിനും ഇടയിൽ, 30 ഫോർമുലവൺ ഡ്രൈവർമാരെ സൃഷ്ടിച്ചിട്ടുണ്ട്. അതിൽ 10 ഗ്രാൻഡ് പ്രിക്സ് ജേതാക്കളും രണ്ട് ലോക ചാംപ്യന്മാരും ഉൾപ്പെടുന്നു. ഡാമൺ ഹിൽ, നാല് തവണ ഫോർമുല വൺ ലോക ചാംപ്യനായ അലൈൻ പ്രോസ്റ്റ് തുടങ്ങിയവരും ഇതിൽ ഉൾപ്പെടുന്നു.
മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ഫോർമുല വൺ റേസ് സർക്യൂട്ടായ ബഹ്‌റൈൻ ഗ്രാൻഡ് പ്രിക്‌സിൻന്‍റെ 20-ാം വാർഷികം ആഘോഷിക്കുകയാണ് ഈ വർഷം. അതുകൊണ്ട് തന്നെ ഈ മേഖലയിൽ യഥാർത്ഥ മോട്ടോർസ്‌പോർട്‌സ് സംസ്കാരം നേടിയെടുക്കുക എന്ന ലക്ഷ്യം നേടാനാണ് ഇത്തരം ഒരു സംരംഭത്തിന് പദ്ധതി ഇടുന്നതെന്ന് വിൻഫീൽഡ് ഗ്രൂപ്പ് പ്രസിഡന്‍റ് പറഞ്ഞു. കഴിയുന്നത്ര ആളുകൾക്ക് ഡ്രൈവിങ്, മോട്ടോർസ്പോർട്ട് പ്രഫഷനുകളിലേക്കുള്ള പ്രവേശനം പ്രോത്സാഹിപ്പിക്കുക, ഭാവിയിലെ ഏറ്റവും മികച്ച ഡ്രൈവർമാരെയും മെക്കാനിക്കിനെയും വാർത്തെടുക്കുക, അടുത്ത തലമുറയ്ക്ക് അവരുടെ കരിയറിൽ വിജയിക്കാനുള്ള ഉപകരണങ്ങൾ നൽകി അവരെ ശാക്തീകരിക്കാൻ പരിശ്രമിക്കുക , മിഡിൽ ഈസ്റ്റിലെ പ്രതിഭകളുടെ പ്രഫഷണൽ ആഗ്രഹങ്ങൾ നിറവേറ്റുകയും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുകയും ചെയ്യുക എന്നതൊക്കെയാണ് ഈയൊരു സംരംഭം കൊണ്ട് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബറിൽ പരിശീലനം ആരംഭിക്കുന്നതിന് മുമ്പ് ഏപ്രിലിൽ കിക്ക് ഓഫ് ഡ്രൈവിങ് ഇവന്‍റ് സംഘടിപ്പിക്കും. ബഹ്‌റൈൻ ഇന്‍റർനാഷനൽ സർക്യൂട്ട് ചീഫ് കൊമേഴ്‌സ്യൽ ഓഫിസർ ഷെരീഫ് അൽ മഹ്ദി തുടങ്ങിയവരും സംബന്ധിച്ചു.