ADVERTISEMENT

ദുബായ്∙ 27 രാജ്യങ്ങളുടെ  പവിലിയനുകൾ സാന്നിധ്യമറിയിക്കുന്ന ദുബായിലെ ഗ്ലോബൽ വില്ലേജിന്‍റെ 'അനൗദ്യോഗിക ആസ്ഥാനഗായകനാ'ണ് ഈ മലയാളി യുവാവ്. ആഗോള ഗ്രാമത്തിൽ ബലൂണും കളിപ്പാട്ടങ്ങളും വിൽക്കുന്ന പാലക്കാട് മണ്ണാർക്കാട് സ്വദേശി മുഹമ്മദ് ഉണ്ണീൻ ആരവങ്ങളിൽ താളവും സംഗീതവും കണ്ടെത്തി പാടിത്തകർക്കുന്നു: 'സിമിൽ അംജാദ് ബി മുഹമ്മദ്...' എന്ന് തുടങ്ങുന്ന, യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനെയും പ്രസിഡഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെയും മറ്റു ഭരണാധികാരികളെയും കുറിച്ച് പ്രശസ്ത സ്വദേശി ഗായകൻ ഹുസൈൻ അൽ ജാസ്മിയും ഹാമി അൽ ദാറും ചേർന്ന് പാടിയ ദേശഭക്തി ഗാനമാണ് മുഹമ്മദ് ഉണ്ണീന്‍റെ ഹിറ്റ് പാട്ടുകളിൽ ഒന്ന്.  ഈ പാട്ടുകേൾക്കാൻ ഇദ്ദേഹത്തിന് ചുറ്റും ആളുകൾ തടിച്ചുകൂടുന്നു.

∙കുട്ടി കരഞ്ഞപ്പോൾ സാന്ത്വനപ്പാട്ടുപാടി തുടക്കം
ആറ് വർഷത്തോളമായി ഗ്ലോബൽ വില്ലേജിൽ ബലൂണുകളും,പോപ് കോണുകളും, കളിക്കോപ്പുകളും വിൽക്കുന്ന മുഹമ്മദ് ഉണ്ണീൻ സന്ദർശകരായ അറബി കുടുംബത്തിലെ കുട്ടി കരഞ്ഞപ്പോൾ അവനെ രസിപ്പിക്കാനാണ് ആദ്യമായി അറബിക് പാട്ട് മൂളിയത്. ചെറുപ്പത്തിലേ അറബിപ്പാട്ടുകൾ ഇഷ്ടമായിരുന്നതിനാലും പാടി നടന്നിരുന്നതിനാലും കുറച്ചൊക്കെ അറിയാവുന്നത് വച്ച് പാടി നോക്കിയതാണെന്നാണ് മുഹമ്മദ് ഉണ്ണീൻ പറയുക. പക്ഷേ, സംഗതി ഏറ്റു. കരഞ്ഞുകൊണ്ടിരുന്ന കുട്ടിയുടെ മുഖത്ത് പാട്ടുപോലെ പുഞ്ചിരിവിടർന്നു. തുടർന്ന് ഇത് പതിവാക്കി. 

palakkad-mohammad-unneen-balloon-seller-at-dubai-global-village-is-the-events-unofficial-singer
ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

ഗ്ലോബൽ വില്ലേജിലെ സംഗീതവും ആരവങ്ങളും കുട്ടികളുടെ കലപിലകളുമെല്ലാം പശ്ചാത്തലസംഗീതമാക്കി പാടിത്തകർത്തപ്പോള്‍ അത് ഗ്ലോബൽ വില്ലേജിലെ പൊലീസ് അടക്കമുള്ള സെക്യുരിറ്റി ഉദ്യോഗസ്ഥരും മറ്റു അധികൃതരും ശ്രദ്ധിക്കാൻ തുടങ്ങി. എല്ലാവരും മുഹമ്മദ് ഉണ്ണീനെ കൊണ്ട് തുടരെത്തുടരെ പാടിച്ചു. പലരും സമൂഹമാധ്യമങ്ങളിൽ അറബികിൽ ഇദ്ദേഹത്തെ പരിചയപ്പെടുത്തി. ഇതാ നോക്കൂ, നമ്മുടെ ദേശ ഭക്തിഗാനമടക്കമുള്ള അറബിക് പാട്ടുകൾ ഗ്ലോബൽ വില്ലേജിലെ ഒരു ഇന്ത്യൻ സെയിൽസ് മാൻ പാടുന്നു എന്ന പോസ്റ്റുകൾ കണ്ട് കൂടുതൽ ആളുകൾ ഈ യുവ ഗായകനെ തേടിയെത്തി. കച്ചവടത്തിരക്കിനിടയിലും എല്ലാവർക്കും വേണ്ടി പാടാൻ ഇദ്ദേഹം സമയം കണ്ടെത്തി.

 
     

∙ പാട്ടുപഠിച്ചില്ല, പാടിപ്പാടി സ്വായത്തമാക്കി
ഔപചാരികമായി സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും സ്കൂളിൽ പഠിക്കുമ്പോഴേ പാട്ടുകൾ മൂളി നടക്കുമായിരുന്നു. മലയാളത്തോടൊപ്പം, ഹിന്ദി, അറബിക് പാട്ടുകളായിരുന്നു ഇഷ്ടം. നാട്ടിൽ അരി–പലചരക്ക് മൊത്തക്കച്ചവടനക്കാരനായിരുന്നപ്പോഴും പിന്നീട് യുഎഇയിലെത്തിയപ്പോഴും പാട്ടിനെ അതിന്‍റെ പാട്ടിന് വിടാതെ കൂടെക്കൊണ്ട് നടന്നു. എങ്കിലും സ്റ്റേജിലോ ഗാനമേളകളിലോ മറ്റോ ഇതുവരെ പാടിയിട്ടില്ല. എന്നാൽ, ഇൻസ്റ്റഗ്രാമിലും മറ്റു സമൂഹ മാധ്യമങ്ങളിലും പാട്ടുകൾ പോസ്റ്റ് ചെയ്തപ്പോൾ കാണാനും കേൾക്കാനും എത്തിയത് ലക്ഷങ്ങൾ. മലയാളികളുടേതിനേക്കാൾ അറബികൾക്കിടയിലാണ് തന്‍റെ പാട്ടുകൾ പാട്ടായതെന്ന് മുഹമ്മദ് ഉണ്ണീൻ പറയുന്നു. ചില ഗാനങ്ങൾക്കിടയിൽ സംഗീതം അനിവാര്യമായതിനാൽ കൈ കൊണ്ടും എടിഎം, നോൽ കാർഡുകൾ ഉപയോഗിച്ചും ഇദ്ദേഹം സംഗീതം നൽകി ശ്രോതാക്കളെ അമ്പരിപ്പിക്കുന്നു.

∙ ഹുസൈൻ അൽ ജാസ്മി പ്രിയ ഗായകൻ
അറബ് ലോകത്തെ ഏറ്റവും പ്രശസ്തനായ പിയാനിസ്റ്റും സംഗീത സംവിധായകനും ഗായകനുമാണ് യുഎഇയിലെ ഖോർഫക്കാൻ സ്വദേശിയായ ഹുസൈൻ അൽ ജാസ്മി. പാട്ടുകളിലും ആലാപനത്തിലും ഏറെ വ്യത്യസ്തതകൾ കൊണ്ടുവരുന്ന, പ്രതിഭാധനനായ ഗായകനാണ് ഇദ്ദേഹമെന്ന് മുഹമ്മദ് ഉണ്ണീൻ പറയുന്നു.  യു ട്യൂബിൽ 10 ലക്ഷത്തോളം  വരിക്കാറുള്ള അദ്ദേഹത്തിന്‍റെ യുഎഇ ദേശഭക്തിഗാനം ഇതിനകം കണ്ടത് എട്ട് ലക്ഷത്തോളം പേർ. ആ ഗാനമാണ് മുഹമ്മദ് ഉണ്ണീന് ഏറ്റവുമിഷ്ടവും എപ്പോഴും പാടുന്നതും. ഗ്ലോബൽ വില്ലേജ് സന്ദർശകരില്‍ മിക്കവരും ആവശ്യപ്പെടുക ആ ഗാനം പാടാൻ തന്നെയാണ്. ഹല തുർക്കി, നാൻസി അജ്റാം, മറിയം ഫാരിസ്, ഹമി അൽദാർ എന്നിവരും പ്രിയ ഗായകർ തന്നെ. ഹിന്ദിയിൽ സോനു നിഗം, ഉദിത് നാരായണൻ എന്നിവരെയാണ് ഏറ്റവുമിഷ്ടം.

പാക് ഗായകൻ ആതിഫ് അസ് ലമിനോടൊപ്പം മുഹമ്മദ് ഉണ്ണീൻ. ചിത്രം: Special Arrangement
പാക്ക് ഗായകൻ ആതിഫ് അസ്​ലമിനോടൊപ്പം മുഹമ്മദ് ഉണ്ണീൻ. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

∙ ആതിഫ് അസ് ലമിന്‍റെ കൂടെ സ്റ്റേജിൽ!
വർഷങ്ങൾക്ക് മുൻപാണ് ജീവിതത്തിലൊരിക്കലും മറക്കാനാകാത്ത ആ സംഭവം അരങ്ങേറിയത്. ഇന്ത്യയിൽ ഏറെ ആരാധകരുള്ള പാക്ക് സൂപ്പർ ഗായകൻ ആതിഫ് അസ്​ലമിന്‍റെ ഗ്ലോബൽ വില്ലേജിലെ സ്റ്റേജ് ഷോയിൽ മുഹമ്മദ് ഉണ്ണീനും പാടാൻ അവസരം ലഭിച്ചു. ഇത് തന്‍റെ പാട്ടു ജീവിതത്തിൽ ഏറെ ആത്മവിശ്വാസം തന്ന സുവർണ നിമിഷങ്ങളായിരുന്നുവെന്ന് ഇദ്ദേഹം അഭിമാനത്തോടെ പറയുന്നു. പാടിക്കഴിഞ്ഞ് ആതിഫ് അസ് ലത്തെ പരിചയപ്പെട്ടു. പാട്ട് നന്നായിട്ടുണ്ടെന്ന് പറയുകയും ചെയ്തു. വോ ലംഹെ..  തുടങ്ങിയ ഹിറ്റ് ഹിന്ദി പാട്ടുകളിലൂടെ ഇന്ത്യക്കാർക്കും സുപരിചിതനാണ് ആതിഫ് അസ് ലം.

∙ ഉയരങ്ങളിലെത്തിയാലേ ഗായകർക്ക് രക്ഷയുള്ളൂ
ഒന്നുകിൽ ഏറ്റവും ഉയരത്തിലെത്തുക. അല്ലെങ്കിൽ സംഗീതം സൈഡായി കൊണ്ടുപോവുക–എന്തുകൊണ്ട് സംഗീതത്തിൽ കൂടുതൽ ശ്രദ്ധ ചേലുത്തുന്നില്ല എന്ന ചോദ്യത്തിന് മുഹമ്മദ് ഉണ്ണീന് പറയാനുള്ളത് ഈ മറുപടിയാണ്. ഏറ്റവും തിരക്കുള്ള, പ്രശസ്തനായ സംഗീതജ്ഞരായാലേ അതൊരു തൊഴിൽ എന്ന നിലയിൽ മുന്നോട്ടു കൊണ്ടുപോകാനുള്ളൂ. മാതാപിതാക്കളും ഭാര്യയും കുഞ്ഞുമുള്ള, ബാധ്യതകളുള്ള തന്നെ പോലുള്ള ചെറിയ ഗായകർക്ക് പാഷനായി കൊണ്ടു നടക്കാമെന്നല്ലാതെ ഉപജീവനമായി സ്വീകരിക്കാനാവില്ല.  നല്ലൊരു സ്റ്റേജ് കിട്ടാൻ, അല്ലെങ്കിൽ സിനിമയിൽ എന്തിന്, ആൽബത്തിൽ പാടാൻ പോലും അങ്ങോട്ട് പണം നൽകേണ്ട ഗതികേടാണ് ഇന്ന് പല യുവ ഗായകർക്കുമുള്ളത്. അതുകൊണ്ട് ഞാൻ സംഗീതത്തെ പ്രിയപ്പെട്ട പാഷനായി കൊണ്ടുനടന്ന് വേറെ തൊഴിലെടുത്ത് ജീവിക്കാനാണ് ഉദ്ദേശിക്കുന്നത്.മികച്ച മത്സ്യ മിശ്ര കർഷകനുള്ള മണ്ണാർക്കാട് മുനിസിപാലിറ്റിയുടെ അവാർഡ് 2022ൽ നേടിയിട്ടുള്ള മുഹമ്മദ് ഉണ്ണീൻ വീടിനോട് ചേർന്ന് വലിയൊരു ഫാമും നടത്തിവരുന്നു.

English Summary:

Palakkad's Mohammad Unneen, Balloon Seller at Dubai's Global Village, is the Event's "Unofficial Singer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com