ഇത്തിഹാദ് വേനൽക്കാല വിമാന ഷെഡ്യൂൾ: തിരുവനന്തപുരത്തേക്ക് ആഴ്ചയിൽ സർവീസുകൾ

Mail This Article
അബുദാബി ∙ ഇത്തിഹാദ് എയർവേയ്സിന്റെ വേനൽക്കാല ഷെഡ്യൂളിൽ കേരളം ഉൾപ്പെടെ ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ. തിരുവനന്തപുരത്തേക്കുള്ള പ്രതിദിന സർവീസ്, ആഴ്ചയിൽ 10 ആക്കി വർധിപ്പിച്ചതിനു പുറമേ ജയ്പുരിലേക്കു പുതിയ സർവീസും പ്രഖ്യാപിച്ചു. ഇതോടെ കേരളത്തിലേക്ക് ആഴ്ചയിൽ ആയിരത്തോളം പേർക്കും ജയ്പുരിലേക്ക് 1200 പേർക്കും അധികമായി സഞ്ചരിക്കാൻ അവസരമൊരുങ്ങി. നിലവിൽ അബുദാബിയിൽനിന്ന് കൊച്ചിയിലേക്കു ദിവസേന 3 സർവീസുണ്ട്.
ജൂൺ 16നാണ് ജയ്പുരിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നത്. തുടക്കത്തിൽ ആഴ്ചയിൽ 4 സർവീസാണുണ്ടാവുക. ജയ്പുർ സർവീസ് കൂടി ആരംഭിക്കുന്നതോടെ ഇത്തിഹാദിന്റെ ഇന്ത്യയിലേക്കുള്ള സെക്ടറുകളുടെ എണ്ണം 11 ആയി വർധിക്കും. ഇന്ത്യയിൽനിന്ന് വിവിധ രാജ്യങ്ങളിലേക്കു പോകുന്നവർക്ക് അബുദാബി വഴി കണക്‌ഷൻ വിമാന സർവീസും പ്രയോജനപ്പെടുത്താം.
ആഴ്ചയിൽ 3 വിമാന സർവീസുമായി ജൂൺ 15ന് തുർക്കിയിലേക്കും സർവീസ് ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു. കൂടാതെ വിവിധ രാജ്യങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തു.