റമസാൻ മുന്നൊരുക്കം; കൂടുതൽ പഴം പച്ചക്കറി ഇറക്കുമതിക്ക് ദുബായ്

Mail This Article
ദുബായ് ∙ റമസാൻ മാസത്തിനു മുന്നോടിയായി കൂടുതൽ പഴവും പച്ചക്കറികളും ഇറക്കുമതി ചെയ്യാൻ ദുബായ്. പതിവിനേക്കാൾ 25% അധികം പഴങ്ങളും പച്ചക്കറികളും വിപണിയിലെത്തുമെന്ന് ദുബായ് ചേംബർ ഓഫ് കൊമേഴ്സിന് കീഴിലുള്ള ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ സപ്ലൈയേഴ്സ് ഗ്രൂപ്പ് തലവൻ മുഹമ്മദ് അൽ ഷെരീഫ് അറിയിച്ചു. ഇതു സംബന്ധിച്ച് ഇറക്കുമതി രാജ്യങ്ങളുമായി ദുബായ് കരാർ ഒപ്പുവച്ചു. കാർഗോ മേഖലയിലെ പ്രതിസന്ധി റമസാൻ വിപണിയെ ബാധിക്കാതിരിക്കാനാണിത്.
തുർക്കി, ഇറാൻ, തുർക്ക്മെനിസ്ഥാൻ എന്നീ രാജ്യങ്ങൾക്കു പുറമെ ചില ഏഷ്യൻ രാജ്യങ്ങളിലെയും കയറ്റുമതി പ്രതിസന്ധി പരിഗണിച്ചാണ് പുതിയ കരാർ. ഇറക്കുമതിയിലെ വർധനയും പ്രാദേശിക ഉൽപ്പാദനവും ചേരുമ്പോൾ വിപണികളിൽ പ്രതിസന്ധി ഉണ്ടാവില്ലെന്നാണ് വിലയിരുത്തൽ. വിപണിയിൽ വില വർധനയെ പിടിച്ചുനിർത്താനും ഇതു സഹായിക്കും. പഴം-പച്ചക്കറി വിപണന രംഗത്തെ പ്രധാന കമ്പനികളും റമസാൻ കാല ഇറക്കുമതി വിപുലപ്പെടുത്താൻ സ്വമേധയാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
നിലവിൽ വ്യോമ, നാവിക കാർഗോ മേഖലയിൽ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ കരുതൽ നടപടിയായാണ് പുതിയ നീക്കം. ഇറാൻ, ഒമാൻ തുടങ്ങിയ അയൽ രാജ്യങ്ങളിൽ നിന്നു കുറഞ്ഞ നിരക്കിൽ ഉൽപന്നങ്ങൾ എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്.