ദുബായ് പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അഞ്ചു വർഷത്തിനിടെ റജിസ്റ്റർ ചെയ്തത് 1,297 കേസുകൾ
Mail This Article
ദുബായ് ∙ വ്യാജ ഉത്പന്നങ്ങൾ, ബൗദ്ധികസ്വത്ത് നിയമ (െഎപി) ലംഘനങ്ങള്‍ എന്നിവ സംബന്ധിച്ച 1,297 റിപ്പോർട്ടുകൾ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ദുബായ് പൊലീസ് ജനറൽ ഡിപാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം റജിസ്റ്റർ ചെയ്തു. 8.79 ബില്യൻ ദിർഹം മൂല്യമുള്ളതാണ് വ്യാജ ഉത്പന്നങ്ങൾ. കേസുകളിൽ 1,339 പ്രതികളുണ്ടെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
ലഹരിമരുന്ന് വ്യാപാരം, സംഘടിത കുറ്റകൃത്യങ്ങൾ എന്നിവയുമായുള്ള ബന്ധം ഉയർത്തിക്കാട്ടി ഐപി കുറ്റകൃത്യങ്ങൾക്കെതിരെ ഈ വർഷമാദ്യം പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. വ്യാജ ഉത്പന്നങ്ങൾ വഴി 43 ബില്യൻ ഡോളറാണ് നിയമലംഘകർ ഉണ്ടാക്കിയത്. ഇത് ലഹരിമരുന്ന് വിൽപന വഴി നേടുന്നതിനേക്കാൾ കൂടുതലാണ്.
∙പ്രശസ്ത രാജ്യാന്തര ബ്രാൻഡുകളുടെ പകർപ്പ്
പുനരുപയോഗ വ്യാജ ഉൽപന്നങ്ങളിൽ സ്ത്രീകളുടെ ബാഗുകൾ, വാച്ചുകൾ, ആക്സസറികൾ, വസ്ത്രങ്ങൾ എന്നിവ ഉൾപ്പെടുന്നു. അവ പ്രശസ്ത രാജ്യാന്തര ബ്രാൻഡുകളുടെ പകർപ്പുകളാണ്.
യുഎഇ ഗ്രീൻ അജണ്ടയുടെ തന്ത്രങ്ങൾക്ക് അനുസൃതമായാണ് പുനരുപയോഗം നടക്കുന്നതെന്നും ഹരിതവും സുരക്ഷിതവുമായ ജീവിതത്തിനും പരിസ്ഥിതിക്കും വേണ്ടി ദുബായ് കസ്റ്റംസും അതിന്റെ പങ്കാളികളും തമ്മിലുള്ള യോജിച്ച പ്രവർത്തനത്തെ ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും അധികൃതർ പറഞ്ഞു.