ADVERTISEMENT

മനാമ ∙ ബഹ്‌റൈനിൽ കാലാകാലങ്ങളായി ഉപയോഗിച്ച പുസ്തകങ്ങളുടെ പുനരുപയോഗം നടത്തുന്ന നിരവധി വിദ്യാർഥികൾ ഉണ്ട്. പ്രത്യേകിച്ച് ബഹ്‌റൈനിലെ ഏറ്റവും വലിയ സ്‌കൂളായ ഇന്ത്യൻ സ്‌കൂളിൽ. ഇത്തരം ഒരു സമ്പ്രദായത്തിന് തുടക്കമിട്ടതാവട്ടെ ഇൻഡക്സ് ബഹ്‌റൈൻ എന്ന രക്ഷിതാക്കളുടെ  കൂട്ടായ്‌മയാണ്‌.

2014 ലാണ് ഇങ്ങനെ ഒരു ആശയത്തിന് അവർ തുടക്കമിട്ടത്. തുടക്കത്തിൽ പരസ്പരം അറിയാവുന്ന രക്ഷിതാക്കൾ അവരുടെ കുട്ടികളുടെ പാഠപുസ്തകങ്ങൾ കൈമാറുകയായിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പല രക്ഷിതാക്കൾക്കും അത് ഒരനുഗ്രമാകുന്നു എന്ന് തിരിച്ചറിഞ്ഞതോടെ ഇവർ ഇൻഡക്സ് എന്ന പേരിൽ ഒരു കൂട്ടായ്മയ്ക്ക് രൂപം കൊടുത്ത് കൊണ്ട് ഒരു ദിവസം ബഹ്‌റൈൻ കേരളീയ സമാജം ഹാളിൽ വിപുലമായ പാഠപുസ്തക കൈമാറ്റ ക്യാംപെയ്ൻ സംഘടിപ്പിക്കുകയായിരുന്നു. ഈ സംരംഭം വൻ വിജയമായതോടെ ഇങ്ങനെ കൈമാറ്റ പുസ്തകങ്ങൾ വാങ്ങാൻ എത്തുന്നവർക്ക് സൗജന്യമായി നോട്ടു ബുക്കുകൾ,സ്‌കൂൾ സ്റ്റേഷനറികൾ മുതൽ സ്‌കൂൾ യൂണിഫോമുകൾ വരെ നൽകാൻ ചില സ്‌ഥാപനങ്ങൾ മുന്നോട്ട് വരികയുണ്ടായി. 

ഓരോ സ്‌കൂളുകൾക്കും പ്രത്യേകം കൗണ്ടറും ഓരോ ക്ലാസുകൾക്കും പ്രത്യേകം ബോക്സുകളും വച്ചാണ് അന്ന് ഈ പരിപാടി നടന്നത്. രക്ഷിതാക്കളുടെ തിരക്കായിരുന്നു അന്ന് അനുഭവപ്പെട്ടത്. പല രക്ഷിതാക്കളും അവരുടെ മക്കൾക്ക് വാങ്ങിയ വില കൂടിയ ഗൈഡുകളും, വിവിധ വർഷങ്ങളിലെചോദ്യപ്പേപ്പറുകൾ അടക്കം ഈ ക്യാംപെയ്നിലൂടെ നൽകാൻ തയ്യാറായി. പിന്നീട് എല്ലാ വർഷവും ഇന്ഡക്സ് ഈ പരിപാടി ഏറ്റെടുത്തു നടത്തുകയായിരുന്നു. കോവിഡ് കാലഘട്ടത്തിൽ പോലും ഓൺലൈൻ വഴി ഈ സംരംഭം മുന്നോട്ട് പോയി. പിന്നീട്ട് ഒറ്റ ദിവസത്തെ ക്യാംപെയ്ന് പകരം അധ്യയന വർഷം  തുടങ്ങുന്നതിന് മുൻപ് തന്നെ ഇന്ത്യൻ ക്ലബ്ബ് പോലെ അറിയപ്പെടുന്ന സ്‌ഥാപനങ്ങൾക്ക്‌ മുന്നിൽ ഉപയോഗിച്ച ടെക്സ്റ്റ് പുസ്തകങ്ങൾ ശേഖരിക്കാനുള്ള പെട്ടികൾ കൊണ്ട് വയ്ക്കുന്ന രീതിയിലായി. ആവശ്യക്കാർക്ക് പുസ്തകം എടുക്കാനുള്ള സംവിധാനവും ഉപയോഗിച്ച പുസ്തകങ്ങൾ നിക്ഷേപിക്കാനുള്ള സൗകര്യവും ചെയ്തുകൊടുത്തു. അതും വലിയ വിജയമായി.

∙ ദുരുപയോഗം അവിടെയും
ഓരോ ക്ലാസിലെയും ഉപയോഗിച്ച പുസ്തകങ്ങൾ ഭംഗിയായി പായ്ക്ക് ചെയ്ത് ഏതു ക്ലാസാണെന്ന് രേഖപ്പെടുത്തി സ്‌ഥാപനങ്ങളിൽ പ്രദർശിപ്പിച്ചിട്ടുള്ള ബോക്സുകളിൽ  നിക്ഷേപിക്കാനാണ് സംഘാടകർ ആവശ്യപ്പെട്ടത്. പക്ഷെ ചിലർ എങ്കിലും ഈ ഉദ്യമത്തെ ദുരുപയോഗം ചെയ്യാൻ തുടങ്ങി. ചിലർ അവരുടെ വീടുകളിൽ ബാക്കിയായ പുസ്തകങ്ങൾ ഒഴിവാക്കാനുള്ള മാർഗമായി ഈ സംരംഭത്തെ ഉപയോഗിച്ചു. വാരികകൾ മുതൽ വലിയ സുവനീറുകൾ വരെ ചിലർ ഇത്തരം പെട്ടികളിൽ നിക്ഷേപിക്കാൻ തുടങ്ങിയതോടെ ആയിരക്കണക്കിന് പുസ്തകങ്ങൾ സൂക്ഷിക്കാൻ ഇടമില്ലാതെ ഭാരവാഹികൾ നട്ടം തിരിഞ്ഞു.ആളുകൾ കൊണ്ടുവന്ന പുസ്തകങ്ങൾ തരം തിരിക്കാനും ആവശ്യക്കാർക്ക് എത്തിക്കാനും തന്നെ പലപ്പോഴും തങ്ങൾക്ക് അവധി  എടുക്കേണ്ട അവസ്‌ഥ പോലും വന്നുപെട്ടതായി ഇൻഡക്സ് ഭാരവാഹികൾ പറഞ്ഞു.

∙ യൂണിഫോമുകൾ നൽകുന്നത് പരസ്യപ്പെടുത്താതെ
പലപ്പോഴും സാമ്പത്തിക ബുദ്ധിമുട്ട് ഉള്ള രക്ഷിതാക്കൾക്ക് മുന്നിലുള്ള ഏറ്റവും വലിയ പ്രശ്നമാണ് സ്‌കൂൾ യൂണിഫോമുകൾ. ഇൻഡക്സ് പാഠപുസ്തക കൈമാറ്റം തുടങ്ങിയതോടെ യൂണിഫോമുകൾ ലഭിക്കുമോ എന്ന അന്വേഷണവുമായി നിരവധി രക്ഷിതാക്കൾ മുന്നോട്ട് വന്നതോടെയാണ് സംഘാടകർ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് സൗജന്യ യൂണിഫോമുകൾ നൽകാനും തീരുമാനിച്ചത്. ഉപയോഗിച്ച യൂണിഫോമുകൾ കൈമാറ്റം ചെയ്യുന്നതിലെയും അവ സ്വീകരിക്കുന്നവർക്കുണ്ടാകുന്ന മാനസിക പ്രയാസവും പരിഗണിച്ച് ചില  സ്‌ഥാപനങ്ങളുമായും നല്ലവരായ ചില സ്പോൺസർമാരുമായും സഹകരിച്ചു കൊണ്ട്  കുറച്ച് പേർക്കെങ്കിലും പുത്തൻ യൂണിഫോമുകൾ തന്നെ നൽകാൻ ഇൻഡക്സ് ഭാരവാഹികൾ തീരുമാനിച്ചു. എന്നാൽ അവ സ്വീകരിക്കുന്ന രക്ഷിതാക്കൾ ആരെന്നു പോലും അറിയരുതെന്ന നിർബന്ധം സംഘാടകർക്ക് ഉള്ളത് കൊണ്ട് തന്നെ സംഘടനയുടെ മുതിർന്ന ഒരംഗത്തിന്‍റെ നമ്പർ പ്രസിദ്ധീകരിച്ച് ആവശ്യമുള്ളവർ ആ നമ്പറിൽ വിളിക്കാൻ ആവശ്യപ്പെടുകയാണ് ചെയ്തത്. ഇൻഡക്സ് ഭാരവാഹികൾ നിർദേശിക്കുന്ന കടകളിൽ ഏതെങ്കിലും ഒന്നിൽ പോയാൽ അവർക്ക് യൂണിഫോം നേരിട്ട് ഷോപ്പുകളിൽ നിന്ന് തന്നെ ലഭ്യമാക്കുന്ന  തരത്തിലുള്ള സംവിധാനമാണ് ഇൻഡക്സ് ഏർപ്പെടുത്തിയിരുന്നത്.

ഇൻഡക്സ് തുടക്കം കുറിച്ച പാഠപുസ്തക പുനരുപയോഗ പരിപാടി പിന്നീട് നിരവധി സംഘടനകൾ മാതൃകയാക്കി എന്നതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്നും ഇൻഡക്‌സ് ഭാരവാഹികൾ പറഞ്ഞു. കടലാസുകൾ ഉണ്ടാക്കുവാൻ മരങ്ങൾ ആവശ്യമാണെന്നും മരങ്ങൾ  നശിപ്പിക്കപ്പെട്ടാൽ നമ്മുടെ പ്രകൃതിയെ ദോഷകരമായി ബാധിക്കും എന്നും ഉപയോഗിച്ച പുസ്തകങ്ങൾ വീണ്ടും ഉപയോഗിക്കുമ്പോൾ നശിപ്പിക്കപ്പെടുന്ന മരങ്ങളുടെ എണ്ണം കുറയും എന്നുമുള്ള സാമൂഹ്യ ബോധം കുട്ടികളിൽ  ഉണർത്തുക എന്ന ലക്‌ഷ്യം കൂടി ഈ ഉദ്യമത്തിന് പിന്നിൽ ഉണ്ടെന്ന്  ഇൻഡക്സ് ഭാരവാഹികൾ പറഞ്ഞു ബഹ്‌റൈനിലെ വിവിധ സംഘടനാ ആസ്ഥാനങ്ങളിൽ  ബോക്സുകൾ വെച്ച് പുസ്തകങ്ങൾ ശേഖരിച്ചിരുന്ന രീതിയിൽ മാറ്റം വരുത്തി ഈ വർഷം  ഗൂഗിൾ ഫോം വഴി  പുസ്തകങ്ങൾ ആവശ്യമുള്ളവരും നൽകുവാൻ താല്പര്യമുള്ളവരും റജിസ്റ്റർ ചെയ്യുകയും  അവരെ പരസ്പരം ബന്ധപ്പെടുത്തി പുസ്തകങ്ങൾ കൈമാറ്റം ചെയ്യുന്ന രീതിയുമാണ് ആവിഷ്കരിച്ചിരിക്കുന്നത്. അതിന് സാധിക്കാത്ത രക്ഷിതാക്കൾക്ക് പുസ്തകങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക്  അവ  എത്തിച്ചു നൽകുവാനും ശ്രമിക്കുന്നതായിരിക്കും എന്ന് ഇൻഡക്സ് ഭാരവാഹികളായ  റഫീക്ക് അബ്ദുള്ള, നവീൻ നമ്പ്യാർ,തിരുപ്പതി, അജി ഭാസി,, അനീഷ് വർഗ്ഗീസ്, എന്നിവർ പറഞ്ഞു .

ഗൂഗിൾ ലിങ്ക് https://forms.gle/vZiVi5qDQSdFt8a68

∙ indexbhn@gmail.com എന്ന ഇമെയിൽ മേൽവിലാസം വഴിയും സംഘടനയെ ബന്ധപ്പെടാവുന്നതാണ്.

English Summary:

Many Students are Ready to Continue their Studies in the Textbooks that are Being Handed Over

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT