അനധികൃത വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സൗദി പൗരനും ഏഷ്യൻ പൗരനും തടവ്

Mail This Article
റിയാദ് ∙ അനധികൃതമായി വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സൗദി പൗരനെയും ഏഷ്യൻ പൗരനെയും റിയാദിലെ ക്രിമിനൽ കോടതി രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചു. കൂടാതെ 500000 റിയാൽ വീതം പിഴയും വിധിച്ചു. ശിക്ഷിക്കപ്പെട്ട പൗരന്റെയും പ്രവാസിയുടെയും അക്കൗണ്ടുകളിൽ നിന്ന് പിടിച്ചെടുത്ത അനധികൃത പണം കണ്ടുകെട്ടാനും കുറ്റകൃത്യത്തിന് ഉപയോഗിച്ച ഉപകരണങ്ങള്‍ കണ്ടുകെട്ടാനും കോടതി വിധിച്ചു. ജയിൽ ശിക്ഷയ്ക്ക് ശേഷം ഏഷ്യൻ പൗരനെ നാടുകടത്തും.
വ്യാജ കാർ സ്പെയർ പാർട്‌സ് സൂക്ഷിക്കുകയും, പ്രശസ്ത ബ്രാൻഡുകളുടെ വ്യാപാരമുദ്രകളുള്ള കവറുകളിൽ ഗുണനിലവാരം കുറഞ്ഞ സ്‌പെയർ പാർട്‌സ് പാക്ക് ചെയ്യുകയും ചെയ്തതിന്റെ തെളിവുകൾ ഉദ്യോഗസ്ഥർ ശേഖരിച്ചു. സൗദി പൗരനെ പ്രലോഭിപ്പിക്കാനും അനധികൃതമായി വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ഏഷ്യൻ സ്വദേശി സുഗന്ധദ്രവ്യങ്ങളും മൊബൈൽ ഫോണും സമ്മാനമായി നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തി.