ADVERTISEMENT

റിയാദ്∙  ഏപ്രിൽ 27 ന് റിയാദ് മുനിസിപ്പാലിറ്റി ഹാംബർഗിനി ഭക്ഷണകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട ഭക്ഷ്യവിഷബാധ കേസുകളുടെ റിപ്പോർട്ട് വന്നതോടെയാണ് ബോട്ടുലിസം വ്യാപനം ശ്രദ്ധയിൽപ്പെട്ടത്. 75 പേർക്ക് ബോട്ടുലിസം ഭക്ഷ്യവിഷബാധയേറ്റതാണെന്നാണ് ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തത് .ഭക്ഷ്യവിഷബാധയെ തുടർന്ന് ഒരാൾക്ക് ജീവൻ നഷ്ടമായിരുന്നു. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ ലബോറട്ടറി പരിശോധനയിൽ ഹാംബർഗിനി ഭക്ഷ്യ ശൃംഖല ഉപയോഗിക്കുന്ന ബോൺ തും മയോണൈസ് ബ്രാൻഡിൽ ക്ലോസ്ട്രിഡിയം ബോട്ടുലിനം കണ്ടെത്തിയതായിട്ടാണ് വിവരം. ഈ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത് ബോൺ തും ഫാക്ടറിയിലാണ്.

ഭക്ഷ്യവിഷബാധയുടെ വ്യാപനം തടയാൻ ആരോഗ്യ മന്ത്രാലയം  സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFDA) ഉൾപ്പെടെയുള്ള മറ്റ് അധികാരികളുമായി സഹകരിച്ച് നടപടികൾ സ്വീകരിച്ചു. ഈ ബ്രാൻഡിലെ മയോണൈസ്  വിതരണം താൽക്കാലികമായി നിർത്തിവയ്ക്കുക, രാജ്യത്തെ എല്ലാ നഗരങ്ങളിലുമുള്ള  മാർക്കറ്റുകളിൽ നിന്നും ഭക്ഷണശാലകളിൽ നിന്നും ഉൽപന്നം പിൻവലിക്കുക, നിയമാനുസൃത നടപടികൾക്കായി ബോൺ തും ഫാക്ടറി പ്രവർത്തനം നിർത്തുക എന്നിവയാണ് സ്വീകരിച്ച പ്രധാന നടപടികൾ. 

ഹാംബർഗിനി ഭക്ഷ്യവിഷബാധയുടെ വ്യാപനം തടയാൻ കടുത്ത നടപടികൾ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫാക്ടറിയിൽ നിന്നുള്ള എല്ലാ ഉൽപന്നങ്ങളും പിൻവലിച്ചു. കാലഹരണപ്പെടുന്ന തീയതി കഴിഞ്ഞവ മാത്രമല്ല, കാലഹരണപ്പെടാത്തവയും ഉൾപ്പെടെ എല്ലാ ബാച്ചുകളിലെയും ഉൽപന്നങ്ങൾ പിൻവലിക്കുന്നുണ്ട്.റസ്റ്ററന്‍റുകൾ, ഭക്ഷണ സ്ഥാപനങ്ങൾ തുടങ്ങി ഫാക്ടറി ഉൽപന്നങ്ങൾ ഉപയോഗിക്കുന്ന എല്ലാവരെയും ഈ പിൻവലിക്കൽ അറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് നൽകുന്ന ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി, സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും മുനിസിപ്പാലിറ്റികളും അധികാരികളും നിരന്തര നിരീക്ഷണം, അന്വേഷണം, പരിശോധന ക്യാംപെയ്നുകൾ എന്നിവ നടത്തും. 

ശരാശരി പ്രവാസിയുടെ ദൈനംദിന ഭക്ഷണത്തിൽ മയോണൈസ് ഒരു പ്രധാന ഘടകമാണ്. ബ്രോസ്റ്റഡ്, നഗറ്റ്സ്, കബാബ്, അൽഫഹം, ബർഗർ, സാൻഡ്‌വിച്ചുകൾ എന്നിങ്ങനെ വറുത്തതും പൊരിച്ചതും പൊള്ളിച്ചതും ചുട്ടതുമായ മാംസാഹാര വിഭവങ്ങൾക്ക് രുചി വർധിപ്പിക്കുന്ന ഒരു ഒഴിവാക്കാനാവാത്ത ഘടകമാണ് ഇത്. കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന ഈ രുചികരമായ വിഭവം നമ്മുടെ ഭക്ഷണത്തിൽ ഒരു പ്രധാന സ്ഥാനം നേടിയിട്ടുണ്ട്. എന്നാൽ, ഈ രുചികരമായ മയോണൈസ് ദോഷകരവുമാകാം എന്ന് നാം ഓർക്കേണ്ടതുണ്ട്. കാലഹരണപ്പെട്ടതോ ചീത്തയായതോ ആയ മയോണൈസ് ഉപയോഗിച്ചാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം.

∙ ബോട്ടുലിസത്തിന്‍റെ ലക്ഷണങ്ങളും അനന്തര ഫലങ്ങളും
സാധാരണയായി ഈ ബാക്ടീരിയ വളരെ വിരളമായി മാത്രമേ രോഗം ഉണ്ടാക്കാറുള്ളൂവെങ്കിലും, അത് ഏറെ ഗുരുതരമായേക്കാം. ഓക്‌സിജൻ ഇല്ലാത്ത അന്തരീക്ഷത്തിൽ വളരുന്ന ഈ ബാക്ടീരിയ ശരിയായി സൂക്ഷിക്കാത്ത ടിന്നിൽ അടച്ചതും വാക്വം പായ്ക്ക് ചെയ്തതുമായ ഭക്ഷണങ്ങളിൽ കാണപ്പെടാറുണ്ട്.  ഇത് ശരീരത്തിൽ  വിഷം ഉൽപ്പാദിപ്പിക്കുകയും നാഡീവ്യവസ്ഥയെ ആക്രമിക്കുകയും ചെയ്യും. ഭക്ഷണം കഴിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ മുഖത്ത് പേശികളുടെ ബലഹീനത, ഇരട്ട കാഴ്ച, സംസാരിക്കാനും വിഴുങ്ങാനുമുള്ള ബുദ്ധിമുട്ട്, ശ്വസനതടസ്സം എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ കാണിക്കാം. ഗുരുതരമായ സന്ദർഭങ്ങളിൽ, ഹൃദയാഘാതവും മരണവും സംഭവിക്കാം.

∙  വേഗം ചികിത്സ തേടണം
ക്ലോസ്ട്രിഡിയം ബോട്ടുലിനം ബാക്ടീരിയ മൂലമുണ്ടാകുന്ന അസുഖം തികച്ചും വ്യത്യസ്തമായ ലക്ഷണങ്ങൾ കാണിക്കുന്നതും വേഗം തിരിച്ചറിയാവുന്നതുമാണ്.  എന്നാൽ ചികിത്സയിലും കൃത്യത പാലിക്കണം. ഈ അസുഖം ബാധിച്ചാൽ ഡോക്ടർമാർ പ്രതിവിഷം (ആന്‍റിടോക്സിൻ) ഉപയോഗിച്ച് വിഷബാധയെ നിർവീര്യമാക്കും.  ആവശ്യമെങ്കിൽ ഐ.വി. ദ്രാവകങ്ങളും വേദനസംഹാരികളും നൽകിയേക്കാം. ഗുരുതരമായ സന്ദർഭങ്ങളിൽ, രോഗം ശ്വസന വ്യവസ്ഥയെ ബാധിക്കുകയും ശ്വാസതടസ്സം ഉണ്ടാക്കുകയും ചെയ്യും. ഇത്തരം സന്ദർഭങ്ങളിൽ, രോഗിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് (ICU) മാറ്റി, ശ്വാസകോശം പ്രവർത്തനനിരതമാക്കുന്നതിനുള്ള മെഷീൻ (മെക്കാനിക്കൽ വെന്‍റിലേഷൻ) ഉപയോഗിച്ച് ചികിത്സിക്കേണ്ടി വന്നേക്കാം.

ശരിയായ ചികിത്സ ലഭിച്ചാൽ, രോഗി മരിക്കാനുള്ള സാധ്യത 7 ശതമാനത്തിൽ താഴെയായിരിക്കുമെന്ന് ആരോഗ്യവിദ്ഗർ പറയുന്നു. അതൊടൊപ്പം പാചകംചെയ്ത് ചൂടോടെയുള്ളതും വേവിച്ചതുമായ ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും നല്ലത്, പാകം ചെയ്യുമ്പോഴുള്ള ചൂടിൽ ബാക്ടീയകൾ നശിക്കുകയും വിഷം ബാധിക്കുകയുമില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. ഭക്ഷണം തയ്യാറാക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും എടുക്കുന്ന മുൻകരുതലുകൾ കാരണം ക്ലോസ്ട്രിഡിയം ബോട്ടുലിനം അണുബാധകൾ ഉണ്ടാകുന്നത് വളരെ അപൂർവമാണ്. അതുകൊണ്ട് തന്നെ  ടിന്നിലടച്ചതോ സംസ്കരിച്ചതോ ആയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഭക്ഷ്യസുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും ജാഗ്രത പാലിക്കേണ്ടതും പ്രധാനമാണ്.

English Summary:

Botulism Poisoning from Mayonnaise in Saudi Arabia: Understanding Botulism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com