ഹജ്ജാൻ' മികച്ച സിനിമ;സൗദി ചലച്ചിത്രമേളയ്ക്ക് കൊടിയറങ്ങി

Mail This Article
റിയാദ് ∙ സൗദി ചലച്ചിത്രമേള അവസാനിച്ചു. 'ഹജ്ജാൻ' മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. ഡോക്യുമെന്ററി വിഭാഗത്തിൽ ‘ഹൊറൈസൻ’ ഒന്നാം സ്ഥാനം നേടി. 'ബ്യൂട്ടിഫുൾ എസ്ക്യൂസ് ഫോർ എ ഡെഡ്ലി സൈൻ’ ഷോർട് ഫിലിം വിഭാഗത്തിൽ ഒന്നാമതെത്തിയപ്പോൾ ’ദ ബർബർഡനഡ്’ ഫ്യൂച്ചർ ഫിലിമിൽ ഒന്നാമതെത്തി.
ഒട്ടകസവാരിക്കാരനായ യുവാവിന്റെ സംഭവ ബഹുലമായ ജീവിതം പറഞ്ഞ ‘ഹജ്ജാനി'ൽ വേഷമിട്ട ഒമർ അലതാവി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഇതേ സിനിമയിൽ നായികയായ തുലിൻ എസ്സാമാണ് മികച്ച നടി. മികച്ച സംഗീതത്തിനുള്ള ഗോൾഡൻ പാം ജൂറി പുരസ്കാരവും ഹജ്ജൻ കരസ്ഥമാക്കി. സൗദി സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ചലച്ചിത്ര കമീഷന്റെ പിന്തുണയോടെയാണ് കിങ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചർ ’ഇത്ര’യിൽ പത്താമത് ചലച്ചിത്രോത്സവം അരങ്ങേറിയത്.

സമാപന ചടങ്ങിൽ ചലച്ചിത്രോത്സവത്തിന്റെ ഡയറക്ടർ അഹമ്മദ് അൽ മുല്ല, ഡപ്യൂട്ടി ഡയറക്ടർ മൺസൂർ അൽ ബദ്ദാൻ, സിനിമാ അസോസിയേഷൻ ഡയറക്ടർ ഹന അൽ ഒശെമഗർ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു. സൗദി സിനിമ ഉയരങ്ങളിലേക്കു കുതിക്കുകയാണന്നും, വിവരണാതീതമായ നേട്ടങ്ങൾ ഇതിനകം കൈവരിച്ചു കഴിഞ്ഞതായും അഹമ്മദ് അൽ മുല്ല തന്റെ അവാർഡ് ദാന പ്രാഭാഷണത്തിൽ പറഞ്ഞു. സിനിമയെ കൂടുതൽ പരിപോഷിപ്പിക്കുന്നത് ലക്ഷ്യമിട്ട് അൽ ഖോബാറിൽ സിനിമാ സെന്റർ ആരംഭിച്ചതായും അദ്ദേഹം വിശദീകരിച്ചു.