മുലദ്ദ ഇന്ത്യൻ സകൂൾ വിദ്യാർഥി പ്രതിനിധികൾ ചുമതലയേറ്റു

Mail This Article
മസ്‌കത്ത്∙ മുലദ്ദ ഇന്ത്യൻ സ്‌കൂളിൽ 2024–2025 അധ്യയന വർഷത്തെ സ്‌കൂൾ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥി പ്രതിനിധികൾ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചുമതലയേറ്റു. സീനിയർ പ്രിൻസിപ്പലും ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളുടെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് എജ്യുക്കേഷനൽ അഡൈ്വസറുമായ വിനോബ എം പി മുഖ്യാതിഥിയും യാക്കൂബ് ബിൻ മുഹമ്മദ് അൽ ബുറൈഖി വിശിഷ്ടാതിഥിയുമായിരുന്നു.
സ്‌കൂൾ മാനേജ്‌മെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് ഡോ. മാത്യു വർഗീസ്, കൺവീനർ എം ടി മുസ്തഫ, ട്രഷറർ ടി എച്ച് അർഷാദ്, പ്രിൻസിപ്പൽ, രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വിദ്യാർഥി പ്രതിനിധികൾ മാർച്ച്'പാസ്റ്റ് നടത്തി വേദിയിലെത്തി. സ്‌കൂൾ ഗായകസംഘം ഒമാൻ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ ദേശീയ ഗാനവും തുടർന്ന് പ്രാർഥനാ ഗാനവും ആലപിച്ചു. കൗൺസിൽ കോർഡിനേറ്റർ പ്രമോദ് ജോയ് വിദ്യാർഥി പ്രതിനിധികളെ സദസിനു പരിചയപ്പെടുത്തി. പ്രിൻസിപ്പൽ ഡോ: ലീന ഫ്രാൻസിസ് വിദ്യാർഥി പ്രതിനിധികൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
സ്‌കൂൾ കൗൺസിലിലേക്കു തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളെ ചടങ്ങിൽ വെച്ച് ബാഡ്ജുകൾ അണിയിച്ചു. നാളത്തെ നല്ല നേതൃത്വ ശേഷിയുളള പൗരൻമാരായി വളരാനുള്ള പരിശീലനം സ്‌കൂളിൽ നിന്ന് ലഭിക്കുന്നു എന്നും വിദ്യാർഥി പ്രതിനിധികൾ സ്വയം ഗുണം ആർജ്ജിച്ച് മറ്റുള്ളവർക്ക് മാതൃകയാവണമെന്നും മഹാത്മാഗാന്ധിയുടെയും ജോർജ് വാഷിങ്‌ടനിന്‍റെയും കഥകൾ സൂചിപ്പിച്ച് കൊണ്ട് മുഖ്യാതിഥി തന്‍റെ പ്രസംഗത്തിലൂടെ വിദ്യാർഥികളെ ഉദ്ബോധിപ്പിച്ചു. മികച്ച വിദ്യാർഥികളാകാനും മറ്റുള്ളവർക്ക് പ്രചോദനമാകാനും സ്‌കൂൾ മാനേജ്‌മെന്‍റ് കിറ്റി പ്രസിഡന്‍റ് വിദ്യാർഥികളോട് ആഹ്വാനം ചെയ്തു. സ്‌കൂൾ ഹെഡ്‌ഗേളായി തിരഞ്ഞെടുക്കപ്പെട്ട സിന്ധു ബിപിൻ കുമാർ മറുപടി പ്രസംഗം നടത്തി. സ്‌കൂൾ ഗായകസംഘം ആലപിച്ച സ്‌കൂൾ ഗാനത്തോടുകൂടി ചടങ്ങുകൾക്ക് സമാപനം കുറിച്ചു.