ചെറുകിട സംരംഭകരുടെ ഉൽപന്നങ്ങൾ ലുലു വഴി വിൽക്കാൻ അവസരം
Mail This Article
ദുബായ് ∙ രാജ്യത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിന് ദുബായ് ഇക്കോണമി ആൻഡ് ടൂറിസവും ലുലു ഗ്രൂപ്പുമായി കരാർ ഒപ്പിട്ടു. ചെറുകിട സംരംഭകരുടെ ഉൽപന്നങ്ങൾ ലുലുവിന്റെ ലോകമെമ്പാടുമുള്ള സൂപ്പർ മാർക്കറ്റ് ശൃംഖല വഴി വിൽപന നടത്താം.
ദുബായ് ചെറുകിട – ഇടത്തരം സംരംഭത്തിൽ അംഗങ്ങളായ കമ്പനികൾക്ക് ലുലു മുൻഗണന നൽകും. അവരുടെ ഉൽപന്നങ്ങൾക്ക് ഹൈപ്പർ മാർക്കറ്റുകളിൽ ഏറ്റവും ശ്രദ്ധ ലഭിക്കുന്ന സ്ഥലങ്ങളിൽ പ്രദർശിപ്പിക്കാം. ലുലുവിന്റെ പ്രചാരണ പരിപാടികളിൽ പ്രാദേശിക ഉൽപന്നങ്ങൾക്കും പ്രചാരണം ഉറപ്പാക്കും. ഇതുവഴി കൂടുതൽ പേരിലേക്ക് ഇവ എത്തിക്കാം. ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ. സലീമും ദുബായ് എസ്എംഇ സിഇഒ അബ്ദുൽ ബാസത്ത് അൽ ജനാഹിയും കരാറിൽ ഒപ്പുവച്ചു. എന്റർപ്രൈസ് ഡവലപ്മെന്റ് വിഭാഗം ഡയറക്ടർ റഫാത് റദ്‌വാൻ വാഹ്ബേ, ലുലു ഡയറക്ടർ ജയിംസ് കെ. വർഗീസ് എന്നിവരും പങ്കെടുത്തു.