പുതിയ സേവനങ്ങൾ കൂടി ഉൾപ്പെടുത്തി അബ്ഷിർ

Mail This Article
റിയാദ് ∙ പുതിയ സേവനങ്ങൾ കൂടി ഉൾപ്പെടുത്തി അബ്ഷിർ സേവനങ്ങൾ പരിഷ്കരിച്ചു. ട്രാഫിക് പിഴകൾ അടക്കാൻ സാവകാശം ആവശ്യപ്പെടുന്നത് അടക്കമുള്ള പത്ത് സേവനങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ‘അബ്ഷിർ’ പ്ലാറ്റ് ഫോം പരിഷ്‌കരിച്ചത്. പുതിയ പരിഷ്കാരങ്ങളുടെ ഉദ്ഘാടനം റിയാദിലെ പൊതുസുരക്ഷ ആസ്ഥാനത്ത് ഡയറക്ടർ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് ബിൻ അബ്‌ദുല്ല അൽ ബസ്സാമി ഉദ്ഘാടനം ചെയ്തു.
സാമ്പത്തിക തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യൽ, ട്രാഫിക് പിഴകൾ അടക്കാനുള്ള സാവകാശം ആവശ്യപ്പെടൽ, കസ്റ്റംസ് കാർഡ് ലഭിക്കൽ, കസ്റ്റംസ് കാർഡ് അവലോകനം ചെയ്യുന്ന സേവനം, ഒരു കമ്പനിയിൽ നിന്ന് ഒരു വ്യക്തിക്ക് വാഹന ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള സേവനം, വ്യക്തിഗത ലേലം, വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മാറ്റൽ, ചെറിയ അപകടങ്ങൾ റജിസ്റ്റർ ചെയ്യൽ, ട്രാഫിക് സേവനങ്ങൾക്കായുള്ള വിപുലമായ പോർട്ടൽ സേവനം തുടങ്ങിയ സേവനങ്ങളാണ് അപ്ഡേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും ഇലക്ട്രോണിക് സേവനങ്ങളും ഡിജിറ്റൽ പരിഹാരങ്ങളും നൽകുന്നതിനും അവരുടെ സമയവും പരിശ്രമവും ലാഭിക്കുകയും നടപടിക്രമങ്ങൾ സുഗമമായും സൗകര്യപ്രദമായും പൂർത്തിയാക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നതിനുമാണ് പുതിയ പരിഷ്കാരങ്ങൾ.
സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി, നാഷനൽ ഇൻഫർമേഷൻ സെന്റർ എന്നിവയുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഇത് ആരംഭിച്ചിരിക്കുന്നത്.