മഞ്ഞപ്പട ഒമാൻ ജൂനിയർ സൂപ്പർ കപ്പ് ടൂർണമെന്‍റ് ഇന്ന്
Mail This Article
മസ്‌കത്ത്∙ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ ഒമാൻ ഘടകം സംഘടിപ്പിക്കുന്ന ജൂനിയർ സൂപ്പർ കപ്പ് അണ്ടർ 17 ടൂർണമെന്‍റ് ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് അൽ ഹെയ്‌ലിലെ ഈഗിൾസ് മൈതാനത്ത് നടക്കും. ഒമാനിലെ പ്രവാസി കൗമാര താരങ്ങളെ കണ്ടെത്തി കായിക ലോകത്ത് മുഖ്യധാരയിൽ എത്തിക്കാൻ മഞ്ഞപ്പട ഒമാൻ നടത്തുന്ന ശ്രമങ്ങളുടെ ആദ്യ ചുവടുവെപ്പായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
മസ്‌കത്തിലെ പ്രധാന പ്രവാസി ടൂർണമെന്‍റുകളോട് കിടപിടിക്കുന്ന രീതിയിൽ സംഘടിപ്പിച്ചിരിക്കുന്ന ടൂർണമെന്‍റിൽ ശക്തരായ 16 ടീനേജ് ടീമുകൾ മാറ്റുരക്കുമെന്ന് പ്രസിഡന്‍റ് സുജേഷ് ചേലോറയും ടൂർണമെന്‍റ് കമ്മിറ്റി കൺവീനർ വൈശാഖും പറഞ്ഞു. വിജയികൾക്ക് ക്യാഷ് പ്രൈസുകളും ട്രോഫികളും വ്യക്തിഗത പുരസ്‌കാരങ്ങളും അടക്കം ഈ കാറ്റഗറിയിൽ ഇതുവരെ സംഘടിപ്പിക്കാത്ത രീതിയിൽ വർണ്ണശബളമായാണ് ടൂർണമെന്‍റ് സംഘടിപ്പിച്ചിരിക്കുന്നത്. ടൂർണമെന്‍റിലേക്ക് എല്ലാ ഫുട്‌ബോൾ പ്രേമികളുടെയും കുടുംബാംഗങ്ങളുടെയും ക്ഷണിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.