ADVERTISEMENT

അജ്മാൻ ∙ മറ്റുള്ളവ പോലെയല്ല; ഒരച്ഛനും മകളും തമ്മിലുള്ള സവിശേഷ ബന്ധത്തിന്റെ ഹൃദയഹാരിയായ കഥയാണിത്. ഈ കഥയിലെ നായകൻ അറിയപ്പെടുന്ന യുവ മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂർ. മകളാണെങ്കിലോ 12 വയസ്സിലേക്കു പ്രവേശിക്കുകയാണെങ്കിലും അതിന്റേതായ ശാരീരിക വളർച്ചയെത്താത്ത, ഗായിക കൂടിയായ ഹന്ന സലീം. ഇരുവരും ഇപ്പോൾ അജ്മാനിലുണ്ട്.  ഇസിഎച്ച് ഡിജിറ്റൽ സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് 10 വർഷത്തെ ഡോൾഡൻ വീസ സലീം സ്വീകരിക്കുന്ന സുന്ദര മുഹൂർത്തത്തിന് സാക്ഷിയാകാനാണ് ഹന്നമോൾ കുടുംബത്തോടൊപ്പം എത്തിയത്. ആയിരത്തിലേറെ പാട്ടുകൾ പാടുകയും ഒട്ടേറെ പാട്ടുകൾ രചിക്കുകയും ചെയ്ത കലാപ്രതിഭ എന്ന നിലയ്ക്കാണ് സലീമിന് യുഎഇയുടെ ആദരം ലഭിച്ചിരിക്കുന്നത്. തന്റെ ജീവന്റെ ജീവനായ പിതാവിന്റെ   സന്തോഷത്തിൽ ഈ മകളും ആമോദം കൊള്ളുന്നു. മകളെ കൂടെയില്ലാതെ സലീമിനെ ഇപ്പോൾ കാണാറില്ല. എപ്പോഴും മകളെ കൂടെ കൂട്ടുന്നത് അവളുടെ ശരീര വൈകല്യം പ്രദർശിപ്പിച്ച് മറ്റുള്ളവരുടെ സഹതാപം മുതലാക്കി പണം സമ്പാദിക്കാനാണെന്ന ആരോപണം പല ഭാഗത്ത് നിന്നും ഉയരുമ്പോൾ മനോരമ ഓൺലൈനുമായി തന്റെ ജീവിതം പങ്കിടുകയാണ് സലീം കോടത്തൂർ.

സലീം കോടത്തൂർ ഇസിഎച് ഡിജിറ്റല്‍ സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് യുഎഇ ഗോൾഡൻ വീസ വാങ്ങിയപ്പോൾ. Image Credit: Special Arrangement
സലീം കോടത്തൂർ ഇസിഎച് ഡിജിറ്റല്‍ സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് യുഎഇ ഗോൾഡൻ വീസ വാങ്ങിയപ്പോൾ. Image Credit: Special Arrangement

∙ ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ആൾക്ക് ഗോൾഡൻ വീസ!
അതാണ് യുഎഇ; വിദ്യാഭ്യാസം കൊണ്ടുമാത്രം ഒരു വ്യക്തിയെ നിർണയിക്കാനാവില്ലെന്ന് ഈ രാജ്യം പ്രഖ്യാപിക്കുന്നു. അല്ലായിരുന്നെങ്കിൽ ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള സലീം കോടത്തൂർ എന്ന മാപ്പിളപ്പാട്ട് ഗായകന്  സവിശേഷ വീസ ലഭിക്കുമായിരുന്നില്ലല്ലോ!. 

മലപ്പുറം – തൃശൂർ ജില്ലകളുടെ അതിർത്തിപ്രദേശമായ കോടത്തൂര്‍ ഗ്രാമത്തിൽ പരേതനായ ഏനു–ഖദീജ ദമ്പതികളുടെ മകനാണ് സലീം. പിതാവ് മൂന്ന് പതിറ്റാണ്ടുകളോളം യുഎഇയിൽ പ്രവാസിയായിരുന്നു. കുടുംബത്തെ പോറ്റാൻ വേണ്ടി പിതാവ് കഠിനമായി അധ്വാനിച്ചു. ഇളയ മകൻ സലീമിനെ ആറാം ക്ലാസ് സ്കൂൾ പഠനത്തിന് ശേഷം മദ്രസയിൽ മതപഠനത്തിനായി ചേർത്തു. അപ്പോഴും പക്ഷേ, സലീമിന്റെ  മനസിൽ സംഗീതമായിരുന്നു. നാട്ടിലെ ഓഡ‍ിയോ കാസറ്റ് കടയിലെ മാപ്പിളപ്പാട്ടുകൾ കേട്ട് പഠിച്ച് വീട്ടിൽ വന്നു പാടും. ‌വീട്ടിൽ റേഡിയോയോ ടേപ്പ് റിക്കോർഡറോ പോയിട്ട് വൈദ്യുതി പോലുമില്ലായിരുന്നു. വളാഞ്ചേരിയിലെ ദര്‍സിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ ദഫ് മുട്ടിൽ കമ്പം തോന്നി, കോടത്തൂരിലെ മദ്രസയില്‍ ദഫ് മുട്ട് പരിശീലകനായിട്ടായിരുന്നു കലാ രംഗത്തേയ്ക്ക് ആദ്യത്തെ പ്രവേശനം. പക്ഷേ, ‌അതുകൊണ്ട് മാത്രം ജീവിതം മുന്നോട്ടുപോകില്ലെന്ന് മനസിലായപ്പോള്‍ മാപ്പിളപ്പാ‌ട്ടിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ തീരുമാനിച്ചു. ആദ്യം പാട്ടുകളെഴുതി. ഗായകൻ അഫ്സലിന് വേണ്ടി കുറ മാപ്പിളപ്പാട്ടുകൾ രചിച്ചിട്ടുണ്ട്. മൂസ എരഞ്ഞോളിയുടെ പാട്ടുകളായിരുന്നു കൂടുതലും കേട്ടിരുന്നതും ആസ്വദിച്ചിരുന്നതും. ഗായകൻ എം.ജി.ശ്രീകുമാറിന്റെ മാപ്പിളപ്പാട്ടും ഇഷ്ടമാണ്. ദര്‍സിലെ പഠനത്തിന് ശേഷം വർക് ഷോപ്പ്, പന്തൽപ്പണി, ഗുജറാത്തിൽ റസ്റ്ററന്റ് ജീവനക്കാരൻ തുടങ്ങി മാങ്ങ പറിക്കാൻ പോലും പോയി.

സലീം കോടത്തൂർ മകൾ ഹന്നയോടൊപ്പം. Image Credit: Special Arrangement
സലീം കോടത്തൂർ മകൾ ഹന്നയോടൊപ്പം. Image Credit: Special Arrangement

∙ ഹന്നമോള്‍ എന്റെ   രാജകുമാരി;ഉപ്പാടെ ഭാഗ്യക്കുട്ടി
സലീം–സുമീറ ദമ്പതികളുടെ മൂന്നാമത്തെ മകളാണ് ഹന്ന. മൂത്ത മകൻ സിനാൻ സലീം മൂന്നാം വർഷ ബിരുദ വിദ്യാർഥി. നന്നായി പാട്ടു പാടും. രണ്ടാമത്തെ മകൾ സന സലീം പ്ലസ് ടു കഴിഞ്ഞ് നഴ്സിങ് പഠിക്കാൻ ഒരുങ്ങുന്നു. ഭാര്യ സുമീറ ഹന്നമോളെ ഗർഭം ധരിച്ചതിന്റെ   ഏഴാം മാസത്തിൽ പരിശോധിച്ച ശേഷം ഡോക്ടർമാർ ആദ്യം പറഞ്ഞത്, കുഞ്ഞിന് മതിയായ ഭാരമില്ല എന്നായിരുന്നു. ഈ കുഞ്ഞ് ജീവനോടെ ജനിക്കില്ലെന്നും വിധിയെഴുതി. ജനിച്ചാലും അധികകാലം ജീവിക്കില്ലെന്നും ജീവിച്ചാലും മറ്റു കുഞ്ഞുങ്ങളെപോലെയായിരിക്കില്ലെന്നും പറഞ്ഞു. ആരോഗ്യമുള്ള കുഞ്ഞിനെ തരണേ റബ്ബേ എന്ന് പ്രാർഥിക്കുന്ന സമയത്ത് തന്നെ പല മികച്ച ഡോക്ടർമാരുടെ അടുത്തും ചികിത്സ നൽകി. ഒടുവിൽ ഒരു കൈപ്പത്തിയിലൊതുക്കാവുന്ന വലിപ്പത്തിലുള്ള കുഞ്ഞ് ജനിച്ചു. അതുകണ്ടപ്പോൾ മാത്രമാണ് കണ്ണുനിറഞ്ഞത്. പക്ഷേ, രണ്ട് വിരലുകൾ ഇല്ലാത്ത കുറവേ അപ്പോഴുണ്ടായിരുന്നുള്ളൂ. കൂടാതെ, മുഖത്തെ ചെറിയ രീതിയിലുള്ള കോടിച്ചയും. കുഞ്ഞിന്റെ ആരോഗ്യത്തിനായി, വളർച്ചയ്ക്കായി കൂടുതലായി എന്തെങ്കിലും ചെയ്യാനാകും എന്ന പ്രതീക്ഷയിലാണ് തൃശൂരുള്ള സ്വകാര്യ ആശുപത്രിയിൽ പിന്നീട് പരിശോധനയ്ക്ക് ചെന്നത്.

ഈ കുഞ്ഞ് നടക്കുകയോ ഇരിക്കുകയോ സംസാരിക്കുകയോ ഇല്ല. പ്രായത്തിന് അനുസരിച്ച് ശാരീരികമായി വളർച്ചയുണ്ടാകില്ല. മുടി വളരുകയില്ല. നട്ടെല്ലിൽ നീർക്കെട്ടുണ്ട്. അതു മാറ്റാൻ ശസ്ത്രക്രിയ ആവശ്യമാണ്. അതു ചെയ്താലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ 20 ശതമാനം സാധ്യത മാത്രമേയുള്ളൂ. മറ്റൊരു പ്രധാനകാര്യം കൂടിയുണ്ട്, എല്ലാവർക്കും ഹൃദയം നെഞ്ചിന്റെ ഇടതു ഭാഗത്താണെങ്കിൽ നിങ്ങളുടെ കുഞ്ഞിന് വലതു ഭാഗത്താണ്. അതുകൊണ്ട് തന്നെ ശ്വാസമെടുക്കാൻ ഏറെ ബുദ്ധിമുട്ടുണ്ടാകും (പിന്നീട് നടത്തിയ പരിശോധനയിൽ ഹൃദയം ഇടതുഭാഗത്ത് തന്നെ എന്നും കണ്ടെത്തി!). ടെസ്റ്റ് റിപോർട്ടുകൾ മുന്നിലേക്കു വച്ച് ഡോക്ടർ ഇതു പറയുമ്പോഴും എല്ലാം സഹിക്കാനുള്ള ശക്തി തരണേ പടച്ചോനെ എന്നായിരുന്നു പ്രാർഥന. അവിടെ വച്ച് മറ്റൊരു തീരുമാനം കൂടി എടുത്തു. എങ്ങനെയാണോ കുഞ്ഞിനെ പടച്ചോൻ എനിക്കു തന്നത് അങ്ങനെ തന്നെ വളർത്തും. ഏതു രൂപത്തിലായാലും ഏത് അവസ്ഥയിലായാലും അവളെന്റെ രാജകുമാരിയായിരിക്കും. പലരും കാണുമ്പോൾ ചോദിക്കുന്നത് തനിക്ക് ഒരു ഭിന്നശേഷിക്കാരിയായ മോളില്ലേ എന്നാണ്.

സലീം കോടത്തൂർ മകൾ ഹന്നയോടൊപ്പം. Image Credit: Special Arrangement
സലീം കോടത്തൂർ മകൾ ഹന്നയോടൊപ്പം. Image Credit: Special Arrangement

ഹന്ന മോൾ ഭിന്നശേഷിക്കാരിയോ മറ്റു കുറവുകളോ ഉള്ള കുട്ടിയല്ല. വെറും 13% ശരീര വൈകല്യം മാത്രമാണ് അവൾക്കുള്ളത്. വളർച്ചയുടെ ഓരോ ഘട്ടത്തിലും ഹന്നമോൾ ഞങ്ങളെ അദ്ഭുതപ്പെടുത്തി. ശാരീരിക വളർച്ചയുടെ പരിമിതികൾ മാറ്റി നിർത്തിയാൽ ബുദ്ധിയും ഓർമശക്തിയും ആവോളമുണ്ട്. സംസാരിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ഞാനെപ്പോഴും അവൾക്ക് പാട്ടു പാടിക്കൊടുക്കും. ഹന്ന നന്നായി പാടുകയും മറ്റുകുട്ടികളോടൊപ്പം നൃത്തംവയ്ക്കുകയും ചെയ്യും. ഇപ്പോൾ എരമംഗലം സിഎംഎം യുപി സ്കൂളില്‍ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഹന്നമോൾക്ക് എന്നെക്കാളും കൂടുതൽ ഐക്യൂ ഉണ്ട്.

സലീം കോടത്തൂരിൻ്റെ കുടുംബം. Image Credit: Special Arrangement
സലീം കോടത്തൂരിൻ്റെ കുടുംബം. Image Credit: Special Arrangement

ഒരുനിമിഷം പോലും മോളെ പിരിഞ്ഞിരിക്കാൻ വയ്യാത്ത അവസ്ഥയാണ്. അതുകൊണ്ട് എവിടെ ചെന്നാലും അവളുടെ അരികിൽ ഓടിയെത്താനാണ് ശ്രമിക്കുന്നത്. രാവിലെ ഏഴിന് സ്കൂളിൽ പോയാൽ വൈകിട്ട് മൂന്നോടെയാണ് മോള് സ്കൂളിൽ നിന്ന് തിരിച്ചെത്തുക. അതുവരെ കാത്തിരിക്കാൻ പറ്റാത്തതിനാൽ പലപ്പോഴും ഉച്ചയോടെ സ്കൂളിൽ ചെന്ന് അവളെ കൂട്ടിക്കൊണ്ടുവരും. ഇതുകണ്ട് അധ്യാപകർ എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. എന്നോടും അതുപോലെ മോൾക്ക് ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ടൊക്കെയാണ് ഗൾഫിൽ പരിപാടിക്ക് പോകുമ്പോഴും ഞാനവളെ കൂടെകൂട്ടുന്നത്. ഹന്നമോളെപോലെ ഭിന്നശേഷിക്കാരായ മകൾ എനിക്കുമുണ്ടെന്ന് ചിലർ എന്നെ കാണുമ്പോൾ പറയാറുണ്ട്. ഹന്നമോൾ ഭിന്നശേഷിക്കാരിയല്ല എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുക കൂടി എന്റെ   ലക്ഷ്യമാണ്. മോളുടെ കാര്യത്തിൽ ഞാൻ വളരെ ഹാപ്പിയാണ്. ആകെ ഒരു ടെൻഷൻ, എന്റെകാലശേഷമുള്ള മോൾ ജീവിക്കുന്നതിനെക്കുറിച്ച് മാത്രം.

സലീം കോടത്തൂർ മകൾ ഹന്നയോടൊപ്പം. Image Credit: Special Arrangement
സലീം കോടത്തൂർ മകൾ ഹന്നയോടൊപ്പം. Image Credit: Special Arrangement

∙ മോളോടുള്ള സഹതാപം മുതലാക്കി സമ്പാദിക്കുന്നു എന്ന ആരോപണം
ഹന്ന മോളെ ഇങ്ങനെ കൊണ്ടുനടന്ന്, അവളുടെ ശരീര വൈകല്യം കാണുമ്പോൾ മറ്റുള്ളവർക്കു തോന്നുന്ന സഹതാപം മുതലാക്കി ഞാൻ പണമുണ്ടാക്കുന്നു എന്ന ആരോപണം ഉയരുന്നുണ്ട്. സത്യം പറഞ്ഞാൽ സ്കൂളില്ലാത്ത ദിവസം മാത്രമാണ് ഞാനവളെ ഉദ്ഘാടനത്തിനും മറ്റും കൊണ്ടുപോകാറുള്ളൂ. ഉദ്ഘാടനത്തിന് അവൾ തന്നെ വേണമെന്ന് ചിലർ നിർബന്ധം പിടിക്കും. അവരോടൊക്കെ ഒരേയൊരു കാര്യമേ ഞാൻ പറയാറുള്ളൂ, കൂടുതൽ സമയം മോളെ ചടങ്ങിൽ ഇരുത്താനാവില്ല എന്ന്.

എല്ലാവർക്കും അവളെ ഭയങ്കര ഇഷ്ടമായത് അവളുടെ പാട്ട് കേട്ട് തന്നെ ആ ചിത്രങ്ങളൊക്കെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുമ്പോൾ അതിനെയും വിമർശിക്കുന്നവരുണ്ട്. അതേസമയം, സമൂഹമാധ്യമത്തിൽ ഒരു നെഗറ്റീവ് കമന്റ് പോലും ഉണ്ടാകാത്തത് ഹന്നമോളുടെ പേജുകൾക്കും യു ട്യൂബ് ചാനലി(Hanna Saleem)നും മാത്രമായിരിക്കും. മോൾ പാട്ടുപാടിയും ഉദ്ഘാടന ചടങ്ങുകൾക്ക് ചെന്നും സമ്പാദിച്ച പണം കൊണ്ട് കോടത്തൂരിൽ 11 സെന്റ് ഭൂമി വാങ്ങിക്കുകയും ചെയ്തു.

സലീം കോടത്തൂരും മകൾ ഹന്നയും ദിലീപിനും നാദിർഷായ്‌ക്കും ഒപ്പം. Image Credit: Special Arrangement
സലീം കോടത്തൂരും മകൾ ഹന്നയും ദിലീപിനും നാദിർഷായ്‌ക്കും ഒപ്പം. Image Credit: Special Arrangement

∙ ഇശലുകൾക്ക് ഇഷ്ഖിന്റെ ഇരട്ടിമധുരം
ഇന്നിപ്പോൾ സലീമിന്റെ  ഇശലുകൾക്ക് ഇഷ്ഖിന്റെ ഇരട്ടിമധുരം പകരാൻ എപ്പോഴും കൂടെ ഹന്ന മോളുണ്ട്. അതിൽപ്പരം സന്തോഷം തനിക്കില്ലെന്നും ഈ ലോകത്തെ ഏറ്റവും ഭാഗ്യവാനായ പിതാവാണ് താനെന്നും ഈ യുവ ഗായകൻ പറയുന്നു. എന്‍റെ ലോകം ഇന്ന് അവൾ മാത്രമായി ചുരുങ്ങി. സംഗീത പരിപാടികളില്ലെങ്കിൽ ഞാന്‍ വേറെയെങ്ങും പോകാറില്ല. വീട്ടിൽ മോളോടൊപ്പം സമയം ചെലവഴിക്കുക മാത്രമേ ചെയ്യാറുള്ളൂ. കേരളത്തിൽ ഇത്രമാത്രം സ്നേഹപരിലാളനകൾ കിട്ടുന്ന ഒരുകുട്ടി ഹന്നമോള്‍ മാത്രമായിരിക്കും. മമ്മുട്ടിയുടെ കൈയിൽ നിന്ന് അവൾകക് പുരസ്കാരം വാങ്ങിക്കാനും ദിലീപിനോടൊപ്പം കുറച്ച് സമയം ചെലവഴിക്കാനും സാധിച്ചത് ഭാഗ്യമായി കരുതുന്നു. നമ്മൾ കുന്നോളം ആഗ്രഹിക്കുക, കുന്നിക്കുരുവോളം പടച്ചോൻ തരുമെന്നാണല്ലോ പറയാറ്. എന്റെ അനുഭവം നേരെ മറിച്ചാണ്–കുന്നിക്കുരുവോളം ആഗ്രഹിച്ചു, കുന്നോളം പടച്ചോന്‍ തന്നു. മക്കളുടെ മികച്ച ഭാവി തന്നെയാണ് എന്റെയും ആഗ്രഹം. ഹന്ന മോൾക്ക് ഉൾപ്പെടെ വൈകാതെ ഗോൾഡൻ വീസ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഫ്ലൈ സിയാന ട്രാവൽസ് ഉടമ അഷ്റഫാണ് തൻ്റെ ഗോൾഡൻ വീസയെടുക്കാനുള്ള പിന്തുണ നൽകിയതെന്നും സലീം പറഞ്ഞു.

സലീം കോടത്തൂർ മകൾ ഹന്നയോടൊപ്പം. Image Credit: Special Arrangement
സലീം കോടത്തൂർ മകൾ ഹന്നയോടൊപ്പം. Image Credit: Special Arrangement

സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും സലീമിന്റെ  പാട്ട് സിനിമയിൽവരെയെത്തി. അടുത്തകാലത്ത് പുറത്തിറങ്ങിയ സുലൈഖ മൻസിലിലെ എത്ര കാലമായി കാത്തിരുന്നു.. എന്ന് തുടങ്ങുന്ന ഗാനം രചിച്ച് സംഗീതം നൽകിയത് സലീമാണ്. കുടുംബത്തിലെ നാല് മക്കളിൽ ഇളയവനാണ് ഞാൻ. ഒരുപാട് ജീവിത പരീക്ഷണങ്ങളിലൂടെ കടന്നുവന്നു. എന്റെ ഉപ്പ എനിക്ക് 2 വയസുള്ളപ്പോൾ യുഎഇയിലെത്തി എന്റെ 14–ാം വയസ്സിലാണ് തിരിച്ചുവന്നത്. ഇത്രയും കാലം അജ്മാനിൽ കഠിനാധ്വാനം ചെയ്തെങ്കിലും കാര്യമായി സമ്പാദിക്കാനാകാതെ ജീവിച്ചുമരിച്ച വ്യക്തിയാണദ്ദേഹം. പ്രയാസങ്ങളെ തരണം ചെയ്യാൻ ചെറുപ്പത്തിലേ ഞാൻ പഠിച്ചു. അതുകൊണ്ടു തന്നെ ആർക്കും തോൽപ്പിക്കാനാകില്ലെന്ന് സലീം ഉറച്ചുവിശ്വസിക്കുന്നു. മറ്റൊരാളാകാൻ ശ്രമിക്കുന്നതാണ് പലരുടെയും പരാജയത്തിന് കാരണം. നമ്മൾ നമ്മളാകാൻ തന്നെ ശ്രമിക്കുക. ഇതോടൊപ്പം യാഥാർഥ്യങ്ങൾ ഉൾക്കൊള്ളാനും പഠിക്കണം. സലീമിന്റെ വാട്സാപ് നമ്പർ: +91 97459 74590.

English Summary:

Saleem Kodathoor and his Daughter Hanna Saleem Life Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com