അര്‍ബുദ രോഗികള്‍ക്ക് ചികിത്സാ പിന്തുണ നല്‍കാന്‍ പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍

Mail This Article
ദോഹ ∙ രാജ്യത്തെ നിര്‍ധനരായ അര്‍ബുദ രോഗികളുടെ ചികിത്സാ ചെലവുകള്‍ക്ക് പിന്തുണ നല്‍കാന്‍ പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുറന്ന് ഖത്തര്‍ ക്യാന്‍സര്‍ സൊസൈറ്റി (ക്യുസിഎസ്). ചികിത്സയ്ക്കായുള്ള അപേക്ഷാ നടപടികള്‍ 'വ ഇയ്യാക്കും' മുഖേന ഇനി വേഗത്തിലാകും. അപേക്ഷ നല്‍കിയാല്‍ അനുമതി പരമാവധി 2 മണിക്കൂറിനുള്ളില്‍.
നിര്‍ധനരായ അര്‍ബുദ രോഗികളുടെ ചികിത്സാ ചെലവുകളില്‍ ആവശ്യമായ പിന്തുണ നല്‍കാന്‍ ലക്ഷ്യമിട്ട് മേഖലയില്‍ ഇതാദ്യമായാണ് ഇത്തരമൊരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍. ചികിത്സാ ചെലവുകളില്‍ സഹായം തേടി അര്‍ബുദ രോഗികള്‍ക്കോ അവരുടെ കുടുംബങ്ങള്‍ക്കോ 'വ ഇയ്യാക്കും' (Wayyakum) ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന അപേക്ഷ നല്‍കാം. രേഖകള്‍ പരിശോധിച്ച ശേഷം കുറഞ്ഞത് 2 മണിക്കൂറിനുള്ളില്‍ അപേക്ഷകള്‍ക്ക് അംഗീകാരം ലഭിക്കുമെന്നും പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ക്യുസിഎസ് ചെയര്‍മാന്‍ ഷെയ്ഖ് ഡോ. ഖാലിദ് ബിന്‍ ജാബര്‍ അല്‍താനി വിശദമാക്കി.
ചികിത്സാ പിന്തുണ തേടുന്നവര്‍ ആവശ്യമായ എല്ലാ വിവരങ്ങളും കൃത്യമായി ഓണ്‍ലൈനില്‍ സമര്‍പ്പിക്കണം. രേഖകള്‍ പരിശോധിച്ച ശേഷം പരമാവധി 2 മണിക്കൂറിനുള്ളില്‍ തീരുമാനം അറിയിക്കും. അപേക്ഷ അംഗീകരിച്ചാല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട ചികിത്സാ കേന്ദ്രങ്ങളിലേക്ക് (ദേശീയ അര്‍ബുദ പരിചരണ ഗവേഷണ കേന്ദ്രം അല്ലെങ്കില്‍ സിദ്ര മെഡിസിന്‍) ഓട്ടമാറ്റിക്കായി അനുമതി കത്ത് ലഭ്യമാക്കുകയും ചെയ്യത്തക്ക വിധമാണ് പോര്‍ട്ടല്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അര്‍ബുദ രോഗികള്‍ക്ക് ലളിതമായ നടപടികളിലൂടെ സമയബന്ധിതവും സമഗ്രവുമായ ചികിത്സാ പിന്തുണയാണ് പോര്‍ട്ടലിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തുടനീളമായുള്ള സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളിലെ പങ്കാളികളുമായുള്ള സാമ്പത്തിക സഹായങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള റഗുലേറ്ററി അതോറിറ്റിയായ സനാഡിയുമായി ബന്ധപ്പെടുത്തിയാണ് പോര്‍ട്ടല്‍.
രോഗികളുടെ ചികിത്സാ ആവശ്യങ്ങളനുസരിച്ചാണ് തുക അനുവദിക്കുന്നത്. ഒരു രോഗിക്ക് ഏകദേശം 50,000 റിയാല്‍ ആണ് പ്രാരംഭ ഘട്ടത്തില്‍ അനുവദിക്കുന്നതെങ്കിലും ചിലര്‍ക്ക് 2-3 വര്‍ഷത്തേക്ക് ചികിത്സ ആവശ്യമായി വരുന്നുണ്ട്. 2013 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തില്‍ ഏതാണ്ട് 9,362 രോഗികളുടെ ചികിത്സയ്ക്കുള്ള തുകയാണ് ക്യുസിഎസ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 1,200 രോഗികള്‍ക്കാണ് ക്യുസിഎസ് ചികിത്സാ പിന്തുണ നല്‍കിയത്. ഖത്തറിലെ മലയാളി സമൂഹത്തിലേത് ഉള്‍പ്പെടെ അര്‍ബുദത്തിന്റെ ദുരിതമനുഭവിക്കുന്ന നിര്‍ധനരായ നിരവധി രോഗികള്‍ക്ക് ക്യുസിഎസിന്റെ സഹായം ലഭിക്കുന്നുണ്ട്.