പാം സർഗ സംഗമവും പുരസ്‌കാര സമർപ്പണവും നടത്തി

Mail This Article
അജ്‌മാൻ ∙ പാം പുസ്തകപ്പുരയുടെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് സർഗസംഗമവും അക്ഷര മുദ്ര അക്ഷര തൂലിക പുരസ്‌കാര സമർപ്പണവും നടത്തി. കവയിത്രിയും ഗാനരചയിതാവുമായ ഷീല പോൾ രാമെച്ചയ്ക്കാണ് 2023 ലെ പാം അക്ഷര മുദ്ര പുരസ്‌കാരം.
മികച്ച കഥകൾക്കുള്ള അക്ഷര തൂലിക പുരസ്കാരങ്ങൾ റസീന ഹൈദർ (അൽ ലാജിഊൻ), ജഹാംഗീർ ഇളയേടത്ത് (യാന്ത്രികം), മനോജ് കൊടിയത്ത് (പതക്കറ്റ) എന്നിവർക്കും കവിതകൾക്കുള്ള അക്ഷര തൂലിക പുരസ്‌കാരം ഉഷാ ഷിനോജ് (പരിണാമം), എം. ഒ. രഘുനാഥ് (പേരു മാറ്റത്തിന്റെ ദേശ ഭാഷാ പര്യായങ്ങൾ), രമ്യ ജ്യോതിസ് (ചിരി മറയുന്ന സായന്തനം) എന്നിവർക്കും സമ്മാനിച്ചു. സർഗ സംഗമവും അവാർഡ് വിതരണവും ക മ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി സീനിയർ എക്സിക്യൂട്ടീവ് അഹ്‌മദ് അൽ സഅദി ഉദ്ഘാടനം ചെയ്തു. നാദ് അൽ എമിറേറ് വൊളന്ററിങ് ഗ്രൂപ്പിന്റെ ചെയർമാൻ ഖാലിദ് അൽ ബലൂഷി വിതരണം ചെയ്തു. സലീം അയ്യനത്ത് അധ്യക്ഷത വഹിച്ചു. ഗഫൂർ പട്ടാമ്പി കഥകളും രാഗേഷ് വെങ്കിലാട്ട് കവിതകളും അവലോകനവും ചെയ്തു. വിജു സി. പരവൂർ പ്രസംഗിച്ചു.
യുവ തലമുറയും സോഷ്യൽ മീഡിയയും എന്ന വിഷയത്തിൽ നടന്ന ചർച്ച മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ. എം. അബ്ബാസ് ഉദ്ഘാടനം ചെയ്തു. ദീപ ചിറയിൽ മോഡറേറ്ററായിരുന്നു. മുരളി മംഗലത്ത് വിഷയാവതരണം നടത്തി. ജോയ് ഡാനിയേൽ, പുന്നക്കൻ മുഹമ്മദ് അലി, പി. ശിവപ്രസാദ്, എം. എ. ഷഹനാസ്, അജിത് വല്ലോളി, സിറാജ് നായർ, പ്രവീൺ പാലക്കീൽ, ആർതർ വില്യം, അവനീന്ദ്ര ഷിനോജ്, ഏഞ്ചൽ അന്ന സിബി, റാഫി അയ്യനത്ത് എന്നിവർ പ്രസംഗിച്ചു.