സ്റ്റൈറഫോം നിരോധനം: പരിശോധന കടുപ്പിച്ചു

Mail This Article
അബുദാബി ∙ ഒറ്റത്തവണ ഉപയോഗത്തിനുള്ള സ്റ്റൈറഫോം ഉൽപന്നങ്ങൾ വിപണിയിലില്ലെന്ന് ഉറപ്പാക്കാനുള്ള പരിശോധന അബുദാബി പരിസ്ഥിതി ഏജൻസി ഊർജിതമാക്കി. ഈ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് ശനിയാഴ്ച മുതൽ നിരോധിച്ചിരുന്നു. പോളിസ്റ്റൈറീൻ എന്നറിയപ്പെടുന്ന കനംകുറഞ്ഞ പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമിക്കുന്ന സ്റ്റൈറഫോം ഗ്ലാസ്, കപ്പ്, പ്ലേറ്റ്, അടപ്പ് (മൂടി), പാത്രം തുടങ്ങിയവയ്ക്കാണ് നിരോധനം.
സ്റ്റൈറഫോം മൈക്രോപ്ലാസ്റ്റിക്കായി എളുപ്പത്തിൽ വിഘടിക്കുന്നതിനാൽ അത് ഭക്ഷണത്തോടൊപ്പം ശരീരത്തിലേക്കു പ്രവേശിക്കാൻ സാധ്യതയുണ്ട്. ഇത് ആരോഗ്യത്തിന് ഹാനികരമാകുകയും ജൈവവൈവിധ്യത്തെ വരെ ബാധിക്കുകയും ചെയ്യുന്നതിനാലാണ് നിരോധനം. സ്റ്റൈറഫോം ഉപയോഗിച്ചുള്ള ഫുഡ് കണ്ടെയ്നറിൽ വെള്ളമോ ഭക്ഷണമോ തിളപ്പിക്കുകയോ ചൂടാക്കുകയോ ചെയ്യുന്നതും അപകടകരമാണെന്ന് അധികൃതർ ഓർമിപ്പിച്ചു.
ഇളവുള്ളവ
പുനരുപയോഗ സ്റ്റോറേജ് ബോക്സ്, കൂളർ, മെഡിക്കൽ ആവശ്യത്തിനുള്ള ഉൽപന്നങ്ങൾ. മാംസം, പഴങ്ങൾ, റെഡിമെയ്ഡ് പാൽ ഉൽപന്നങ്ങൾ, ചില്ലറ വിൽപനയ്ക്കുള്ള മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന ട്രേകൾ എന്നിങ്ങനെ ഒന്നിലേറെ തവണ ഉപയോഗിക്കാവുന്നവയെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.