ADVERTISEMENT

 ചെറു പ്രായത്തില്‍ കൈവിട്ടുപോയ ജീവിതത്തിന്‍റെ സ്റ്റീയറിങ് തിരിച്ചുപിടിക്കാനുളള യാത്രയിലാണ് കെഎസ്ആർടിസി ബസുകളോട് ബർക്കത്ത് നിഷയ്ക്ക് ഇഷ്ടം തോന്നുന്നത്.എപ്പോഴെങ്കിലും ആനവണ്ടിയുടെ വളയം പിടിക്കണം. അതായിരുന്നു വലിയ ആഗ്രഹം. ഇന്ന് ആ ആഗ്രഹം സഫലയമായതിന്‍റെ സന്തോഷത്തിലാണ് സർക്കാർ വകുപ്പുകളില്‍ വനിതകള്‍ക്ക് ഡ്രൈവർ ജോലിക്കായി പിഎസ് സി വഴി അപേക്ഷിക്കാന്‍ വഴിയൊരുക്കിയ ബർക്കത്ത് നിഷ

∙ ജീവിത പ്രാരാബ്ധം പ്രവാസിയാക്കി
ദുബായില്‍ മിഡ് ഏഷ്യ ബള്‍ക്ക് പെട്രോളിയം കമ്പനിയിലാണ് ട്രക്ക് ഡ്രൈവറായി നിഷ ജോലി ചെയ്യുന്നത്. ഇപ്പോള്‍ പാലക്കാട് കൂറ്റനാടാണുളളത്. അവധി കഴിഞ്ഞ് ജൂലൈയില്‍ വീണ്ടും പ്രവാസി കുപ്പായമണിയും. ബങ്കറിങ്ങാണ് ജോലി. കപ്പലുകളിലേക്ക്  ഇന്ധനം നിറയ്ക്കുന്ന 60,000 ലിറ്റർ കപ്പാസിറ്റിയുളള 18 ചക്രങ്ങളുളള ട്രെക്കാണ് ഓടിക്കുന്നത്. പിഎസ്​സി പരീക്ഷകള്‍ എഴുതിയിട്ടുണ്ട്. ജോലി കിട്ടിയാല്‍ പ്രവാസം അവസാനിപ്പിക്കും. മകള്‍ക്കും ഉമ്മയ്ക്കുമൊപ്പം നാട്ടില്‍ നില്‍ക്കണമെന്നതാണ് സ്വപ്നം. 

ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

പിഎസ്​സി വഴി വനിതകള്‍ക്ക് ഡ്രൈവർ ജോലിക്ക് അപേക്ഷിക്കാന്‍ കഴിയില്ലെന്നുളള തിരിച്ചറിഞ്ഞപ്പോഴാണ് 2022 ല്‍ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചത്. . 2023 ൽ പൊലീസ് സേനയിലെ ഡ്രൈവർ തസ്തികയിലേക്ക് വനിതകളെ ഉള്‍പ്പെടുത്തി സർക്കാർ ഉത്തരവിറങ്ങി. 2024 ഏപ്രിലില്‍ പി​എസ്​സി പരീക്ഷയും നടന്നു. പരീക്ഷ എളുപ്പമായിരുന്നില്ല, ജോലി കിട്ടുമോയെന്ന് അറിയില്ല,അതുകൊണ്ട് തല്‍ക്കാലം പ്രവാസിയായിത്തന്നെ തുടരാനാണ് നിഷയുടെ തീരുമാനം. 

ചേതന റാസല്‍ഖൈമ വനിതാ വേദിയുടെ വുമണ്‍ ഓഫ് ദ ഇയ‍ർ പുരസ്കാരം സ്വീകരിക്കുന്നു
ചേതന റാസല്‍ഖൈമ വനിതാ വേദിയുടെ വുമണ്‍ ഓഫ് ദ ഇയ‍ർ പുരസ്കാരം സ്വീകരിക്കുന്നു

∙ നിമിത്തമായത് ചേതനയുടെ പുരസ്കാരവേദി
ഇക്കഴിഞ്ഞ ഏപ്രിലില്‍ കേരളാ പൊലീസ് സേനയിലെ ഡ്രൈവർ തസ്തികയിലേക്കുളള പിഎസ് സി  പരീക്ഷയെഴുതി യുഎഇയിലേക്ക് തിരികെയെത്തി. റാസല്‍ ഖൈമയില്‍ പ്രവർത്തിക്കുന്ന ചേതന സാംസ്കാരിക വേദിയുടെ 2023 ലെ വനിതാ പുരസ്കാരം ഏറ്റുവാങ്ങുന്ന വേദിയില്‍ വച്ചാണ് കേരള നോളജ് എക്കണോമി മിഷന്‍ ഡയറക്ടറും എഴുത്തുകാരിയുമായ പി എസ് ശ്രീകലയെ  പരിചയപ്പെടുന്നത്. സംസാരത്തിനിടയില്‍ തന്‍റെ വലിയ ആഗ്രഹം പങ്കുവച്ചു. ഡ്രൈവറാകാന്‍ പ്രചോചദനമായ ആനവണ്ടിയുടെ വളയം പിടിക്കണമെന്നതാണ് ആഗ്രഹമെങ്കിലും അതത്ര എളുപ്പമല്ലെന്ന് നിഷയ്ക്കറിയാം. കെഎസ്ആർടിസി ഡ്രൈവിങ് സീറ്റിലിരുന്നൊരു ഫോട്ടോയെടുക്കാന്‍ അനുവദിക്കണെന്ന് കാണിച്ച് മന്ത്രി കെബി ഗണേഷ് കുമാറിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നുളള കാര്യം പി എസ് ശ്രീകലയുമായി പങ്കുവച്ചു. നമുക്ക് നോക്കാമെന്ന ഉറപ്പില്‍ കാത്തിരുന്നു. മനോരമ ഓണ്‍ലൈനില്‍ ബർക്കത്ത് നിഷയുടെ ജീവിതപോരാട്ടത്തിന്‍റേയും ഒപ്പം ആഗ്രഹത്തിനെയും കുറിച്ച് വന്ന വാർത്തയും ശ്രദ്ധിക്കപ്പെട്ടു.  

ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

∙ മനമറിഞ്ഞ സന്ദേശം
ത‍ൃശൂർ ഡിപ്പോയിലെത്തി ഫോട്ടോയെടുത്തോളൂവെന്ന ഗതാഗതമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അനില്‍ കുമാറിന്‍റെ  സന്ദേശം നിഷയെത്തേടിയെത്തി. ആഗ്രഹത്തിനൊപ്പം നിന്ന ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന് ഹൃദയം നിറഞ്ഞ് നന്ദി അറിയിക്കുകയാണ് നിഷ.  ജൂണ്‍ മൂന്നാം തീയതി തൃശൂർ ഡിപ്പോയിലെത്തി.അവിടെയുണ്ടായിരുന്ന  എടിഒ ഉബൈദ്, എൻജിനീയർ സജ്ഞയ്, ഇന്‍സ്പെക്ടർ രാജ്മോഹന്‍   തുടങ്ങിയവർ പൂർണ പിന്തുണനല്‍കി. കെഎസ്ആർടിസിയുടെ ഡ്രൈവർ സീറ്റിലിരുന്ന് ആഗ്രഹം സഫലീകരിച്ചു. ഇഷ്ടം പോലെ ഫോട്ടോയുമെടുത്തു. 

∙പ്രണയവിവാഹം ഒടുവില്‍ വിവാഹമോചനം
18 –ാം വയസ്സിലായിരുന്നു നിഷയുടെ വിവാഹം. 19 –ാം വയസ്സില്‍ തിരികെ വീട്ടിലേക്ക് എത്തുമ്പോള്‍ മകളും കൂടെയുണ്ടായിരുന്നു. സഹോദരങ്ങള്‍ക്ക് ഭാരമാകരുതെന്ന തിരിച്ചറിവില്‍ സ്വന്തമായി ജോലി ചെയ്യാന്‍ തീരുമാനിച്ചു. തുച്ഛമായ വരുമാനത്തില്‍ ചെലവുകള്‍ കഴിച്ചു. കുടുംബശ്രീ കൂട്ടായ്മയില്‍നിന്നുളള പിന്തുണയും പ്രോത്സാഹനവും പിഎസ് സി പരീക്ഷയെഴുതാന്‍ പ്രചോദനമായി. ജോലിക്കാലത്തെ കെഎസ്ആർടിസിയിലെ യാത്രകള്‍ ഡ്രൈവറാകണമെന്ന ആഗ്രഹത്തിന് വിത്തുപാകി. എതിർപ്പുകളെ അവഗണിച്ച് ഡ്രൈവിങ് ലൈസന്‍സ് നേടാന്‍ പരിശ്രമമാരംഭിച്ചു.  ആദ്യം ടൂവീലറും, പിന്നെ ഫോർ വീലറും അതും കഴി‍ഞ്ഞു ഹെവി ലൈസന്‍സുമെടുത്തു. കൂടെ ഹസാർഡ് ലൈസന്‍സും. അന്ന് ഹസാർഡ് ലൈസന്‍സ് സ്വന്തമാക്കുന്ന രണ്ടാമത്തെ വനിതയെന്ന നേട്ടവും സ്വന്തമാക്കി.  

കെഎസ്ആർടിസി ബസിന്‍റെ ഡ്രൈവിങ് സീറ്റിലിരിക്കണമെന്ന ആഗ്രഹം കേള്‍ക്കുന്നവർക്ക് ചെറുതായിരിക്കാം.ജീവിതത്തിന്‍റെ കയ്പുനിറഞ്ഞ പ്രതിസന്ധിക്കാലത്തെ യാത്രകളില്‍ ഊർജ്ജം പകർന്ന, സ്വപ്നം കാണാന്‍ പ്രേരിപ്പിച്ച, കെ എസ് ആർ ടി സി ബസും ഡ്രൈവിങും ബർക്കത്ത് നിഷയ്ക്ക് പക്ഷെ അങ്ങനെയല്ല, മുന്നോട്ടുളള യാത്രയില്‍ ആ വളയം പിടിക്കണമെന്ന ആഗ്രഹമായിരിക്കാം അവളെ മുന്നോട്ടു നയിക്കുന്നത്. അല്ലെങ്കിലും  പെണ്‍കരുത്തിന് മുന്നില്‍ അസാധ്യമെന്നൊരു വാക്കില്ലല്ലോ.

English Summary:

Photo of Barkat Nisha, beaming in the driver's seat of a KSRTC bus, her dream of driving finally realize

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com