കാലാവസ്ഥ നിർദേശങ്ങളുമായി ഡോക്ടർമാർ; ചൂടിൽ വാടേണ്ട, കരുതൽ മതി
Mail This Article
അബുദാബി ∙ പൊള്ളുന്ന ചൂടിൽ ആരോഗ്യസുരക്ഷാ മുൻകരുതൽ ഊർജിതമാക്കണമെന്ന് ഡോക്ടർമാർ. തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും വിനോദത്തിനായി പുറത്തു പോകുന്നവരും വാഹനം ഓടിക്കുന്നവരുമെല്ലാം അതീവ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്.
കടുത്ത ചൂടേൽക്കുന്നത് സൂര്യാഘാതം, നിർജലീകരണം തുടങ്ങിയവയ്ക്ക് കാരണമാകാം. ഇത് തലച്ചോർ, ഹൃദയം, വൃക്ക തുടങ്ങി ആന്തരിക അവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കും. ശരീരത്തിൽ ഉപ്പിന്റെയും ജലത്തിന്റെയും അളവ് കുറയുന്നതും അപകടകരമാണ്. അതിനാൽ കഠിന ചൂടുള്ള സമയങ്ങളിൽ ബീച്ചിലും പാർക്കിലും പോകുന്നത് ഒഴിവാക്കണം. പുറത്തുപോകേണ്ടി വന്നാൽ കുട ഉപയോഗിക്കുകയും കൂളിങ് ഗ്ലാസ് ധരിക്കുകയും വേണം.
കൂടുതൽ കരുതൽ വേണ്ടവർ
ഗർഭിണികൾ, 10 വയസ്സിനു താഴെയുള്ള കുട്ടികൾ, 60 വയസ്സിനു മുകളിലുള്ളവർ, ഭിന്നശേഷിക്കാർ എന്നിവർ കൊടുംചൂടിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കാം. ശരീരത്തിലെ ചൂട് 42 ഡിഗ്രിക്കു മുകളിൽ പോകുന്നത് കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. മരണം വരെ സംഭവിക്കാം.
കോട്ടൻ ധരിക്കാം
ചൂട് കാലത്ത് ഇറുകിയതും കടുത്ത നിറത്തിലുള്ളതുമായ വസ്ത്രങ്ങൾ ഒഴിവാക്കണം. ചൂട് കൂടുതലായി ആഗിരണം ചെയ്യാത്ത ഇളം നിറത്തിലുള്ള അയഞ്ഞ പരുത്തി വസ്ത്രമാണ് ഉത്തമം. വിയർപ്പുള്ള വസ്ത്രം മാറ്റി കഴുകി ഉണക്കി ഇസ്തിരിയിട്ട ശേഷമേ ഉപയോഗിക്കാവൂ. 2 നേരം കുളിക്കുന്നത് ശരീരത്തിലെ താപനില ക്രമീകരിക്കാൻ നല്ലതാണ്.
കഴിക്കാം, പഴങ്ങൾ പച്ചക്കറികൾ
ഭക്ഷണത്തിൽ പഴം, പച്ചക്കറി, ധാന്യങ്ങൾ എന്നിവ ധാരാളമായി ഉൾപ്പെടുത്തണം. ഓരോ വ്യക്തിയുടെ ഉയരവും ഭാരവും വ്യായാമവും ജീവിത ശൈലി രോഗങ്ങളുമെല്ലാം കണക്കിലെടുത്താണ് ഭക്ഷണം ഒരുക്കേണ്ടത്. ജലാംശം കൂടുതലുള്ള വെള്ളരിക്ക, തണ്ണിമത്തൻ തുടങ്ങിയവ തിരഞ്ഞെടുക്കാം.
ഭക്ഷ്യവിഷബാധ ഒഴിവാക്കാൻ
പാകം ചെയ്ത ഭക്ഷണം ചൂടുകാലത്ത് പെട്ടെന്ന് കേടാകും. 2 മണിക്കൂറിൽ കൂടുതൽ പുറത്തുവച്ച ഭക്ഷണം കഴിച്ചാൽ ഭക്ഷ്യ വിഷബാധയുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ഫ്രിജിൽ സൂക്ഷിക്കുന്നതാണ് നല്ലത്. പുറത്തുനിന്ന് വാങ്ങിയ ഭക്ഷണവും 2 മണിക്കൂറിനകം കഴിച്ചിരിക്കണം. കൃത്രിമ മധുരപാനീയങ്ങൾ ഒഴിവാക്കണം. പൊതുപരിപാടികൾ വൈകുന്നേരങ്ങളിലേക്കു മാറ്റാം.
കുടിക്കാം ശുദ്ധജലം
ദിവസേന കുറഞ്ഞത് രണ്ടര ലീറ്റർ വെള്ളം കുടിക്കണം. ഓരോ 25 കിലോ ഭാരത്തിനും ഒരു ലീറ്റർ എന്നതാണ് കണക്ക്. മൂത്രത്തിന്റെ നിറം മാറിയത് കുടിക്കുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞു എന്നതിന്റെ സൂചനയാണ്. അതിനാൽ ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം. ക്ഷീണമുണ്ടെങ്കിൽ ഒആർഎസ് ലായനി കുടിക്കാം. ഒരു ലീറ്റർ വെള്ളത്തിൽ ഒരു ഒആർഎസ് കലക്കി ഇടയ്ക്കിടെ കുടിക്കാം. അല്ലെങ്കിൽ ഉപ്പിട്ട് സംഭാരമോ മോരോ ആകാം.
10 മുതൽ 4 വരെ സൂക്ഷിക്കണം
നിർജലീകരണം, സൂര്യാഘാതം തുടങ്ങി കടുത്ത ആരോഗ്യപ്രശ്നത്തിന് കാരണമാകുന്നതിനാൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെയുള്ള സമയങ്ങളിൽ പാർക്ക്, ബീച്ച്, മരുഭൂമി തുടങ്ങി തുറസ്സായ സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കണം. ജോലി ചെയ്യുന്നവരാണെങ്കിൽ തണലുള്ള സ്ഥലങ്ങളിലായിരിക്കാൻ ശ്രമിക്കുക. ബൈക്ക് യാത്രക്കാർ ചൂടേൽക്കാത്ത വസ്ത്രം ധരിക്കണം. യാത്രയ്ക്കിടെ വെള്ളം കുടിക്കാൻ മറക്കരുത്. വിശ്രമിക്കാനും സമയം കണ്ടെത്തണം. കൃത്യമായ വ്യായാമവും ഉറക്കവും വേണം. പുകവലി ഒഴിവാക്കാം. ചൂടുകാലത്ത് നിർത്തിയിട്ട വാഹനത്തിൽ കുട്ടികളെയും പ്രായമായവരെയും വളർത്തുമൃഗങ്ങളെയും ഇരുത്തി പോകരുത്.
അധ്യാപകർ അറിയാൻ
ചൂടുകാലത്ത് അസംബ്ലി ഉൾപ്പെടെ പുറത്തുവച്ച് നടത്തുന്ന പാഠ്യ, പാഠ്യേതര പരിപാടികളെല്ലാം നിർത്തിവയ്ക്കണം. വിദ്യാർഥികൾ വെള്ളം കുടിക്കുന്നുണ്ടെന്ന് അധ്യാപകരും ഉറപ്പാക്കണം. ക്ലാസ് കഴിഞ്ഞാൽ വെയിലത്ത് കൂടുതൽ സമയം കുട്ടികളെ നിർത്തരുത്.
സൂര്യാതപമുണ്ടായാൽ
∙ വ്യക്തിയെ തണുത്ത, വായുസഞ്ചാരമുള്ള പ്രദേശത്ത് എത്തിക്കുക.
∙ ഇറുകിയ വസ്ത്രം അഴിച്ചുമാറ്റി തണുത്ത വെള്ളത്തിൽ കുളിപ്പിക്കുക.
∙ തല ഉയർത്തിപ്പിടിച്ച ശേഷം വെള്ളം കുടിപ്പിക്കുക
∙ അബോധാവസ്ഥയിലാണെങ്കിൽ ശ്വാസം എടുക്കുന്നുണ്ടെന്ന് ഉറപ്പാക്കുക
∙ കക്ഷത്തിലും നാഭിയിലും കഴുത്തിലും ഐസ് പായ്ക്ക് വച്ച് ശരീരോഷ്മാവ് കുറയ്ക്കുക
∙ 999 നമ്പറിൽ വിളിച്ച് രോഗിയുടെ അവസ്ഥയും എത്തേണ്ട വിലാസവും വ്യക്തമായി വിവരിക്കുക.
∙ എത്രയും വേഗം അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുക.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. ഡാനിഷ് സലീം, സീനിയർ സ്പെഷലിസ്റ്റ് (എമർജൻസി മെഡിസിൻ), കോർ ഫാക്കൽറ്റി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി, അസോഷ്യേറ്റ് പ്രഫസർ ഖലീഫ യൂണിവേഴ്സിറ്റി