ADVERTISEMENT

ജിദ്ദ∙ സൗദിയിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് അറഫാ ദിനം ഈ മാസം 15 ന് ശനിയാഴ്ച്ചയും ബലിപെരുന്നാൾ(ഈദുൽ അദ് ഹ) 16 ന് ഞായറാഴ്ച‌യും ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ 16ന് ആഘോഷിക്കും. ഒമാനില്‍ മാസപ്പിറവി കാണാത്തതിനാൽ ബലി പെരുന്നാൾ ഈ മാസം 17നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.  അറഫ ദിനം പ്രഖ്യാപിച്ചുള്ള സൗദി സുപ്രീം കോടതിയുടെ ഔദ്യോഗിക അറിയിപ്പ് ഉടൻ പുറത്തുവരും. 

സൗദിയിലെ  ഹരീഖിൽ ആണ് ദുൽഹജ് മാസപ്പിറ ദൃശ്യമായത്. ഇതോടെ ഹജ് തീർഥാടനത്തിനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലേയ്ക്ക് തീർത്ഥാടകരും അധികൃതരും കടന്നു.  ദുൽഹജ് ഏഴിന് വൈകീട്ടോടെ തന്നെ ഹാജിമാർ മക്കയിൽ നിന്ന്  മിനായിലേക്ക് നീങ്ങിത്തുടങ്ങും. ദുൽഹജ് 13 ന് ചടങ്ങുകൾ അവസാനിക്കും. ദുൽഹജ് മാസപ്പിറവി ദർശിക്കാനും വിവരം നൽകാനും രാജ്യത്തെ മുഴുവൻ ആളുകളോടും  സുപ്രീം കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. 

സൗദി അറേബ്യയിൽ സാധാരണ മാസപ്പിറവി കാണാറുള്ള റിയാദിലെ ഹോത്താസുദൈര്‍, തുമൈര്‍ എന്നിവിടങ്ങളില്‍ പ്രതികൂല കാലാവസ്ഥ കാരണം മാസപ്പിറവി ദൃശ്യമായിരുന്നില്ല. ഏറ്റവും ഒടുവിലാണ് ഹരീഖിൽ മാസപ്പിറവി ദൃശ്യമായതായി അറിയിപ്പ് വന്നത്. ഇന്ന്  മാസപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. നാളെ(വെള്ളി) ദുൽഹജ് മാസം ആരംഭിക്കും. ദുൽഹജ് ഒൻപതിനാണ് അറഫാ ദിനം. ഹജിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണ് അറഫാ സംഗമം.

സൗദിയിലെ മുഴുവന്‍ പ്രവിശ്യകളിലും സൂര്യോദയത്തിന് 15 മിനിറ്റിനു ശേഷമാണ് ബലിപെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കേണ്ടതെന്ന് ഇസ്‌ലാമികകാര്യ മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് അൽ ഷെയ്ഖ് നിര്‍ദേശിച്ചു. കാലാവസ്ഥാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്, രാജ്യത്തെ മുഴുവന്‍ ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. ഈദ് ഗാഹുകള്‍ക്കു സമീപമുള്ളവയൊഴികെ രാജ്യത്തെ എല്ലാ ജമാഅത്ത് പള്ളികളിലും പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കാനും മന്ത്രി നിര്‍ദേശിച്ചു.

English Summary:

Eid Al Adha Date Confirmed in Saudi Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com