ADVERTISEMENT

ദോഹ ∙ സ്വദേശികള്‍ക്ക് മാത്രമല്ല പ്രവാസികൾക്കും ലോകത്തിലെ രണ്ടാമത്തെ സുരക്ഷിത രാജ്യമായി ഖത്തര്‍. നുംബിയോയുടെ സേഫ്റ്റി സൂചികയിലാണ് ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സുരക്ഷിത രാജ്യമായി ഖത്തര്‍ ഇടം നേടിയത്. 84 പോയിന്റാണ് ഖത്തറിനുള്ളത്. ഒന്നാം സ്ഥാനത്ത് 84.4 പോയിന്റുമായി യുഎഇ ആണ്. കുറ്റകൃത്യ നിരക്ക്, ഒറ്റയ്ക്ക് നടക്കുമ്പോഴുള്ള സുരക്ഷിതത്വം, വാഹന മോഷണങ്ങള്‍, സ്വത്ത് സംബന്ധമായ കുറ്റകൃത്യങ്ങള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ വിലയിരുത്തിയാണ് സുരക്ഷിത രാജ്യങ്ങളെ കണക്കാക്കുന്നത്.

കുറ്റകൃത്യ നിരക്കുകള്‍, കാര്‍ മോഷണം, ശാരീരികമായ അക്രമങ്ങള്‍, ലഹരിമരുന്ന് സംബന്ധമായ കുറ്റങ്ങള്‍ എന്നിവയില്‍ പൊതുവേ ഖത്തറിന് കുറഞ്ഞ സ്‌കോര്‍ ആണുള്ളത്. രാത്രിയും പകലും ഒരുപോലെ സുരക്ഷിതവുമാണ്. ലിംഗ, പൗരത്വ വ്യത്യാസമില്ലാതെ നഗരത്തിലുടനീളം രാത്രിയും പകലും സുരക്ഷിതമായി നടക്കാം. ഖത്തറിലെ പാര്‍ക്കുകളിലും കളിസ്ഥലങ്ങളിലും കുട്ടികള്‍ക്ക് സുരക്ഷിതമായി കളിക്കുകയും ചെയ്യാമെന്ന് നുംബിയോ ചൂണ്ടിക്കാട്ടുന്നു.

ഖത്തറിലെ സ്വദേശികള്‍ക്ക് മാത്രമല്ല പ്രവാസികളെ സംബന്ധിച്ചും മികച്ച ജീവിതം നയിക്കുന്നതിലും വ്യക്തിഗത സുരക്ഷയിലും മികച്ച രാജ്യം തന്നെയാണ് ഖത്തര്‍. സ്ത്രീകള്‍ക്കും ഭയമില്ലാതെ രാപ്പകല്‍ ഖത്തറിലുടനീളം തനിച്ച് സഞ്ചരിക്കാം. സുരക്ഷിത രാജ്യമായതിനാല്‍ ഖത്തറിലേക്ക് എത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തിലും വലിയ വര്‍ധനയാണുള്ളത്. ഖത്തര്‍ ടൂറിസത്തിന്റെ കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷം മാത്രം ഖത്തര്‍ സന്ദര്‍ശിക്കാനെത്തിയത് 40 ലക്ഷത്തിലധികം സന്ദര്‍ശകരാണ്. ഈ വര്‍ഷം ഏപ്രിലില്‍ മാത്രം ദോഹയിലേക്ക് എത്തിയത് 3,82,000 പേരാണ്.

ജനങ്ങളുടെ ജീവിത ഗുണനിലവാരം ശക്തിപ്പെടുത്താനായി ബിസിനസ്, ടൂറിസം മേഖലകള്‍ വിപുലീകരിക്കാന്‍ പദ്ധതിയിടുമ്പോള്‍ ജീവിത നിലവാരവും സാമ്പത്തിക പ്രകടനവും മെച്ചപ്പെടുത്തുന്നതിനുള്ള രാജ്യത്തിന്റെ നയങ്ങളില്‍ സുരക്ഷിതത്വത്തിനും മുഖ്യ പരിഗണനയാണുള്ളത്.

English Summary:

Qatar is the Second Safest Country in the World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com