റോഡിലേക്ക് പാറകൾ വീണ് അപകടമുണ്ടാകുന്നത് തടയാന്‍ നൂതന സംവിധാനം നടപ്പിലാക്കി സൗദി
Mail This Article
ജിദ്ദ ∙ റോഡുകളിലേക്ക് പാറകൾ വീണ് അപകടമുണ്ടാകുന്നത് തടയാൻ അതിനൂതന സംവിധാനങ്ങൾ നടപ്പിലാക്കി സൗദി അറേബ്യ. തായിഫ് ഗവർണറേറ്റിലെ അക്കാബ അൽ-ഹദ റോഡിലാണ് റോക്ക് ഫാൾ മോണിറ്ററിങ് സിസ്റ്റം ആദ്യമായി പരീക്ഷിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നോളജിയുടെ സഹായത്തോടെ ആറ് ക്യാമറകൾ ഉപയോഗിച്ചാണ് ഈ സംവിധാനം നടപ്പിലാക്കിയത്. പാറകൾ വീഴുന്ന ഉടൻ റോഡുകൾ ഓട്ടോമാറ്റിക്കായി അടക്കുന്ന സംവിധാനമാണ് നടപ്പിലാക്കിയത്. പർവതപ്രദേശങ്ങളിൽ നിന്ന് പാറ വീഴുന്നതിന്റെ ആദ്യ നിമിഷങ്ങളിൽ തന്നെ ഇവയുടെ ചലനം നിരീക്ഷിക്കും. തുടർന്ന് റോഡുകൾ അടക്കാൻ നിർദ്ദേശം നൽകുകയും ചെയ്യും
അക്കാബ അൽ-ഹദ റോഡിൽ ഇതിനായി ആറ് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. പാറകൾ ചലിക്കാൻ തുടങ്ങുന്നതിന്റെ ആദ്യ നിമിഷം തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നോളജിയിലൂടെ ഇവ കണ്ടെത്തുകയും, തുടർന്ന് 60 സെക്കന്റിനുള്ളിൽ തന്നെ റോഡിലേക്കുള്ള പ്രവേശന കവാടം അടക്കാൻ സിഗ്നലുകൾക്ക് നിർദ്ദേശം നൽകുകയും ചെയ്യും. കൂടാതെ പാറകളുടെ വീഴ്ച കണ്ടെത്തിയാലുടൻ അക്കാര്യം ബന്ധപ്പെട്ട അധികാരികളെ അറിയിക്കാനും പുതിയ സംവിധാനത്തിന് കഴിയും. ഗതാഗത, ലോജിസ്റ്റിക് മന്ത്രിയും ജനറൽ അതോറിറ്റി ഫോർ റോഡ്‌സ് ഡയറക്ടർ ബോർഡ് ചെയർമാനുമായ എഞ്ചിനീയർ സാലിഹ് ബിൻ നാസർ അൽ ജാസ്സർ പദ്ധതി ഉദ്ഘാടനം ചെയ്തു.