ചൂടിൽ ഹജ് തീർഥാടകർക്ക് സംരക്ഷണമൊരുക്കി സൗദി
Mail This Article
മക്ക ∙ ഇത്തവണത്തെ ഹജ് തീർഥാടനം കടുത്ത ചൂടിൽ. 45–48 ഡിഗ്രി സെൽഷ്യസ് ആയിരിക്കും ഹജ് അനുഷ്ഠാന ദിനങ്ങളിലെ ശരാശരി താപനിലയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പകൽ ഉഷ്ണക്കാറ്റ് വീശാനും സാധ്യതയുണ്ട്.
ഹജ് അനുഷ്ഠാന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, പ്രധാന റോഡുകൾ എന്നിവിടങ്ങളിൽ 24 മണിക്കൂറും കാലാവസ്ഥ നിരീക്ഷിക്കും. മൊബൈൽ റഡാറുകളും സ്റ്റേഷനുകളും വഴി അന്തരീക്ഷ പാളികളും നിരീക്ഷിച്ച് കാലാവസ്ഥാ മുന്നറിയിപ്പു നൽകും. ഭിന്നശേഷിക്കാർ ഉൾപ്പെടെ പ്രത്യേക പരിഗണന അർഹിക്കുന്നവർക്കു സേവനം നൽകാൻ മിനായിൽ പ്രത്യേക കേന്ദ്രം സജ്ജമാക്കി. ബോധവൽക്കരണത്തിന്റെ ഭാഗമായി ദിവസേന കാലാവസ്ഥാ ബുള്ളറ്റിനുകളും നൽകും.
മക്കയിലും മദീനയിലും സാധാരണത്തേതിനെക്കാൾ ഉപരിതല താപനില കൂടുമെന്ന് ഹജ് കാര്യങ്ങളുടെ ജനറൽ സൂപ്പർവൈസർ അബ്ദുൽ അസീസ് അൽ ഹർബി പറഞ്ഞു. തീർഥാടകർ സഞ്ചരിക്കുന്ന പാതകൾ തണുപ്പിക്കാനുള്ള സംവിധാനങ്ങളും ഊർജിതമാക്കി. ചൂടിന് ശമനം ലഭിക്കാൻ വെള്ളം സ്പ്രേ ചെയ്യുന്ന ഫാനുകളും ഇടതടവില്ലാതെ പ്രവർത്തിക്കും. തീർഥാടകർക്ക് ഹറംകാര്യ വകുപ്പ് സൗജന്യമായി കുട വിതരണം ചെയ്തുവരുന്നു.
ചൂട് തടുക്കാൻ
തീർഥാടകർ ധാരാളം വെള്ളം കുടിക്കണം. പുറത്തുപോകുമ്പോൾ കുടകൾ ഉപയോഗിക്കുക, നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക, അയഞ്ഞ പരുത്തി വസ്ത്രം ധരിക്കുക .