കാറില് വ്യാജ നെറ്റ് വർക്ക് ഒരുക്കി സന്ദേശമയച്ച് തട്ടിപ്പ്

Mail This Article
ദുബായ് ∙ ഫോർവേർഡ് ചെയ്തോ മറ്റോ ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ പൊതുജനങ്ങൾക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. വ്യാജ ടെലികോം നെറ്റ്‌വർക്ക് പ്രവർത്തിപ്പിച്ച സംഘത്തെ പിടികൂടിയതിന് ശേഷമാണ് ഇൗ ജാഗ്രതാ നിർദേശം.
ഡിസംബറിലാണ് മൂന്നംഗ ചൈനീസ് സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. അത്യാധുനിക ഉപകരണം ഉപയോഗിച്ച് എത്തിസാലാത്ത് സെല്ലുലാർ ടവർ ജാം ചെയ്ത ശേഷം ഉപയോക്താക്കളെ വ്യാജ നെറ്റ്‌വർക്കിലേക്കു മാറ്റുകയും ടെക്‌സ്‌റ്റ് സന്ദേശങ്ങൾ വഴി ഫോൺ ഡോറ്റ പിടിച്ചെടുക്കുകയും ചെയ്തു. ദുബായ് മറീനയിലെ ഒട്ടേറെ പേർക്ക് ബാങ്കുകളിൽ നിന്നും സർക്കാർ സ്ഥാപനങ്ങളിൽ നിന്നും സന്ദേശങ്ങൾ ലഭിച്ചതിന് ശേഷമാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. ഉപയോക്താക്കൾ കൂട്ടത്തോടെ അധികൃതരെ സമീപിച്ചപ്പോഴായിരുന്നു ഉൗർജിതമായ അന്വേഷണം നടത്തുകയും വ്യാജ നെറ്റ് വർക്ക് ഉപയോഗിച്ച് തട്ടിപ്പുകാർ സന്ദേശം അയക്കുകയുമായിരുന്നുവെന്ന് തിരിച്ചറിഞ്ഞതും.
പാർക്ക് ചെയ്ത കാറിൽ നിന്ന് അനധികൃത നെറ്റ്‌വർക്ക്
പാർക്ക് ചെയ്ത കാറിലിരുന്ന് അനധികൃത നെറ്റ്‌വർക്ക് പ്രവർത്തിപ്പിച്ചും തട്ടിപ്പ് നടത്തിയതായി സൈബർ സുരക്ഷാ വിദഗ്ധൻ ഇവാൻ പിസാരെവ് പറഞ്ഞു. ഇത്തരം തട്ടിപ്പുകാരെ "ഭീഷണി നടന്മാർ" എന്നാണ് വിളിക്കുക. കൂടാതെ ഒരു മൊബൈൽ ഓപറേറ്ററുടെ ടവർ സിഗ്നലുകൾ അനുകരിക്കാനും "വ്യാജ ബേസ് സ്റ്റേഷനുകൾ" ഉപയോഗിക്കുകയും ഡിജിറ്റൽ ഉപകരണങ്ങൾക്കോ സിസ്റ്റത്തിനോ കേടുപാടുകൾ വരുത്തുകയും ചെയ്യുന്നു.
പ്രത്യേക പ്രദേശത്ത് പ്രതികളെ കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പിടികൂടനായത്. പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് ഇലക്ട്രിക്കൽ ട്രാൻസ്‌ഫോർമറുകൾ, നെറ്റ്‌വർക്ക് തടയുന്ന ഉപകരണം, സിഗ്നൽ റിസീവർ എന്നിവ കണ്ടെത്തി. അനധികൃത നെറ്റ്‌വർക്ക് പ്രവർത്തിപ്പിക്കുന്ന സംഘത്തിലെ രണ്ട് പേരെ അവിടെ വച്ചും മറ്റൊരാളെ പിന്നീട് നാട്ടിലേക്കു രക്ഷപ്പെടാൻ വിമാനത്താവളത്തിലെത്തിയപ്പോൾ അവിടനിന്നും പിടികൂടാൻ സാധിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി.