ADVERTISEMENT

ദോഹ ∙  രാജ്യം കടുത്ത ചൂടിലേക്ക്. ഇനിയുള്ള ദിനങ്ങളില്‍ പകല്‍ താപനില ഗണ്യമായി ഉയരും.  ഇന്നു മുതല്‍ 39 ദിവസം പകല്‍ താപനില ഗണ്യമായി ഉയരുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് ആണ് അറിയിച്ചിരിക്കുന്നത്. പ്രാദേശികമായി മിര്‍ബാന്യ (Mrbaanya) എന്നാണ് ഇക്കാലം അറിയപ്പെടുക. പകല്‍ താപനില ഗണ്യമായി ഉയരുന്നതിനാല്‍ വേനല്‍ക്കാലത്തിന്‍റെ യഥാര്‍ഥ തുടക്കമാണിതെന്നാണ് കലണ്ടര്‍ ഹൗസ് അധികൃതര്‍ വ്യക്തമാക്കുന്നത്. 

വര്‍ഷത്തില്‍  ഏറ്റവും ഉയരത്തില്‍ സൂര്യന്‍ എത്തുന്ന കാലമാണിത്. യഥാര്‍ഥ വേനല്‍ക്കാലത്തിന്‍റെ തുടക്കം മാത്രമല്ല വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദിനം കൂടിയാണിത്. വേനല്‍ക്കാല നക്ഷത്രങ്ങളായ അല്‍ തുറായ, അല്‍ ദബാറന്‍, അല്‍ ഹഖ എന്നിവയെ ആകാശത്ത് ദൃശ്യമാകുന്ന കാലം കൂടിയാണിതെന്നും അധികൃതര്‍ വിശദമാക്കി.

ഈ വാരാന്ത്യം പകല്‍ താപനില കനക്കുമെന്ന് നേരത്തെ ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അധികൃതരും വ്യക്തമാക്കിയിരുന്നു. ഇന്നും നാളെയും പകല്‍ കൂടിയ താപനില 41 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 30 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. ഈ ആഴ്ചയിലെ ഏറ്റവും ചൂടേറിയ ദിനം ശനിയാഴ്ച ആയിരിക്കും. നാളെ കൂടിയ താപനില 43 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 30 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. 

വ്യാഴാഴ്ച തുറായന, ജുമൈല, മിഖായിന്‍സ്, കരാന എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത്, 45 ഡിഗ്രി സെല്‍ഷ്യസ്. അല്‍ഖോര്‍, ഗുവെയ്‌രിയ, ഷഹാനിയ എന്നിവിടങ്ങളില്‍ 44 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു കൂടിയ ചൂട് രേഖപ്പെടുത്തിയത്. മിസൈമീര്‍, അബു സമ്ര എന്നിവിടങ്ങളില്‍ 41 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. 

രാജ്യത്തെ താമസക്കാരും സന്ദര്‍ശകരും വേനല്‍ചൂടിനെ പ്രതിരോധിക്കാന്‍ തയാറെടുക്കണമെന്നും വീടിന് പുറത്ത് ചിലവിടുന്ന സമയങ്ങളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. വേനല്‍ ശക്തമാകുന്നതിനാല്‍ പുറത്തു പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അധികൃതര്‍  സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളെ ഓർമിപ്പിക്കുന്നുണ്ട്. 

കുട്ടികളെ കാറില്‍ ഒറ്റയ്ക്ക് ഇരുത്തി രക്ഷിതാക്കള്‍ പുറത്തു പോകുന്നത് ഒഴിവാക്കണം. പുറത്തിറങ്ങുന്നവര്‍ ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്. ശരീരത്തിന്‍റെ നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിയ്ക്കണം. പുറം തൊഴിലാളികള്‍ ജോലിക്കിടയില്‍ ഇടയ്ക്ക് വിശ്രമിക്കണം. വിശ്രമിക്കുന്നത് തണലത്തു തന്നെയാകണമെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. 

പുറം തൊഴിലാളികള്‍ക്കുള്ള ഉച്ചവിശ്രമ ചട്ടം ജൂണ്‍ 1 മുതല്‍  പ്രാബല്യത്തില്‍ വന്നതോടെ കടുത്ത ചൂടില്‍ നിന്ന് തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമാണ് ലഭിക്കുന്നത്. സൂര്യപ്രകാശം നേരിട്ട് ശരീരത്ത് ഏല്‍ക്കുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ ഒഴിവാക്കാനാണ് രാവിലെ 10.00 മുതല്‍ ഉച്ചയ്ക്ക് 3.30 വരെ പുറം തൊഴിലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കൊണ്ടുള്ള ഉച്ചവിശ്രമ ചട്ടം പ്രാബല്യത്തിലാക്കിയത്. സെപ്റ്റംബര്‍ 15 വരെയാണ് ഈ ചട്ടം നടപ്പാക്കുന്നത്. കമ്പനികള്‍ വ്യവസ്ഥ ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 16505 എന്ന ഹോട്‌ലൈന്‍ നമ്പറില്‍ വിളിച്ച് തൊഴില്‍ മന്ത്രാലയത്തെ അറിയിക്കാനും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

English Summary:

Heat and Humidity to Rise Further in Qatar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com