മലയാളം മിഷൻ ഒമാൻ അധ്യാപക പരിശീലനം സംഘടിപ്പിച്ചു

Mail This Article
മസ്‌കത്ത് ∙ മലയാളം മിഷൻ ഭാഷാധ്യാപകർക്കായി സംഘടിപ്പിച്ച പരിശീലന ക്ലാസുകൾ ജൂൺ ഏഴ്, എട്ട് തീയതികളിൽ റുസൈൽ മിഡിൽ ഈസ്റ്റ് കോളജിൽ നടന്നു. മലയാളം മിഷൻ റജിസ്ട്രാറും കവിയുമായ വിനോദ് വൈശാഖി പരിപാടി ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ ഒമാൻ സെക്രട്ടറി അനു ചന്ദ്രൻ മിഷൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. മലയാളം മിഷൻ ഒമാൻ ചെയർമാൻ ഡോ. രത്‌നകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ, ട്രഷറർ പി. ശ്രീകുമാർ സ്വാഗതം ആശംസിച്ചു.
മിഷൻ പ്രസിഡന്റ് സുനിൽ കുമാർ, പ്രവർത്തക സമിതി അംഗം അനീഷ് കടവിൽ, ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളാവിഭാഗം കൺവീനർ സന്തോഷ് കുമാർ, മലയാളം മിഷൻ ജോയിന്റ് സെക്രട്ടറി അനുപമ സന്തോഷ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. ജോയിന്റ് സെക്രട്ടറി രാജീവ് മഹാദേവൻ നന്ദിയും പറഞ്ഞു. സി ബി എസ് ഇ പരീക്ഷയിൽ മലയാളത്തിന് നൂറു ശതമാനം മാർക്കു നേടിയ ഒമാനിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു.
മലയാളം മിഷൻ ആഗോള തലത്തിൽ സംഘടിപ്പിച്ച സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിൽ ഗ്രാൻഡ് ഫിനാലെയിൽ രണ്ടാം സ്ഥാനം നേടിയ ദിയ ആർ. നായർക്കും, ഫൈനലിൽ എത്തിയ സയൻ സന്ദേശിനും ഉപഹാരങ്ങൾ നൽകി. തുടർന്നു നടന്ന പരിശീലന ക്യാംപിന് വിനോദ് വൈശാഖി നേതൃത്വം നൽകി. മിഷൻ മാർഗ്ഗനിർദ്ദേശങ്ങൾക്കും സിലബസിനും അനുസൃതമായിട്ടാണ് ക്ലാസുകൾ ക്രമീകരിച്ചിരുന്നത്.
മലയാള ഭാഷ ലളിതമായി, അടിസ്ഥാനപരമായി കുട്ടികളിലേക്ക് പകർന്നു നൽകാൻ അധ്യാപകരെ സജ്ജരാക്കാൻ വൈശാഖിക്ക് സാധിച്ചുവെന്ന് ക്യാംപിൽ പങ്കെടുത്തവർ പറഞ്ഞു. മലയാളം മിഷൻ ഒമാനിലെ വിവിധ മേഖലകളിൽ നിന്നുള്ള 50ൽ അധികം മിഷൻ അധ്യാപകർ പങ്കെടുത്തു.