അക്ഷരക്കൂട്ടം സില്വർ ജൂബിലി ആഘോഷം കവി കെ.സച്ചിദാനന്ദൻ ഉദ്‌ഘാടനം ചെയ്തു

Mail This Article
ഷാർജ ∙ യുഎഇയിലെ സാഹിത്യ, സാംസ്കാരിക കൂട്ടായ്മയായ അക്ഷരക്കൂട്ടത്തിന്റെ വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങൾ കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദൻ ഉദ്‌ഘാടനം ചെയ്തു. കവി അനൂപ് ചന്ദ്രൻ മോഡറേറ്റർ ആയിരുന്നു.
ആഘോഷ കമ്മിറ്റി ചെയർമാൻ ഇ.കെ. ദിനേശൻ അധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, അഡ്മിൻമാരായ ഇസ്മയിൽ മേലടി, ഷാജി ഹനീഫ്, കോഓർഡിനേറ്റർ എം.സി. നവാസ്, ജനറൽ കൺവീനർ റോയ് നെല്ലിക്കോട് എന്നിവർ പ്രസംഗിച്ചു. കവിത, കഥ, ലേഖന മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും സച്ചിദാനന്ദൻ നിർവഹിച്ചു. ആർടിസ്റ്റ് നിസാർ ഇബ്രാഹിം രൂപകൽപന ചെയ്ത ശില്പവും പ്രശസ്തിപത്രവും ക്യാഷ് അവാർഡും അടങ്ങുന്നതായിരുന്നു സമ്മാനം.
സോമൻ കരിവള്ളൂർ സ്മാരക കഥാ പുരസ്കാരം ഒന്നാം സമ്മാനം ലഭിച്ചത് അനൂപ് കുമ്പനാടിനായിരുന്നു. സുബിൻ സോമൻ രണ്ടാം സമ്മാനം നേടി. മത്സരത്തെപ്പറ്റി കോഓർഡിനേറ്റർ മനോജ് രാധാകൃഷ്ണൻ വിശദീകരിച്ചു. ഷിറാസ് വാടാനപ്പള്ളി സ്മാരക കവിതാ പുരസ്കാരം ഒന്നാം സമ്മാനം അക്ബർ അണ്ടത്തോട് നേടിയപ്പോൾ, രണ്ടാം സമ്മാനം പി. അനീഷ നേടി. വി.എം. സതീഷ് സ്മാരക ലേഖന മത്സരത്തിൽ ഒന്നാം സമ്മാനം ഡോ. ദീപേഷ് കരിമ്പുങ്കര നേടി. രണ്ടാം സമ്മാനം റീന സലീമിനായിരുന്നു. കെ. ഗോപിനാഥൻ, അബുല്ലൈസ് എടപ്പാൾ, ഉഷ ഷിനോജ്, റോജിൻ പൈനുംമൂട്, പ്രീതി രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു. പുരസ്‌കാര ജേതാക്കൾ മറുപടി പ്രസംഗം നടത്തി. ആർടിസ്റ്റ് നിസാർ ഇബ്രാഹിം, എമിറേറ്റ്സ് എയർലൈൻ ലൈബ്രറിയൻ ഓഫ് ദ് ഇയർ അവാർഡ് നേടിയ കവി എം.ഒ. രഘുനാഥ് എന്നിവരെ ആദരിച്ചു.