ADVERTISEMENT

തീപിടുത്തം പ്രതിരോധിക്കുന്നതിനുളള കാലതാമസം ഒഴിവാക്കാനായി യുഎഇ നടപ്പിലാക്കിയ സ്മാർട്ട് അലാറം സംവിധാനമാണ് 'ഹസന്റുക്ക്’. ‘ഹസന്റുക്ക്’ എന്നാല്‍ അറബിയില്‍ സംരക്ഷണം എന്നാണ് അർഥം. വില്ലകളിലും കെട്ടിടങ്ങളിലും ഘടിപ്പിക്കുന്ന സ്മാർട്ട് അലാറം സംവിധാനമാണിത്. തീപിടുത്തമുണ്ടായാല്‍ അടിയന്തിര പ്രതികരണം ലഭ്യമാക്കുകയെന്നുളളതാണ് പ്രധാന ലക്ഷ്യം. ഇതുവഴി തീപിടുത്തം പ്രതിരോധിക്കാനും രക്ഷാ പ്രവർത്തനം ഊർജ്ജിതമാക്കാനും സാധിക്കുമെന്നുളളതാണ് നേട്ടം.

തീപിടുത്തമുണ്ടായാല്‍ ആദ്യം താമസക്കാർക്ക് മുന്നറിയിപ്പ് നല്‍കി അലാറം മുഴങ്ങും. തുടർന്ന് നേരത്തെ തയആറാക്കി വച്ച ഫയർ ആൻഡ് സേഫ്റ്റി കേന്ദ്രത്തിലേക്ക് സ്വയമേവ അറിയിപ്പ് എത്തിക്കും. 120 സെക്കന്റിനുളളില്‍ അലാറം യഥാർഥമാണോ തെറ്റാണോ എന്നുറപ്പിക്കാന്‍ ഓപ്പറേറ്റർമാർക്ക് സാധിക്കും.  സംഭവസ്ഥലത്തേക്ക് അടിയന്തര സഹായം എത്തിക്കുന്നതിനായി എമർജൻസി സർവീസ് കൺട്രോൾ റൂമുകളെയും അടുത്തുള്ള സിവിൽ ഡിഫൻസ് സെന്ററുകളിലേക്കും സന്ദേശമെത്തും. സന്ദേശത്തിനൊപ്പം തീയുടെ കാഠിന്യവും സംഭവസ്ഥലത്തേക്ക്  എത്തിച്ചേരാനുളള വേഗതകുറഞ്ഞ വഴിയും അറിയിക്കുമെന്നതാണ് മറ്റൊരു പ്രധാന കാര്യം. 

dubai-civil-defence-expects-hassantuk-fire-alarm-system-in-all-villas-buildings

 ഇത്തിസലാത്താണ് ‘ഹസന്റുക്ക്’ ഫോർ ഹോംസ് നടപ്പിലാക്കുന്നത്. 2024 ജനുവരി 1 മുതൽ നിലവിലുള്ളതും നിർമാണത്തിലിരിക്കുന്നതുമായ എല്ലാ റസിഡൻഷ്യൽ വില്ലകളിലും ഹസന്റുക്ക് സംവിധാനങ്ങൾ നിർബന്ധമായും സ്ഥാപിക്കണമെന്ന് യുഎഇ വ്യക്തമാക്കിയിരുന്നു. മറ്റ് അഗ്നി സുരക്ഷാ സംവിധാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ‘ഹസന്റുക്ക്’ പൂർണമായും സിവില്‍ ഡിഫന്‍സുമായി ബന്ധിപ്പിച്ചിരിക്കുന്നു. വാടക വില്ലകളില്‍ ‘ഹസന്റുക്ക്’ സംവിധാനം നടപ്പിലാക്കേണ്ടത് കെട്ടിട ഉടമസ്ഥന്റെ ചുമതലയാണ്. 

dubai-civil-defence-expects-hassantuk-fire-alarm-system-in-all-villas-buildings

∙ ‘ഹസന്റുക്കി’ന്റെ പ്രധാനഘടകങ്ങള്‍ ഇവയാണ്: 
നിർമിത ബുദ്ധിയുടെ സഹായത്തോടെ സെന്‍ട്രല്‍ അലാറവുമായി ‘ഹസന്റുക്ക്’ ബന്ധിപ്പിച്ചിട്ടുണ്ട്. സിസ്റ്റത്തിന്റെ പ്രാഥമിക ഘടകം അലാറം പാനലാണ്.  ചൂടും പുകയുമെല്ലാം തിരിച്ചറിയാന്‍ സാധിക്കുന്ന സെന്‍സറുകളുണ്ട്. കെട്ടിടത്തിന്റെ വിവിധ മുറികളില്‍ സെന്‍സറുകള്‍ ഘടിപ്പിച്ചിരിക്കും. എല്ലാ സെന്‍സറുകളും അലാറം പാനലുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുളള അസ്വഭാവികത അനുഭവപ്പെട്ടാല്‍ സെന്‍സറുകള്‍ അലാറം പാനലിലേക്ക് സിഗ്നല്‍ നല്‍കും. അലാറം കമാന്റ് ആൻഡ്  കണ്‍ട്രോള്‍ സെന്ററിനാണ് വിവരങ്ങള്‍ നല്കുക. പരമാവധി 120 സെക്കന്റിനുളളിലാണ് ഇതെല്ലാം നടക്കുന്നത്. അലാറം ശ്രദ്ധയില്‍പെട്ടാല്‍ ബന്ധപ്പെട്ടവർക്ക് ആധികാരികത പരിശോധിച്ച് ഉടനടി രക്ഷാപ്രവർത്തനങ്ങള്‍ ഉള്‍പ്പടെയുളള നടപടികളിലേക്ക് കടക്കാന്‍ സാധിക്കും. home.moi.gov.ae വെബ് പോർട്ടല്‍ വഴി ഹസന്റുക്ക് ഓർഡർ ചെയ്യാം. ഇഷ്ടമുളള പ്ലാനുകള്‍ തിരഞ്ഞെടുക്കുകയും ചെയ്യാം. ഉപഭോക്താക്കൾക്ക് എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നാൽ,  80022220 എന്ന ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് വിളിക്കാവുന്നതാണ്.

English Summary:

Dubai Civil Defence Expects Hassantuk Fire Alarm System in all Villas and Buildings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com