ADVERTISEMENT

അബുദാബി ∙ നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് –എഐ) ഉപയോഗിച്ചും ഹൈടെക് തട്ടിപ്പ്. വിവിധ കമ്പനികളുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിലെയും ലാപ്ടോപ്, ടാബ്, സ്മാർട്ട് ഫോൺ തുടങ്ങിയ ഡിവൈസുകളിലെയും സുരക്ഷാ വീഴ്ചകൾ എഐ ഉപയോഗിച്ച് കണ്ടെത്തി നുഴഞ്ഞുകയറി വിലപ്പെട്ട വിവരങ്ങളും രേഖകളും സ്വന്തമാക്കി തട്ടിപ്പു നടത്തുന്നതാണ് ഏറ്റവും പുതിയ രീതി. ആഗോള തലത്തിൽ ഇത്തരം സൈബർ ആക്രമണങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് യുഎഇ സൈബർ സുരക്ഷാ കൗൺസിലിൽ മുന്നറിയിപ്പ് നൽകിയത്. 

വ്യക്തികളുടെ ഇലക്ട്രോണിക് ഉപകരണങ്ങളിലെ സുരക്ഷാ വീഴ്ചകൾ മനസ്സിലാക്കി സ്മാർട് ഫോണും ലാപ്ടോപും ഹാക്ക് ചെയ്യാനാണ് തട്ടിപ്പുകാർ എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. ഇതേക്കുറിച്ച് ജനങ്ങൾ ബോധവാന്മായിരിക്കണമെന്നും സുരക്ഷ ശക്തമാക്കണമെന്നും കൗൺസിൽ ചെയർമാൻ ഡോ. മുഹമ്മദ് അൽ കുവൈത്തി പറഞ്ഞു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ സുരക്ഷാ നടപടികൾ ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ആസ്തികൾ, രഹസ്യവിവരങ്ങൾ എന്നിവ സംരക്ഷിക്കുന്നതിൽ കൂടുതൽ ശ്രദ്ധ വേണമെന്നും സൂചിപ്പിച്ചു. 

സൈബർ തട്ടിപ്പുകൾ 43% വർധിച്ചതായും ഏറ്റവും പുതിയ സുരക്ഷാ സോഫ്റ്റ്‌വെയറുകളും സംവിധാനങ്ങളും ഉപയോഗിച്ച് സുരക്ഷ വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. 

വിവരച്ചോർച്ച തടയാൻ 
തന്ത്രപ്രധാന വിവരങ്ങൾ പങ്കിടാതിരിക്കുക, അനധികൃത വ്യക്തികൾക്ക് സ്വകാര്യ ഡേറ്റയിലേക്ക് പ്രവേശിക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കുക, സുപ്രധാന വിവരങ്ങളും രേഖകളും ലോക്ക് ചെയ്ത് സംരക്ഷിക്കുക, ഉപകരണങ്ങൾ ഹാക്ക് ചെയ്യുകയോ നഷ്‌ടപ്പെടുകയോ മോഷ്‌ടിക്കപ്പെടുകയോ ചെയ്‌താൽ വിദൂരമായിരുന്ന് ഡേറ്റ മായ്‌ക്കാനുള്ള സംവിധാനം നേരത്തെ സജ്ജമാക്കുക, വിവരങ്ങളും മറ്റും സൂക്ഷിക്കാൻ സുരക്ഷിത സ്റ്റോറേജ് സംവിധാനം ഉപയോഗപ്പെടുത്തുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ.

സുരക്ഷ കടുപ്പിച്ച് യുഎഇ
സൈബർ തട്ടിപ്പുകൾ ചെറുക്കുന്നതിൽ യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലിന് നിർണായക പങ്കുണ്ടെന്ന് മുഹമ്മദ് അൽ കുവൈത്തി പറഞ്ഞു.  ഇലക്ട്രോണിക് ആക്രമണങ്ങളെ നേരിടാൻ ദേശീയ കേഡർമാരെ പരിശീലിപ്പിക്കുക, വിവിധ സൈബർ ഓപ്പറേഷൻസ് സെന്ററുകൾ തമ്മിലുള്ള ഏകോപനം വർധിപ്പിക്കുക, അവബോധം വളർത്തുക തുടങ്ങിയ നടപടികൾ തട്ടിപ്പ് തടയാൻ സഹായിക്കും. ജനങ്ങൾക്കിടയിൽ സൈബർ സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചും സൈബർ ആക്രമണങ്ങളിൽ നിന്ന് എങ്ങനെ സ്വയം രക്ഷ നേടാം എന്നതിനെക്കുറിച്ചും ബോധവൽക്കരണവും നടത്തുന്നു.

English Summary:

High-tech fraud using artificial intelligence - Cyber Fraud Alert

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com