ADVERTISEMENT

ദുബായ് ∙ ദുബായിലെ പ്രവാസി മലയാളി ശ്രീദത്ത് സുധീറിന് ഇൗ മാസം 2–ാം തിയതി ഇരട്ടിമധുരം സമ്മാനിച്ച ദിവസമായിരുന്നു. തന്റെ 18–ാം ജന്മദിനമാഘോഷിച്ച ദിവസം തന്നെയാണ് ശ്രീദത്ത് ലോക 'ഇരുമ്പുമനുഷ്യൻ' പട്ടം നേടിയത്. ലോകത്തെ ഏറ്റവും കഠിനവും ശ്രദ്ധേയവുമായ ഫിറ്റ്നസ് മത്സരം അയൺമാൻ ചാലഞ്ച് പൂർത്തിയാക്കിയ ഏറ്റവും പ്രായം കുറഞ്ഞയാളായിരിക്കുകയാണ് ദുബായിൽ വിദ്യാർഥിയായ ശ്രീദത്ത് സുധീർ. ജർമനിയിലെ ഹാംബർഗിൽ നടന്ന യൂറോപ്യൻ ചാംപ്യൻഷിപ്പിലായിരുന്നു 3.8 കി.മീറ്റർ നീന്തൽ, 180 കി.മീറ്റർ ബൈക്ക് റൈഡ്, 13 മണിക്കൂറിൽ 42.2 കി.മീറ്റർ ഒാട്ടം എന്നിവയിൽ വിജയിച്ച് ഇൗ നേട്ടം സ്വന്തമാക്കിയത്. ഇതിന് മുൻപ് 18–ാം വയസ്സിൽ ലോകത്ത് ഇൗ വിജയം സ്വന്തമാക്കിയത് 2 പേർ മാത്രം.

∙ പിറന്നാൾ ദിനത്തിൽ കളത്തിലിറങ്ങിയ  ശ്രീദത്ത്
അയൺമാൻ മത്സരത്തിൽ പങ്കെടുക്കാനുളള കുറഞ്ഞ പ്രായം 18. മികച്ച ശാരീരികക്ഷമതയും അർപ്പണബോധവുമുളളവർമാത്രം വിജയിക്കുന്ന ലോകത്തിലെ പ്രയാസമേറിയ മത്സരങ്ങളിലൊന്ന്. ഓട്ടത്തിലും നീന്തലിലും സൈക്ലിങ്ങിലും ഒരേ പോലെ മികവ് ആവശ്യമുളള ഇടവേളകളില്ലാതെ കായിക ക്ഷമത തെളിയിക്കേണ്ട മത്സരത്തിലേക്ക് ശ്രീദത്ത് രണ്ടും കൽപിച്ചിറങ്ങുകയായിരുന്നു. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല, ഒാരോ ചുവടുവയ്പും വിജയത്തിലേക്ക്. ഒടുവിൽ ഇതുവരെ ഒരുമലയാളിയും കൈവരിച്ചിട്ടില്ലാത്ത നേട്ടത്തിലൂടെ ലോകത്തിന്റെ നെറുകയിൽ.

ശ്രീദത്ത് സുധീർ കുടുംബത്തോടൊപ്പം.
ശ്രീദത്ത് സുധീർ കുടുംബത്തോടൊപ്പം.

ശ്രീദത്തിന്റെ മുഖത്ത് ഇന്ന് കാണുന്ന ആത്മവിശ്വാസത്തിന് പിന്നിൽ വർഷങ്ങളുടെ നീണ്ട അധ്വാനവും ചിട്ടയായ പരിശീലനവുമുണ്ട്. കുഞ്ഞുനാൾ മുതൽ കായികമേഖലയിലായിരുന്നു ശ്രീദത്തിന്റെ താൽപര്യം. മകന്റെ അഭിരുചി കൃത്യമായി മനസ്സിലാക്കിയ മാതാപിതാക്കൾ മകന് ദുബായിൽ ലഭിക്കാവുന്ന ഏറ്റവും നല്ല പരിശീലനത്തിന്  അവസരമൊരുക്കി. ആറാം വയസ്സുമുതൽ പങ്കെടുക്കുന്ന മത്സരങ്ങളിലെല്ലാം വിജയക്കൊടി പാറിച്ചായിരുന്നു യാത്ര. 11–ാം വയസ്സിൽ കരാട്ടയിൽ ബ്ലാക്ക്ബെൽറ്റ് സ്വന്തമാക്കി. പഠനത്തോടൊപ്പം കായികഇനങ്ങളിൽ പരിശീലനം തുടരുന്നു. ആദ്യം ഫുട്ബോളിലും പിന്നീട് നീന്തലിലേക്കും ഓട്ടത്തിലേക്കുമെല്ലാം ശ്രദ്ധ പതിപ്പിക്കാൻ തുടങ്ങി. അധ്യാപകർ ആണ് ശ്രീദത്തിന്റെ കഴിവ് തിരിച്ചറിഞ്ഞ് പുതിയ വാതിലുകൾ തുറന്ന് നൽകിയത്. തുടർന്ന് 14–ാം വയസ്സുമുതൽ ട്രയാത്തലോൺ പരിശീലനത്തിന് കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ തുടങ്ങി.

ശ്രീദത്ത് സുധീർ.
ശ്രീദത്ത് സുധീർ.

മലയാളികളായ കായിക പ്രേമികളുടെ യുഎഇയിലെ ഏറ്റവും വലിയ കൂട്ടായ്മകളിലൊന്നായ കേരള റൈഡേഴ്സിലെ അംഗങ്ങളെ കണ്ടുമുട്ടിയതാണ് ശ്രീദത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. കൂട്ടായ്മയിലെ നാസറിന്റെയും മോഹൻദാസിന്റെയും പിന്തുണ കുറച്ചൊന്നുമല്ല ഈ മേഖലയിൽ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രീദത്തിനെ സഹായിച്ചത്. കേരള ട്രയാത്തലോൺ അസോസിയേഷൻ വഴി സംസ്ഥാന, ദേശീയ ട്രയാത്തലോണിലും നാഷനൽ ഗെയിംസിലും നേ‌ട്ടം കൈവരിച്ചു. പരിശീലകരായ ഒളിംപ്യൻ പ്രദീപ് കുമാര്‍, റിനറ്റ് എന്നിവരും മുന്നോട്ടുനയിച്ചു. കൃത്യമായ പരിശീലനമാണ് തന്റെ വിജയങ്ങൾക്ക് പുറകിലെ പ്രധാന രഹസ്യമെന്ന് ശ്രീദത്ത് പറയുന്നു. ഒാരോന്നിനും പ്രത്യേക സമയക്രമം നിശ്ചയിച്ചാണ് പരിശീലനം. 

∙ ഒടുവിൽ ലോകനേട്ടത്തിനായി ജർമനയിലേയ്ക്ക്
ഹാംബർഗിൽ നടന്ന അയൺമാൺ ചലഞ്ചിൽ പങ്കെടക്കാൻ സാധിച്ചത് കായിക ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവായെന്ന് ശ്രീദത്ത് പറയുന്നു. ഇടവേളകളില്ലാതെ നീന്തൽ, സൈക്ലിങ്, റണ്ണിങ് എന്നിവ നിശ്ചിത സമയത്തില്‍ ചെയ്തുതീര്‍ക്കുകയെന്നതാണ് വെല്ലുവിളി. നാലു കിലോമീറ്റർ ദൈർഘ്യത്തിൽ നീന്തല്‍,180 കിലോമീറ്റർ സൈക്ലിങ്, 42 കിലോമീറ്ററിലേറെ ഓട്ടം. നിശ്ചിത സമയത്തിനുമെത്രയോ മുൻപ് ശ്രീദത്ത് ഫിനിഷ് ചെയ്തപ്പോൾ പിറന്നത് റെക്കോർഡ്. അയൺമാൻ ചാലഞ്ച് പൂർത്തിയാക്കിയ ഏറ്റവും പ്രായം കുറഞ്ഞ മലയാളിയെന്ന നേട്ടമാണ് ശ്രീദത്തിനെ തേടിയെത്തിയത്. ഇതിന് മുൻപ് 2018ൽ അമേരിക്കയിലെ ലൂയിസ് വില്ലെയിൽ നടന്ന അയൺമാൻ ചാംപ്യൻഷിപ്പിൽ മഹാരാഷ്ട്ര സ്വദേശി മേഘ് ഥാക്കൂർ തന്റെ 18–ാം പിറന്നാളിന് ഇൗ നേട്ടം കൈവരിച്ചിരുന്നു.

∙ കഠിനപരിശീലനം തുടരുന്നു
ദുബായിൽ പ്ലസ് ടു കഴിഞ്ഞ് ബിരുദത്തിന് ചേരാൻ തയാറെടുക്കുന്ന ശ്രീദത്ത്  അയൺമാൻ പട്ടം സ്വന്തമാക്കി മലയാളികൾക്കാകെ അഭിമാനമായെങ്കിലും ഇപ്പോഴും കഠിനമായ പരിശീലനത്തിൽ തന്നെ. റഷ്യൻ പരിശീലകൻ ടോം, യുക്രെയ്ൻ ഒളിംപ്യൻ ആന്ദ്രെ എന്നിവരുടെ കീഴിൽ പരിശീലനം നടത്തിവരുന്നു. ഇനിയും ഏറെ സ്വപ്നങ്ങൾ നീന്തിയും ഒാടിയും കടക്കാനുണ്ടെന്നത് നിശ്ചദാർഢ്യത്തിന്റെ സ്വരം. ഇതിന് പിന്തുണയുമായി ദുബായിൽ സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനായ പിതാവ് മലപ്പുറം വെള്ളിമുക്ക് എങ്ങലത്ത് വീട്ടിൽ സുധീർ, മാതാവ് രഞ്ജിത, സഹോദരി ശ്രീനിധി എന്നിവരും കൂടെയുണ്ട്.

English Summary:

Malayali Student Sreedat Sudhir Won the Title of 'Iron Man'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com