‘പാസ്പോർട്ട് സസ്പെൻഡ്’ ചെയ്തതായി അറിയിപ്പ്; പ്രവാസികളെ കുരുക്കിലാക്കുന്ന വ്യാജന്മാർ
Mail This Article
അബുദാബി/ദുബായ് ∙ പാസ്പോർട്ട് സസ്പെൻഡ് ചെയ്തതായി അറിയിച്ച് ലഭിക്കുന്ന വ്യാജ എസ്എംഎസ് സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) മുന്നറിയിപ്പു നൽകി. ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ (ജിഡിആർഎഫ്എ) പേരിലാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. ഇതോടൊപ്പമുള്ള ലിങ്കിൽ പ്രവേശിക്കരുതെന്നും മുന്നറിയിപ്പുണ്ട്.
ഐസിപി ഓൺലൈൻ സേവനങ്ങൾ അംഗീകൃത വെബ്സൈറ്റുകളിലൂടെയും സ്മാർട്ട് ആപ്പിലൂടെയും മാത്രമാണ് ലഭിക്കുക. വേനൽ അവധിക്ക് വിദേശത്തേക്ക് പോകാൻ തയാറെടുക്കുമ്പോൾ ലഭിച്ച സന്ദേശങ്ങൾ ജനങ്ങളെ പരിഭ്രാന്തിയിലാക്കി. ഇതിന്റെ നിജസ്ഥിതി അറിയാൻ ഒട്ടേറെ പേർ ഐസിപിയിലും ജിഡിആർഎഫ്എയിലും വിളിച്ച് അന്വേഷിച്ചതോടെയാണ് വ്യാജമാണെന്ന സ്ഥിരീകരിച്ച് അധികൃതർ രംഗത്ത് എത്തിയത്. ഐസിപിയോ ജിഡിആർഎഫ്എയോ അത്തരമൊരു സന്ദേശം ആർക്കും അയച്ചിട്ടില്ലെന്നും വ്യക്തമാക്കി.
ധൈര്യമായി പരാതിപ്പെടാം
നൈജീരിയ (+234), ഇത്യോപ്യ (+251) എന്നിവിടങ്ങളിൽ നിന്നാണ് ഇത്തരം സന്ദേശങ്ങൾ എത്തുന്നത്. ആരെങ്കിലും തട്ടിപ്പിന് ഇരയായെങ്കിൽ എത്രയും വേഗം 800 5111 നമ്പറിൽ പരാതിപ്പെടണമെന്നും അഭ്യർഥിച്ചു.
പരിശോധന ശക്തം
സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ കടുത്ത നടപടി തുടരുന്ന യുഎഇയിൽ കഴിഞ്ഞ ആഴ്ച നൂറോളം പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇത്തരം തട്ടിപ്പു നടത്തുന്നതിന് നൂറുകണക്കിന് ആളുകളെ റിക്രൂട്ട് ചെയ്ത് വിദേശ രാജ്യങ്ങളിൽ എത്തിച്ചതായും റിപ്പോർട്ടുണ്ട്. മികച്ച ജോലിയും ശമ്പളവും വാഗ്ദാനം ചെയ്തുള്ള റിക്രൂട്ടിങ് തട്ടിപ്പിൽ മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർ കുടുങ്ങി. വിവരം പുറത്തറിയിച്ച് രക്ഷപ്പെടാൻ ശ്രമിച്ച മലയാളി യുവാക്കൾ ക്രൂര മർദനത്തിനും ഇരയായി.
സാലിക്കിനും വ്യാജൻ
ദുബായിൽ സാലികിന്റെ പേരിലും സൈബർ തട്ടിപ്പ്. ദിവസേന പുതിയ രൂപത്തിൽ എത്തുന്ന ഓൺലൈൻ തട്ടിപ്പിനെതിരെ ജാഗ്രത വേണമെന്ന് സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സാലിക് കാർഡിൽ മതിയായ തുകയില്ലാതെ ടോൾ ഗേറ്റ് കടന്നതിന് 24 മണിക്കൂറിനകം പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പലർക്കും വ്യാജ എസ്എംഎസ് ലഭിച്ചത്.
ദുബായ് പൊലീസിന്റെ പേരിലാണ് സന്ദേശം ലഭിച്ചതെങ്കിലും ഇതോടൊപ്പം പണം അടയ്ക്കാനായി അയച്ച ലിങ്ക് സൂക്ഷ്മമായി പരിശോധിക്കുന്നവർക്ക് വ്യാജമാണെന്ന് മനസ്സിലാക്കാനാകും. എന്നാൽ സന്ദേശം വിശദമായി വായിക്കാത്തവരും ഒപ്പമുള്ള ലിങ്ക് വ്യാജമാണോ എന്ന് പരിശോധിക്കാത്തവർക്കുമാണ് പണം നഷ്ടപ്പെട്ടത്.
സമീപകാലത്ത് സൈബർ തട്ടിപ്പുകൾ 43% വർധിച്ചതായി സൈബർ സുരക്ഷാ അതോറിറ്റി വ്യക്തമാക്കിയിരുന്നു. ഏറ്റവും പുതിയ സുരക്ഷാ സോഫ്റ്റ് വെയറുകളും സംവിധാനങ്ങളും ഉപയോഗിച്ച് സുരക്ഷ വർധിപ്പിക്കണമെന്നും നിലവിലെ സോഫ്റ്റ് വെയറുകൾ യഥാസമയം അപ്ഡേറ്റ് ചെയ്യണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. തട്ടിപ്പിനും നിർമിത ബുദ്ധി ഉപയോഗിക്കുന്ന കാലഘട്ടമായതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നും വിദഗ്ധർ പറയുന്നു.