കുവൈത്തിൽ പാർപ്പിട സമുച്ചയത്തിൽ വീണ്ടും തീപിടിത്തം; ഒരു മരണം
Mail This Article
കുവൈത്ത് സിറ്റി ∙ കുവൈത്തിലെ ഫർവാനിയയിൽ താമസ കെട്ടിടത്തിന് തീപിടിച്ച് ഈജിപ്ത് സ്വദേശിനി മരിച്ചു. ഒട്ടേറെ പേർക്കു പരുക്കേറ്റു. അറബ് രാജ്യക്കാർ താമസിക്കുന്ന 8 നില കെട്ടിടത്തിന്റെ നാലാം നിലയിൽ ഇന്നലെ ഉച്ചയ്ക്കു ശേഷമായിരുന്നു അഗ്നിബാധ. 4 പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
നാലാം നിലയിൽനിന്ന് തീ മുകളിലത്തെ നിലയിലേക്ക് പടരുകയായിരുന്നു. അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. പരുക്കേറ്റവരെ ഫർവാനിയ ആശുപത്രിയിലേക്കു മാറ്റി. മരിച്ചവരിലും പരുക്കേറ്റവരിലും ഇന്ത്യക്കാർ ഇല്ലെന്നാണ് സൂചന.
ജൂൺ 12ന് പുലർച്ചെ നാലിന് മംഗഫിലുണ്ടായ അഗ്നിബാധയിൽ 24 മലയാളികൾ അടക്കം 46 ഇന്ത്യക്കാർ ഉൾപ്പെടെ 49 പേർ മരിച്ചിരുന്നു. ഇതേതുടർന്ന് കുവൈത്തിലെ താമസ കെട്ടിടങ്ങളിൽ പരിശോധന കർശനമാക്കിയിരുന്നു. ഇതിനിടെയാണ് മറ്റൊരു ദുരന്തം.