മാസംതോറും അക്കൗണ്ടിലെത്തിയത് 20% ലാഭവിഹിതം; വായ്പയെടുത്ത് പണം നിക്ഷേപിച്ച് മലയാളി യുവതി,തട്ടിപ്പ്
Mail This Article
ഷാർജ ∙ ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ ഇരയായി മലയാളി യുവതിയും അമ്മയും. ഷാർജയിൽ താമസിച്ച് ദുബായ് ഖിസൈസിൽ ജോലി ചെയ്യുന്ന തൃശൂർ കുന്നംകുളം സ്വദേശിനിയും മകളുമാണ് ഓൺലൈൻ ഫിനാൻഷ്യൽ ട്രേഡിങ് കമ്പനി ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപത്തിന് പ്രലോഭിപ്പിച്ചത്. മലയാളി ടെലി സെയിൽസ്മാന്മാരായ ലിജു, അജീഷ് എന്നിവരുടെ നിരന്തര വിളികളിൽ വീണാണ് ആദ്യം കുറച്ച് പണം നിക്ഷേപിച്ചതെന്ന് ഇവർ മനോരമ ഓൺലൈനിനോട് പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന മകൾ വിനീതയെ സഹായിക്കാനായിരുന്നു നിക്ഷേപം. എന്നാൽ, കൂടുതൽ ലാഭം വാഗ്ദാനം ചെയ്തതോടെ വീണ്ടും പണം നിക്ഷേപിച്ചു. പണം ആവശ്യപ്പെട്ടിട്ടും കമ്പനി തിരികെ തരുന്നില്ലെന്നും നിലവിൽ ഫോൺ കോളുമെടുക്കാതെ മുങ്ങിയിരിക്കുകയാണെന്നും മകൾ വിനീത അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.12 വർഷത്തിലേറെയായി യുഎഇയിൽ താമസിക്കുന്ന കുന്നംകുളം സ്വദേശിനി, ദുബായ് ഖിസൈസിലെ ഒരു ഫൂഡ് സ്റ്റഫ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. മകൾ വിനീത വിവാഹിതയായ ശേഷം ഭർത്താവിനോടൊപ്പം കുവൈത്തിലായിരുന്നു. കോവിഡ്19 നെ തുടർന്ന് ഭർത്താവിന് ജോലി നഷ്ടപ്പെട്ടതോടെ ഇരുവരും നാട്ടിലേക്ക് മടങ്ങുകയും പിന്നീട് യുഎഇയിൽ കുന്നംകുളം സ്വദേശിനിയുടെ അടുത്തെത്തുകയുമായിരുന്നു.
ഇരുവരും ജോലി അന്വേഷിക്കുന്നതിനിടയിലാണ് ഈ വർഷം ഫെബ്രുവരിയിൽ കുന്നംകുളം സ്വദേശിനിക്ക് ദുബായ് സിറ്റി സെന്‍ററിനടുത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒരു ഓൺലൈൻ ഫിനാൻഷ്യൽ ട്രേഡിങ് കമ്പനിയിൽ നിന്ന് ഫോൺ കോൾ ലഭിച്ചത്. ഈ കമ്പനിയിൽ തുക നിക്ഷേപിച്ചാൽ ബിസിനസിലൂടെ എല്ലാ മാസവും 20% ലാഭവിഹിതം നൽകുമെന്നായിരുന്നു വാഗ്ദാനം. ആദ്യം നിരാകരിച്ചെങ്കിലും മലയാളി ടെലി സെയിൽസ്മാന്മാരരുടെ തുടരെത്തുടരെയുള്ള വിളികളിൽ ഒടുവിൽ വീണു.
നിക്ഷേപിച്ച തുകയുടെ ലാഭം കുന്നംകുളം സ്വദേശിനിയുടെ ബാങ്ക് അക്കൗണ്ടിൽ വീണുകൊണ്ടിരുന്നു. എങ്കിലും ഇടയ്ക്ക് പണം ആവശ്യം വന്നപ്പോൾ എടുക്കാൻ ശ്രമിച്ചെങ്കിലും കമ്പനി അനുവദിച്ചില്ല. ആ സമയം വ്യാപാരം വളരെ മോശമാണെന്നും എടുത്താൽ നഷ്ടമുണ്ടാകും എന്നുമായിരുന്നു തട്ടിപ്പുകാരുടെ മറുപടി. പിന്നീട് തുക വർധിക്കുകയും ചെയ്തു. ഇതോടെ കൂടുതൽ പണം നിക്ഷേപിക്കാനായിരുന്നു നിർദേശം. അഞ്ചോളം ബാങ്കുകളിൽ നിന്ന് പണം വായ്പയെടുത്ത് വിനീത ഏതാണ്ട് 70 ലക്ഷത്തോളം രൂപ നിക്ഷേപിച്ചു. കഴിഞ്ഞയാഴ്ച ഈ തുക എടുക്കാനായി കമ്പനിയെ ബന്ധപ്പെട്ടെങ്കിലും ആരും ഫോണെടുത്തില്ല. നേരിട്ട് ചെന്ന് അന്വേഷിച്ചപ്പോൾ സ്ഥാപനം പൂട്ടിയ നിലയിലായിരുന്നു. ഇതോടെയാണ് തട്ടിപ്പിനിരയായതായി ബോധ്യമായതെന്ന് കുന്നംകുളം സ്വദേശിനിയും വിനീതയും പറഞ്ഞു.
∙ പണം പിൻവലിച്ചാൽ ജോലിപോകുമെന്ന് കരഞ്ഞു പറഞ്ഞു
ഞാൻ അവരുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ച ശേഷം റിലേഷൻഷിപ് മാനേജർ എന്നെ വിളിക്കുമെന്ന് അവരെന്നെ അറിയിച്ചു. തുടക്കത്തിൽ അമൽ എന്നയാൾ വിളിച്ചു. അതിനു ശേഷം ഒരു സമീർ വിളിച്ചു. തുടർന്ന് സമീറിന്‍റെ സമ്മർദം കാരണം വീണ്ടും ഒരു വലിയ തുക നിക്ഷേപിക്കാൻ നിർബന്ധിതയായി. ഒന്നിലേറെ ഇടപാടുകൾ നടത്തിയ അയാൾ വാട്ട്‌സ്ആപ്പിൽ പോലും ലഭ്യമല്ലാത്തവിധം പിന്നീട് അപ്രത്യക്ഷനായി. വീണ്ടും മറ്റൊരാൾ വിളിച്ച് നിർബന്ധിച്ചപ്പോൾ കൂടുതൽ പണം നിക്ഷേപിച്ചു. അതിനു ശേഷം ഒരു ഹുസൈൻ മുദസിർ വന്നു. ഞാൻ ശരിക്കും സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. പണം എടുക്കാൻ ശ്രമിച്ചപ്പോൾ, ഇപ്പോൾ അങ്ങനെ ചെയ്താൽ തന്‍റെ ജോലി നഷ്ടപ്പെടുമെന്നും അങ്ങനെ സംഭവിച്ചാൽ നിശ്ചയിച്ച വിവാഹം മുടങ്ങുമെന്നും കരഞ്ഞുപറഞ്ഞ് ഹുസൈൻ അനുവദിച്ചില്ല. ഞാൻ പിൻവലിക്കാൻ ആവശ്യപ്പെട്ടപ്പോഴെല്ലാം അയാള്‍ അത് തന്നെ ആവർത്തിച്ചുകൊണ്ടിരുന്നു.
പിന്നീട് റോഷൻ എന്നയാളുടെ നിർബന്ധത്തിന് വഴങ്ങി ഒന്നിലേറെ തവണ പണം നിക്ഷേപം നടത്തുകയും ചെയ്തു. ബാങ്കുകളിൽ നിന്ന് വായ്പയെടുത്താണ് പണം തന്നതെന്നും കുറേയേറെ തിരിച്ചടക്കാനുണ്ടെന്നും ഞാൻ അവനോട് പറഞ്ഞെങ്കിലും സമ്മതിച്ചില്ല. അതിനു ശേഷം പല ഓപൺ ട്രേഡുകൾ ഉണ്ടായിട്ടും എന്‍റെ ഫോൺ കോളുകൾ എടുക്കുന്നത് നിർത്തി. അതിനുശേഷം ഒരു അഹമ്മദ് വിളിച്ച് 10,000 ഡോളർ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. പണം നിക്ഷേപിച്ചില്ലെങ്കിൽ എന്‍റെ അക്കൗണ്ട് നഷ്ടപ്പെടുമെന്ന് പറഞ്ഞ് ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു. ആ മാർഗനിർദേശം അനുചിതമായി തോന്നിയതിനാൽ ഞാൻ നിക്ഷേപകന്‍റെ പാസ്‌വേഡ് മാറ്റി. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 6-ന് എല്ലാ ഇടപാടുകളും അവസാനിച്ചതായും അക്കൗണ്ടിൽ പണമില്ലെന്നും ഞാൻ കണ്ടെത്തി. ഇതേത്തുടർന്നായിരുന്നു ദുബായ് പൊലീസിനെ സമീപിച്ചത്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
∙ തട്ടിപ്പുകൾ തുടരുന്നു; അതീവ ജാഗ്രത പാലിക്കുക
വ്യാജ വെബ് സൈറ്റ്, ഓൺലൈൻ തട്ടിപ്പുകളുടെ കഥ ഗൾഫിലെ വിവിധ ഭാഗങ്ങളിൽ നിന്ന് അനുദിനം വന്നുകൊണ്ടിരിക്കുന്നു. അടുത്തകാലത്തായി മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർക്കും ലക്ഷങ്ങൾ നഷ്ടമായി. നാട്ടിൽ നിന്ന് ഗൾഫിലെത്തി അധിക കാലമാകാത്തവരാണ് കൂടുതലും കെണിയിൽപ്പെടുന്നത്. ബാങ്കുകാരെന്നും പൊലീസെന്നും പറഞ്ഞാണ് ഇവർ ഫോൺ വിളിക്കുക. പലരും പേടിച്ച് പെട്ടെന്ന് തന്നെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും പറഞ്ഞുകൊടുക്കുകയും ചെയ്യുന്നു. മിക്കപ്പോഴും രാവിലെ ആളുകൾക്ക് തിരക്കുള്ള സമയത്തായിരിക്കും വിളിയെത്തുക. അപ്പോൾ കൂടുതൽ ചിന്തിക്കാതെയും സംശയിക്കാതെയും വിവരങ്ങൾ കൈമാറി കുടുക്കിൽപ്പെടുകയും ചെയ്യുന്നു. വിദേശ നമ്പരുകളിൽ നിന്നാണ് ഭൂരിഭാഗം കോളുകളും വരുന്നത്. ഇതുപോലും ശ്രദ്ധിക്കാതെയാണ് അബദ്ധത്തിൽച്ചാടുക. ബാങ്ക് അധികൃതരും പൊലീസും ഒരിക്കലും അക്കൗണ്ട് ഡിറ്റെയിൽസ് ചോദിക്കില്ലെന്നും ഓഫിസ് നമ്പരുകൾ മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്ന് തിരിച്ചറിയുക.
∙ ഹാക്കിങ്ങിനെതിരെ ജാഗ്രത; അജ്ഞാതസന്ദേശങ്ങളെ കരുതിയിരിക്കുക
ഹാക്കിങ്ങും ഇലക്ട്രോണിക് ഉപകരണങ്ങളുപയോഗിച്ചുള്ള തട്ടിപ്പും നിരന്തരം തുടരുന്നതിനെതിരെ ജാഗ്രത പുലർത്തണമെന്ന് യുഎഇ സൈബർ സെക്യുരിറ്റി കൗൺസിൽ സ്ഥാപനങ്ങളോടും വ്യക്തികളോടും അടുത്തിടെ അഭ്യർഥിച്ചിരുന്നു.
വ്യക്തിഗത ഡാറ്റ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം കൗൺസിൽ ഊന്നിപ്പറഞ്ഞു. സ്ഥിരീകരിക്കാത്ത ലിങ്കുകളിലൂടെയോ അജ്ഞാത സന്ദേശങ്ങളിലൂടെയോ അത്തരം ഡാറ്റ വെളിപ്പെടുത്തുന്നത് ഒഴിവാക്കുക. ആശയവിനിമയത്തിനായി ഔദ്യോഗിക ചാനലുകൾ മാത്രം ഉപയോഗിക്കുക; ഇമെയിലുകൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക. അവയുടെ നിയമസാധുത സ്ഥിരീകരിക്കാത്ത പക്ഷം ലിങ്കുകൾ തുറക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുക. രാജ്യത്തെ സുപ്രധാനവും തന്ത്രപ്രധാനവുമായ വിവിധ മേഖലകളെ ലക്ഷ്യമിട്ട് ഭീകര സംഘടനകൾ നടത്തിയ സൈബർ ആക്രമണങ്ങളെ ദേശീയ സൈബർ സംവിധാനങ്ങൾ യുഎഇ സൈബർ സുരക്ഷാ കൗൺസിൽ പരാജയപ്പെടുത്തിയിരുന്നു. എല്ലാ ബന്ധപ്പെട്ട അധികാരികളുമായും സഹകരിച്ച് സൈബർ എമർജൻസി സംവിധാനങ്ങൾ രാജ്യവ്യാപകമായി സജീവമാക്കിയിട്ടുണ്ട്. ഈ തീവ്രവാദ സൈബർ ആക്രമണങ്ങളെ പ്രഫഷണലായും കാര്യക്ഷമമായും മുൻകൈയെടുത്തും ചെറുക്കാനും രാജ്യത്തിന്‍റെ സുരക്ഷയെയും അതിന്‍റെ കഴിവുകളെയും തകർക്കാൻ ആഗ്രഹിക്കുന്ന ആരെയും തടയാനും ഈ സംവിധാനങ്ങൾക്ക് കഴിഞ്ഞു.
ഈ ഭീകര സംഘടനകളുടെ ഐഡന്‍റിറ്റികളും അവരുടെ സൈബർ ആക്രമണങ്ങളുടെ സ്ഥലവും സംരക്ഷണ സംവിധാനങ്ങൾക്കും സൈബർ സുരക്ഷാ നയങ്ങൾക്കും അനുസൃതമായി കണ്ടെത്തി കൈകാര്യം ചെയ്തു. എല്ലാ സൈബർ ആക്രമണങ്ങളെയും കാര്യക്ഷമമായും ഊർജിതമായും കൈകാര്യം ചെയ്യാൻ കഴിവുള്ള വളരെ വികസിപ്പിച്ച ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ യുഎഇയിലുണ്ട്. സാധ്യമായ സൈബർ ആക്രമണങ്ങൾ ബാധിക്കാതിരിക്കാൻ എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും ജാഗ്രതയും ജാഗ്രതയും പുലർത്തണമെന്ന് ആവശ്യപ്പെട്ടു.
∙ ഓൺലൈൻ തട്ടിപ്പ് അധികൃതരെ അറിയിക്കാം
യുഎഇയിലെ ഓൺലൈൻ കുറ്റകൃത്യങ്ങൾ ഫോൺ ഉപയോഗിച്ച് നാല് ലളിതമായ ഘട്ടങ്ങളിലൂടെ തടയാമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളെ ഓർമിപ്പിച്ചു. ഉപയോക്താക്കൾക്ക് 'ഒരു ക്രിമിനൽ റിപ്പോർട്ട് ഫയൽ ചെയ്യുക' വിഭാഗം തിരഞ്ഞെടുത്ത് പുതിയ അഭ്യർഥന സൃഷ്ടിക്കാൻ 'ചേർക്കുക' ഐക്കണിൽ ക്ലിക്ക് ചെയ്യാം. രണ്ടാം ഘട്ടമെന്ന നിലയിൽ, അധികാരികൾക്ക് എളുപ്പമാക്കുന്നതിന് ഉപയോക്താക്കൾക്ക് മാപ്പിൽ സംഭവത്തിന്‍റെ സ്ഥാനം തിരഞ്ഞെടുക്കാനാകും. റിപ്പോർട്ടിങ് രീതി തിരഞ്ഞെടുക്കുന്നതാണ് മൂന്നാമത്തെ ഘട്ടം. രേഖാമൂലമോ ശബ്ദ സന്ദേശമായോ വിഡിയോകളും ഫോട്ടോഗ്രാഫുകളും പോലും റിപ്പോർട്ടുകൾ സമർപ്പിക്കാം. തുടർന്ന് ഉപയോക്താവ് സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങളും തെളിവുകളും ചേർക്കണം.