സൗദിയിൽ സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങളിൽ വർധന

Mail This Article
റിയാദ്∙ സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങളുടെ എണ്ണത്തിൽ വർധന. ജൂൺ അവസാനത്തോടെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ എണ്ണം 11.4 ദശലക്ഷം കടന്നു. ഇത് മുൻ കണക്കുകളിൽ നിന്ന് 1.24 ശതമാനം വർധനവാണ്. രാജ്യത്തിന്റെ സ്വകാര്യ മേഖലയിൽ ശക്തമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള കഴിവുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. നാഷനൽ ലേബർ ഒബ്സർവേറ്ററിയാണ് ഇതു സംബന്ധിച്ച കണക്കുൾ പുറത്ത് വിട്ടത്.
ഈ മേഖലയിലെ തൊഴിൽ വളർച്ചയുടെ പ്രധാന സൂചകം സൗദി പൗരന്മാരുടെ തൊഴിൽ സ്വീകരണ നിരക്കാണ്. ഏപ്രിൽ മുതൽ 2.34 ലക്ഷം സൗദി പൗരന്മാർ സ്വകാര്യ കമ്പനികളിൽ ജോലിയിൽ പ്രവേശിച്ചു. സർക്കാർ ലക്ഷ്യമിടുന്നത് തൊഴിൽ പ്രാദേശികവത്കരണം വർധിപ്പിക്കുക എന്നത് നടപ്പാകുന്നതായിട്ടാണ് വിവകം. സ്വകാര്യ മേഖലയിൽ ഇപ്പോൾ ജോലി ചെയ്യുന്ന സൗദി പൗരന്മാരിൽ 1.38 ലക്ഷം പുരുഷന്മാന്മാരും 957,798 പേർ സ്ത്രീകളുമാണ്.
തൊഴിലില്ലായ്മ കുറയ്ക്കുന്നതിനും സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും സൗദി അറേബ്യ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 2016 ൽ 12.3 ശതമാനമായിരുന്ന സൗദി പൗരന്മാരുടെ തൊഴിലില്ലായ്മ നിരക്ക് 2023 ൽ 7.7 ശതമാനമായി കുറഞ്ഞു. സ്ത്രീ തൊഴിൽ പങ്കാളിത്തവും വർധിച്ചു. 2016 ൽ 33 ശതമാനമായിരുന്ന സൗദി സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 2023 ൽ 15.5 ശതമാനമായി കുറഞ്ഞു.
സ്വകാര്യ മേഖലയിലെ തൊഴിൽ വളർച്ചയും തൊഴിലില്ലായ്മ നിരക്കിലെ കുറവും സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥയുടെ ശക്തിയും സ്ഥിരതയും വ്യക്തമാക്കുന്നു. മാനവവിഭവ ശേഷി (ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്‍റ് ഫണ്ട്) പോലുള്ള സംഘടനകൾ പരിശീലനം, കൗൺസിലിംഗ്, ശാക്തീകരണ പരിപാടികൾ എന്നിവ നൽകി സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.