ജബൽ അലി ബീച്ചിന്റെ വികസന പദ്ധതിക്ക് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ അംഗീകാരം നൽകി
Mail This Article
ദുബായ് ∙ ജബൽ അലി ബീച്ചിന്റെ 6.6 കിലോമീറ്റർ ദൈർഘ്യമുള്ള വികസന പദ്ധതിക്ക് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. എമിറേറ്റിലെ പൊതുകടൽത്തീരങ്ങൾ ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളിൽ ഒന്നായി വികസിപ്പിക്കുന്നതിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമാണിത്.
സൈറ്റിലെ പരിസ്ഥിതി വ്യവസ്ഥകളുടെയും വന്യജീവികളുടെയും സംരക്ഷണം കണക്കിലെടുത്താണ് ബീച്ചിന്റെ വികസനം. പൊതു സൗകര്യങ്ങൾക്ക് സേവനങ്ങൾ നൽകുന്നതും ബീച്ച് പ്രവർത്തനങ്ങൾക്ക് അനുയോജ്യമായതുമായ കെട്ടിടങ്ങൾക്കും മറ്റു വാസ്തുവിദ്യാ രൂപകല്പനകൾക്കും ഷെയ്ഖ് ഹംദാൻ അംഗീകാരം നൽകി. പബ്ലിക് ബീച്ച് ഒരു പുതിയ പാരിസ്ഥിതിക ടൂറിസം പ്രദാനം ചെയ്യും. അവിടെ സന്ദർശകർക്ക് വിവിധ ആമകളെ കണ്ട് ആസ്വദിക്കാമെന്നതാണ് ഒരു പ്രത്യേകത. അവയെ സംരക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങളും നിയന്ത്രണങ്ങളും കണക്കിലെടുക്കുകയും അവയ്ക്ക് അനുയോജ്യമായ അന്തരീക്ഷം നൽകുകയും ചെയ്യും. ഇവിടെ എല്ലാ ആധുനിക സൗകര്യങ്ങളും ഉണ്ടായിരിക്കും.
എമിറേറ്റ്‌സിലെ സമ്പന്നമായ സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിനായി ആമകളെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനും സ്വാഭാവിക ആവാസ വ്യവസ്ഥയിലേയ്ക്ക് തിരികെ കൊണ്ടുവരാനും അധികൃതർ നടത്തുന്ന ശ്രമങ്ങൾ വലുതാണ്. ഷെയ്ഖ് മുഹമ്മദിന്റെ നിർദ്ദേശപ്രകാരം അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും നടപ്പിലാക്കാനും പൗരന്മാർക്കും പ്രവാസികൾക്കും സന്ദർശകർക്കും ഒന്നിലേറെ സൗകര്യങ്ങൾ നൽകാനും തീരുമാനിച്ചതായി ഷെയ്ഖ് ഹംദാൻ പറഞ്ഞു. ബീച്ചുകളും തുറസ്സായ സ്ഥലങ്ങളും വിനോദ ഹരിത ഇടങ്ങളും നിറഞ്ഞതാണ് നഗരം. താമസക്കാർക്കും സന്ദർശകർക്കും വേറിട്ട ആരോഗ്യകരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന ലോകത്തിലെ ഏറ്റവും മികച്ച നഗരമായി ദുബായ് മാറുന്നതിന് ഇത് സഹായകമാകും.
പുതിയ പൊതു ബീച്ചുകൾ ചേർത്ത് അവയുടെ നീളം 400% വർധിപ്പിക്കുക, നിലവിലുള്ളവ വികസിപ്പിച്ച് നവീകരിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ എമിറേറ്റിലെ പൊതു ബീച്ചുകൾ വികസിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ചട്ടക്കൂടിലാണ് ജബൽ അലി ബീച്ച് വികസന പദ്ധതി വരുന്നത്. ദുബായ് അർബൻ പ്ലാൻ 2040 ന് അനുസൃതമായി വിനോദ, കായിക, സൗന്ദര്യ, നിക്ഷേപ സേവനങ്ങളും സൗകര്യങ്ങളും ഒരുക്കും.