‘ജോലി, പ്രവാസ ക്ഷേമം,ജീവിത നിലവാരം’; ഒന്നാം സ്ഥാനം പാനമയ്ക്ക്, പട്ടികയിൽ യുഎഇയും
Mail This Article
അബുദാബി ∙ വിദേശികൾക്ക് ജീവിക്കാനും ജോലി ചെയ്യാനും അനുയോജ്യമായ രാജ്യങ്ങളിൽ യുഎഇയ്ക്ക് പത്താം സ്ഥാനം. വിവിധ രാജ്യങ്ങളിലെ ജീവിത നിലവാരവും തൊഴിൽ അവസരങ്ങളും വേതനവും മറ്റും അടിസ്ഥാനമാക്കി ഇന്റർ നേഷൻസ് ആഗോള ശൃംഖല പ്രവാസികളിൽ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ.
പാനമയാണ് ഒന്നാം സ്ഥാനത്ത്. മെക്സിക്കോ, ഇന്തൊനീഷ്യ, സ്പെയിൻ, കൊളംബിയ, തായ്‌ലൻഡ്, ബ്രസീൽ, വിയറ്റ്‌നാം, ഫിലിപ്പീൻസ് എന്നിവയാണ് ആദ്യ പത്തിൽ ഇടംപിടിച്ച മറ്റു രാജ്യങ്ങൾ. 174 രാജ്യങ്ങളിലെ 12,543 ആളുകളാണ് സർവേയിൽ പങ്കെടുത്തത്. ജീവിത നിലവാരം, സ്ഥിരതാമസമാക്കാനുള്ള എളുപ്പം, വിദേശ ജോലി, വ്യക്തിഗത സാമ്പത്തിക ഇടപാട്, ഡിജിറ്റൽ സേവനം, താമസം, ആശയവിനിമയം എന്നിവ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യങ്ങൾ. ജീവിത നിലവാരം, വിദേശ ജോലി, പ്രവാസി ക്ഷേമം എന്നിവയിൽ ഉയർന്ന സംതൃപ്തി രേഖപ്പെടുത്തി.
യുഎഇയുടെ പരിസ്ഥിതി സംരക്ഷണ നയത്തെ പത്തിൽ 9 പേരും അനുകൂലിച്ചു. അടിസ്ഥാന സൗകര്യ വികസനത്തെ 91% ജനങ്ങളും സല്യൂട്ട് ചെയ്തു. രാഷ്ട്രീയ സ്ഥിരത, വ്യക്തിഗത സുരക്ഷ, ആരോഗ്യസംരക്ഷണം, നിലവാരമുള്ള ചികിത്സ, ലോകോത്തര ആഹാര വൈവിധ്യം, കലാസാംസ്കാരിക, കായിക സൗകര്യങ്ങൾ എന്നിവയും മികച്ചതാണെന്ന് സർവേയിൽ പങ്കെടുത്തവർ വിലയിരുത്തി. അറബിക് ഭാഷ അറിയില്ലെങ്കിലും ഇവിടെ ജീവിക്കാം. മികച്ച ജോലി, ശമ്പളം, തൊഴിൽ സുരക്ഷ എന്നിവയിൽ പത്തിൽ 8 പേരും യുഎഇയെ അനുകൂലിച്ചു. ഗോൾഡൻ വീസ, ഗ്രീൻ വീസ, റിട്ടയർമെന്റ് വീസ എന്നിവയും യുഎഇയുടെ ആകർഷണമായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.