ADVERTISEMENT

അബുദാബി ∙ നാല് വയസ്സുകാരി റസിയ ഖാന് പുതിയ ജീവിതം നൽകി പിതാവ് ഇമ്രാൻ ഖാന്‍റെ സ്നേഹം ചരിത്രത്തിൽ ഇടം നേടി. യുഎഇയിൽ കുട്ടികളിൽ ആദ്യമായി നടന്ന ജീവിച്ചിരിക്കുന്ന ദാതാവിൽ നിന്നുള്ള കരൾ മാറ്റ ശസ്ത്രക്രിയയിലൂടെ അപൂർവ്വമായ കരൾ രോഗത്തിൽ നിന്ന് റസിയ മോചിതയായി. ഈ നേട്ടം യുഎഇയുടെ മെഡിക്കൽ മേഖലയിൽ ഒരു സുപ്രധാന നാഴികക്കല്ലാണ്.

അബുദാബിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയിൽ (ബിഎംസി) നടന്ന ഈ ശസ്ത്രക്രിയ റസിയയുടെയും കുടുംബത്തിന്‍റെയും ജീവിതത്തിൽ പുതിയ പ്രതീക്ഷകള്‍ തെളിയിച്ചു. ഇന്ത്യയിലെ ഹൈദരാബാദിൽ നിന്ന് 14 വർഷം മുൻപ് യുഎഇയിൽ എത്തിയതാണ് റസിയയുടെ കുടുംബം.  

4-year-old-razia-khan-received-a-life-saving-transplant-from-her-father-uae-first-pediatric-liver-transplant
റസിയ ഖാൻ.

∙ ‘ഇനിയൊരു മകളെ കൂടി നഷ്ടപ്പെടാനാവില്ല’
ജനിച്ചു മൂന്നാം മാസത്തിൽ തന്നെ റസിയയുടെ ജീവിതത്തിൽ പ്രോഗ്രസീവ് ഫാമിലിയൽ ഇൻട്രാഹെപാറ്റിക് കൊളസ്റ്റാസിസ് ടൈപ്പ് 3 (Progressive Familial Intrahepatic Cholestasis type 3) എന്ന അപൂർവ ജനിതക കരൾ രോഗം വെല്ലുവിളിയായി ബാധിച്ചു. ജനിതക മാറ്റം മൂലമുണ്ടാകുന്ന ഈ അവസ്ഥ പിത്തരസത്തിലെ ആസിഡുകളുടെയും മറ്റു ഘടകങ്ങളുടെയും രൂപീകരണത്തിലും സ്രവണത്തിലും അസാധാരണത്വം സൃഷ്ടിക്കുകയും ആത്യന്തികമായി കരളിന് കേടുപാടുകൾ വരുത്തുകയും ചെയ്യും. വളർച്ച മുരടിക്കൽ, കരൾ സംബന്ധമായ സങ്കീർണതകൾ എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. ഈ അവസ്ഥയെ മറികടക്കാനുള്ള ഏക മാർഗം കരൾമാറ്റിവയ്ക്കൽ മാത്രമാണ്.

മൂന്ന് വർഷം മുൻപ് ആദ്യ മകളെ ഇതേ അവസ്ഥയിൽ നഷ്ടപ്പെട്ട റസിയയുടെ മാതാപിതാക്കൾക്ക് ഈ രോഗത്തിന്റെ വിനാശകരമായ ഫലങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. രണ്ടാമത്തെ മകളെ ഗുരുതര രോഗത്തിൽ നിന്ന് രക്ഷപ്പെടുത്തണമെന്ന തീവ്രമായ ആഗ്രഹമാണ് യുഎഇയിൽ ട്രേഡിങ് കോഓർഡിനേറ്ററായി ജോലി ചെയ്യുന്ന ഇമ്രാൻ ഖാനെയും ഭാര്യയെയും ബുർജീൽ മെഡിക്കൽ സിറ്റിയിൽ എത്തിച്ചത്.

കണ്ണുകളിലെ മഞ്ഞ നിറം, മോണയിലെ രക്തസ്രാവം, കടുത്ത ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ റസിയ പ്രകടിപ്പിക്കാൻ തുടങ്ങിയപ്പോൾ തന്നെ അവർ ചികിത്സ തേടുകയും കരൾ മാറ്റിവയ്ക്കാനുള്ള പ്രായമാകുന്നതു വരെയുള്ള പതിവ് പരിശോധനകൾ മുടങ്ങാതെ നടത്തുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങൾ റസിയയുടെ സ്ഥിതി വഷളായി സ്കൂളിൽ പോകുന്നത് പോലും തടസ്സപ്പെട്ടപ്പോൾ ഭയം വീണ്ടും ഇമ്രാൻ ഖാനെയും കുടുംബത്തെയും ഭീതിയിലാഴ്ത്തി. 

മൂന്ന് മാസം മുൻപ് നടത്തിയ പതിവ് പരിശോധനയിൽ റസിയയുടെ  കരൾ വലുതായതായി കണ്ടെത്തുകയും  ഡോക്ടർമാർ കരൾ മാറ്റിവയ്ക്കുന്നതിന് നിർദേശിക്കുകയും ചെയ്തു. ബിഎംസിയിൽ സേവനം ലഭ്യമാണെന്നറിഞ്ഞപ്പോൾ ഒട്ടും താമസമില്ലാതെ വിഗ്ദധ സംഘവുമായി ആലോചിച്ചു ശസ്ത്രക്രിയക്ക് തയ്യാറായി.

ബുർജീൽ  അബ്ഡോമിനൽ മൾട്ടി-ഓർഗൻ ട്രാൻസ്പ്ലാന്‍റ് പ്രോഗ്രാമിന്‍റെ ട്രാൻസ്പ്ലാന്‍റ് സർജറി ഡയറക്ടർ ഡോ. റെഹാൻ സൈഫിന്‍റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. ഇന്ത്യയിൽ വേരുകളുള്ള ഡോ. സൈഫ് നയിച്ച ബിഎംസിയിലെ ട്രാൻസ്പ്ലാൻറ് ടീം 12 മണിക്കൂറിൽ  ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും ശസ്ത്രക്രിയകൾ വിജയകരമായി നടത്തി.

∙ പിതാവ് ദാതാവാകുന്നു; പ്രതീക്ഷയുടെ പിറവി
കുടുംബത്തിലെ പലരും മുന്നോട്ട് വന്നെങ്കിലും ‌പിതാവെന്ന നിലയിൽ, റസിയക്ക് വേണ്ടി കരൾ പകുത്തു നൽകാൻ ഇമ്രാൻ ഖാൻ തീരുമാനിക്കുകയായിരുന്നു. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ പ്രതീക്ഷയുടെ പുതു നാമ്പാണ് റസിയയ്ക്കും കുടുംബത്തിനും നൽകിയത്. ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിച്ച റസിയയുടെ കുടുംബത്തിലേക്ക് സന്തോഷം വീണ്ടും  വന്നെത്തി.  കൃത്യമായ തുടർചികിത്സയിലൂടെ ശരിയായ വളർച്ച ലഭിക്കുകയും റസിയയ്ക് അവളുടെ പ്രായത്തിലുള്ള മറ്റു കുട്ടികളെ പോലെ  കുട്ടിക്കാലം ആസ്വദിക്കാനും സ്കൂളിൽ  പോകാനും കഴിയുകയും ചെയ്യും എന്നുള്ളതാണ് ഏറ്റവും  വലിയ സന്തോഷം. റസിയയുടെ ഡിസ്ചാർജിനായി കാത്തിരിക്കുന്ന ഖാനും കുടുംബവും ബി എം സിയിലെ മുഴുവൻ ടീമുകളോടും നന്ദി പറഞ്ഞു.

അബ്ഡോമിനൽ ട്രാൻസ്പ്ലാന്റ്, ഹെപ്പറ്റോ-പാൻക്രിയാറ്റിക്കോ-ബിലിയറി സർജൻ ഡോ. ജോൺസ് മാത്യു, ജനറൽ സർജറി കൺസൾട്ടന്‍റ്  ഡോ. ഗൗരബ് സെൻ, ട്രാൻസ്പ്ലാന്‍റ് അനസ്തേഷ്യയിലെ ഡോ. രാമമൂർത്തി ഭാസ്കരനും  സംഘവും, പീഡിയാട്രിക് ഇന്‍റസീവ് കെയർ യൂണിറ്റിലെ കൺസൾട്ടന്‍റ്  ഡോ. കേശവ രാമകൃഷ്ണനും സംഘവും പീഡിയാട്രിക് റേഡിയോളജിസ്റ്റ്  ഡോ. ശ്യാം മോഹൻ എന്നിവരും ശസ്ത്രക്രിയ ടീമിലുണ്ടായിരുന്നു.  യുഎഇ യുടെ മെഡിക്കൽ ചരിത്രത്തിൽ വലിയ  മുന്നേറ്റമുണ്ടാക്കിയ റസിയയുടെ ശസ്ത്രക്രിയ വൈദ്യശാസ്ത്രത്തിന്‍റെ പുരോഗതിയുടെയും മാതാപിതാക്കളുടെ സ്നേഹത്തിന്‍റെയും  അടയാളപ്പെടുത്തലാണ്.

English Summary:

UAE's first pediatric liver transplant recipient, 4-year-old Razia Khan, received a life-saving transplant from her father.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com