ദുബായിൽ ഇനി പഴം-പച്ചക്കറി വിപണിയിൽ ഏകീകൃത വ്യാപാര ജാലകം; പ്രവാസികൾക്കും പ്രയോജനകരം

Mail This Article
ദുബായ് ∙ മലയാളികളുൾപ്പെടെയുള്ള ഒട്ടേറെ ഇന്ത്യക്കാരും മറ്റ് വിദേശീയരും ഉപജീവനം കണ്ടെത്തുന്ന ദുബായ് പഴം-പച്ചക്കറി വിപണി വികസിപ്പിക്കുന്നതായി യുഎഇ പ്രഖ്യാപിച്ചു. ദുബായ് ഒന്നാം ഉപ ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും യുഎഇ ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇന്ന് ഈ മെഗാ പ്രോജക്ട് പ്രഖ്യാപിച്ചത്.
എമിറേറ്റിന്‍റെ ലോജിസ്റ്റിക് പദ്ധതിക്ക് കീഴിൽ വിപണിയുടെ വലിപ്പം ഇരട്ടിയാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഭക്ഷ്യവസ്തുക്കൾ, പഴം, പച്ചക്കറി വ്യാപാരം എന്നിവയ്ക്കായി ലോകത്തിലെ ഏറ്റവും വലിയ ലോജിസ്റ്റിക് ഹബ് വികസിപ്പിക്കുന്നതിന് ദുബായ് മുനിസിപ്പാലിറ്റിയും ഡിപി വേൾഡും ഒരുമിച്ച് പ്രവർത്തിക്കും.

ദുബായിയെ വിപണികളുടെ ലക്ഷ്യസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ഷെയ്ഖ് മക്തൂം പറഞ്ഞു. ഗൾഫിനും ലോകത്തിനും ഉള്ള കയറ്റുമതി, പുനർ കയറ്റുമതി പ്രവർത്തനങ്ങൾ ഇവിടെ സാധ്യമാകും. ഏറ്റവും പുതിയ സവിശേഷതകളും മികച്ച നിലവാരവും ഉള്ള നൂതന അടിസ്ഥാന സൗകര്യങ്ങൾ നൽകാനും നിക്ഷേപകർക്ക് കൂടുതൽ വാണിജ്യ നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കാനും യുഎഇയുടെ ഭക്ഷ്യ സുരക്ഷാ തന്ത്രത്തെ പിന്തുണയ്ക്കാനും ഈ പദ്ധതി ശ്രമിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പദ്ധതി മലയാളികൾക്കും മറ്റ് ഇന്ത്യക്കാർക്കും ദുബായ് പഴം-പച്ചക്കറി വിപണിയിൽ പുതിയ അവസരങ്ങൾ തുറന്നുകൊടുക്കും. വിതരണക്കാർ, വ്യാപാരികൾ, ലോജിസ്റ്റിക്സ് പ്രൊവൈഡർമാർ തുടങ്ങിയ മേഖലകളിൽ അവർക്ക് തൊഴിലവസരങ്ങൾ ലഭ്യമാകുന്നതിന് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
∙ ഏകീകൃത വ്യാപാര ജാലകം
പഴം-പച്ചക്കറി വിപണിയുടെ വിപുലീകരണം ഡിപി വേൾഡ് നിയന്ത്രിക്കും. ഇത് കൂടുതൽ നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് സ്ഥാപനങ്ങളും തമ്മിൽ ഒപ്പുവച്ച കരാറിന് കീഴിൽ നടപടിക്രമങ്ങള്‍ പൂർത്തിയാക്കാനും മുഴുവൻ ഉപഭോക്തൃ ആവശ്യങ്ങൾ പൂർത്തീകരിക്കാനും ഏകീകൃത വ്യാപാര ജാലകം അവതരിപ്പിക്കും.