പാരിസ് ഒളിംപിക്സിന് സുരക്ഷ ഉറപ്പുവരുത്താൻ ഖത്തർ സൈനികരും
Mail This Article
ദോഹ ∙ ഈ മാസം 26 മുതൽ നടക്കുന്ന പാരിസ് ഒളിംപിക് ഗെയിംസിന്‍റെ സുരക്ഷാ രംഗത്ത് പ്രവർത്തിക്കാൻ പാരിസിലേക്ക് പോകുന്ന ഖത്തർ സുരക്ഷ സേനാംഗങ്ങളുമായി ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയുടെ (ലെഖവിയ) കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽതാനി കൂടിക്കാഴ്ച നടത്തി. പരിപാടിയുടെ വിജയകരമായ സുരക്ഷ ഉറപ്പാക്കുന്നതിന് ടീം അംഗങ്ങൾ ജാഗ്രത പുലർത്താണെമെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഖത്തറി ദേശീയ കേഡറുകൾക്ക് ലഭിക്കുന്ന ആഗോള അംഗീകാരമാണെന്നും മന്ത്രി പറഞ്ഞു.
അംഗങ്ങൾക്ക് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നുള്ള ആശംസകളും നിർദ്ദേശങ്ങളും മന്ത്രി കൈമാറി. ഫ്രാൻസിലെ തങ്ങളുടെ ദൗത്യം ഖത്തറിലെ തങ്ങളുടെ ഉത്തരവാദിത്തങ്ങളുടെ തുടർച്ചയാണെന്നും അതിനാൽ, സുരക്ഷയും സഹകരണവും ഉറപ്പാക്കാൻ തങ്ങളുടെ ചുമതലകൾ കുറ്റമറ്റ രീതിയിൽ നിർവഹിക്കേണ്ടതുണ്ടെന്നും ഖത്തറിനെ മാത്രമല്ല, അറബ്, ഇസ്ലാമിക ലോകത്തെയും കൂടിയാണ് പ്രതിനിധീകരിക്കുന്നതെന്ന് മനസ്സിലാക്കണമെന്നും അമീർ തന്‍റെ സന്ദേശത്തിൽ പറഞ്ഞു.
ഖത്തറും ഫ്രഞ്ച് റിപ്പബ്ലിക്കും തമ്മിലുള്ള സുരക്ഷാ സഹകരണ കരാറിന്‍റെ ഭാഗമായാണ് ഈ സഹകരണം. ഒളിംപിക് സുരക്ഷയുമായി ബന്ധപ്പെട്ട ഖത്തരി സുരക്ഷാ സേനയുടെ അന്തിമ തയ്യാറെടുപ്പുകൾ യോഗത്തിൽ മന്ത്രി അവലോകനം ചെയ്തു. പ്രധാന ആഗോള പരിപാടികൾ സംഘടിപ്പിക്കുന്നതിലും സുരക്ഷിതമാക്കുന്നതിലും ഖത്തറി സുരക്ഷാ സേന നേടിയ വൈദഗ്ധ്യത്തിനുള്ള അംഗീകാരമാണ് ഈ പങ്കാളിത്തമെന്നും മന്ത്രി പറഞ്ഞു.
പ്രത്യേക യൂണിറ്റ്, വ്യക്തിഗത സംരക്ഷണ യൂണിറ്റ്, ട്രാക്കിങ് യൂണിറ്റ്, സ്‌ഫോടക വസ്തു നിർമാർജന യൂണിറ്റ്, സൈബർ സുരക്ഷാ യൂണിറ്റ്, സുരക്ഷാ പട്രോളിങ്, മൗണ്ടഡ് പട്രോളിങ്, ആന്‍റി-ഡ്രോൺ ടീമുകൾ, പ്ലാനിങ് ടീം, ലോജിസ്റ്റിക്സ് ടീമുകൾ, എയർപോർട്ട് സെക്യൂരിറ്റി ടീമുകൾ തുടങ്ങിയ വിഭാഗങ്ങൾ ഖത്തറിനെ പ്രധിനിധീകരിച്ച് പാരിസ് ഒളിംപിക്സിൽ സുരക്ഷ സേവന രംഗത്ത് പ്രവർത്തിക്കും. ഖത്തർ സുരക്ഷാ സേന പാരിസ് 2024 ഒളിംപിക്‌സ് സുരക്ഷാ ദൗത്യത്തിനായി പ്രത്യേക പരിശീലന പരിപാടി പൂർത്തിയാക്കിയിട്ടുണ്ട്. മൂന്നാഴ്ച നീണ്ടുനിന്ന വിവിധ പരിശീലന കോഴ്‌സുകൾ, വർക്ക്‌ഷോപ്പുകൾ തുടങ്ങിയ പരിപാടികൾ പരിശീലനത്തിന്‍റെ ഭാഗമായി നടന്നു.