സുഡാന്‍ സംഘര്‍ഷം: പ്രസിഡന്റുമായി പരിഹാര ചർച്ച നടത്തി സൗദി മന്ത്രി

Mail This Article
ജിദ്ദ ∙ സുഡാന്‍ സംഘര്‍ഷത്തിന് പരിഹാരം കാണുന്നതിനായി സുഡാന്‍ പ്രസിഡന്റ് ജനറല്‍ അബ്ദുല്‍ഫത്താഹ് അല്‍ബുര്‍ഹാനുമായി ചര്‍ച്ച നടത്തി സൗദി ഡെപ്യൂട്ടി വിദേശ മന്ത്രി എന്‍ജിനീയര്‍ വലീദ് അല്‍ഖുറൈജി. ആഭ്യന്തര യുദ്ധം നടക്കുന്ന സുഡാനില്‍ സുരക്ഷയും സ്ഥിതരയും പുനഃസ്ഥാപിക്കാന്‍ സൗദി ഭരണാധികാരികള്‍ ആഗ്രഹിക്കുന്നതായി ഡെപ്യൂട്ടി വിദേശ മന്ത്രി സുഡാന്‍ പ്രസിഡന്റിനെ അറിയിച്ചു.
സുഡാനില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സംഘര്‍ഷത്തിന് അയവുവരുത്തി, വിവേകത്തിനും ആത്മനിയന്ത്രണത്തിനും മുന്‍തൂക്കം നല്‍കേണ്ടതുണ്ട്. സമാധന ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നും ചര്‍ച്ചകളില്‍ വഴക്കം കാണിക്കണമെന്നും ക്രിയാത്മകവും മാനുഷികവുമായ സംരംഭങ്ങളോട് അനുകൂലമായി പ്രതികരിക്കണമെന്നും സൗദി ഡെപ്യൂട്ടി വിദേശ മന്ത്രി പറഞ്ഞു.
സുഡാനില്‍ ശാശ്വത വെടിനിര്‍ത്തല്‍ നടപ്പാക്കാനും സുഡാന്‍ ജനതയുടെ ദുരിതങ്ങള്‍ ലഘൂകരിക്കാനും ഐക്യരാഷ്ട്ര സംഘടനയും അന്താരാഷ്ട്ര സമൂഹവും നടത്തുന്ന ശ്രമങ്ങളെ സൗദി അറേബ്യ സ്വാഗതം ചെയ്യുകയും പിന്തുണക്കുകയും ചെയ്യുന്നു. ജിദ്ദയില്‍ നടന്ന ഒന്നും രണ്ടും റൗണ്ട് സുഡാന്‍ സമാധാന ചര്‍ച്ചകളില്‍ ധാരണയിലെത്തിയ കാര്യങ്ങള്‍ നടപ്പാക്കാന്‍ ഇക്കാര്യങ്ങൾ സഹായകമാകുമെന്നും എന്‍ജിനീയര്‍ വലീദ് അല്‍ഖുറൈജി പറഞ്ഞു.