ഐഎസ് തീവ്രവാദികൾ തടവിൽ തുടരും; ഉത്തരവിട്ട് കുവൈത്ത് കോടതി
Mail This Article
കുവൈത്ത് സിറ്റി ∙ രാജ്യത്ത് തീവ്രവാദ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ട ഐഎസ് തീവ്രവാദ സംഘത്തിന്റെ തടവ് ശിക്ഷ തുടരാന്‍ കോടതി ഉത്തരവിട്ടു. ശിയാക്കളെയും അമേരിക്കന്‍ സൈനികരെയും ആക്രമിക്കാൻ ലക്ഷ്യമിട്ട തീവ്രവാദ സംഘാംഗങ്ങളായ അഞ്ചു കുവൈത്തി യുവാക്കളുടെ തടവ് തുടരാനാണ് കോടതി തീരുമാനിച്ചത്.
ഐഎസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മറ്റുള്ളവരോട് ആഹ്വാനം ചെയ്യുകയും രാജ്യത്ത് ഭരണം അട്ടിമറിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തവരെയാണ് കുവൈത്ത് പിടികൂടിയത്. തീവ്രവാദാക്രമണ പദ്ധതി കണ്ടെത്തി പരാജയപ്പെടുത്തിയതായി ജനുവരി 25 ന് കുവൈത്ത് അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു. ശിയാക്കളുടെ ആരാധനാ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തനായിരുന്നു തീവ്രവാദ സംഘത്തിന്റെ പദ്ധതി. ഐഎസ് അംഗങ്ങളായ മൂന്നു വിദേശികളെ അറസ്റ്റ് ചെയ്തതായും അധികൃതര്‍ അന്ന് അറിയിച്ചു.
ഒരു അറബ് രാജ്യത്തു നിന്നുള്ള ഇവര്‍ കുവൈത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. 2015 ജൂണ്‍ 26 ന് കുവൈത്തിലെ അല്സ്വവാബിര് ഏരിയയില്‍ ഇമാം അല്സാദിഖ് പള്ളിയിലുണ്ടായ ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. ആക്രമണത്തില്‍ 26 പേര് കൊല്ലപ്പെടുകയും 227 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
മറ്റൊരു സംഭവത്തില്‍, മുന്‍ എംപി ഹുസൈന് അല്ഖല്ലാഫിനെ 21 ദിവസം കസ്റ്റഡിയില്‍ സൂക്ഷിക്കാനും സെന്‍ട്രല്‍ ജയിലിലേക്ക് അയക്കാനും പബ്ലിക് പ്രോസിക്യൂഷന് തീരുമാനിച്ചു. അമീറിന്റെ അവകാശങ്ങളെയും അധികാരത്തെയും വെല്ലുവിളിക്കല്‍, അമീറിന്റെ പദവിയെ ഇകഴ്ത്തല്‍ എന്നീ ആരോപണങ്ങളാണ് മുന്‍ എംപി നേരിടുന്നത്. മുഹറം മാസത്തില്‍ ശിയാ ആരാധനാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിന് കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടികളെ വിമര്‍ശിച്ചാണ് ഹുസൈന് അല്‍ഖല്ലാഫ് അമീറിനെ അപകീര്‍ത്തിപ്പെടുത്തിയത്. അന്വേഷണത്തിനിടെ ആരോപണങ്ങള്‍ ഹുസൈന് അല്‍ ഖല്ലാഫ് നിഷേധിച്ചു.