നവീന ശിലായുഗ കാലഘട്ടത്തിലെ വാസസ്ഥലങ്ങൾ അൽഉലയിൽ കണ്ടെത്തി

Mail This Article
ജിദ്ദ ∙ നൂറ്റാണ്ടുകൾക്ക് മുമ്പ് മനുഷ്യൻ ജീവിച്ചിരുന്ന വാസസ്ഥലങ്ങൾ അൽഉലയിൽ കണ്ടെത്തി. റോയൽ കമീഷൻ ഫോർ അൽഉല നേതൃത്വം നൽകുന്ന രാജ്യാന്തര പര്യവേക്ഷണസംഘമാണ് നവീന ശിലായുഗ കാലഘട്ടത്തിൽനിന്നുള്ളതെന്ന് കരുതുന്ന ഈ കണ്ടെത്തലുകൾ നടത്തിയത്. സിഡ്നി യൂണിവേഴ്സിറ്റിയിലെ പുരാവസ്തു ഗവേഷകനായ ജെയ്ൻ മക്മഹോണിന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണം ഈ മാസം രണ്ടിന് പിയർ-റിവ്യൂഡ് ലെവൻറ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നാല് മുതൽ എട്ട് മീറ്റർ വരെ വ്യാസമുള്ള വൃത്താകൃതിയിലുള്ള ഇരട്ട നിരകളുള്ള ശിലാഫലകങ്ങളാണ് കണ്ടെത്തിയത്. ഈ പ്രദേശത്തെ നിവാസികൾ കന്നുകാലികളെ മേയ്ക്കുകയും ആഭരണ നിർമാണത്തിൽ ജോലി ചെയ്യുകയും വ്യാപാരത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നതായി ഗവേഷണം സൂചിപ്പിക്കുന്നു. അൽഉല മേഖലയിലെ ഹരത് ഉവൈരിദിൽ ഇത്തരം 431 വൃത്തങ്ങളാണ് സംഘം പരിശോധനക്ക് വിധേയമാക്കിയത്. 11 മീറ്റർ ആഴത്തിൽ ഇവിടങ്ങളിൽ കുഴിക്കുകയും 52 സർവേകൾ നടത്തുകയും ചെയ്തു. ഈ പഠനം വടക്കുപടിഞ്ഞാറൻ അറേബ്യൻ ജീവിതത്തിന്റെ ആദ്യകാല അനുമാനങ്ങളെ വ്യക്തമാക്കുന്നു.

കണ്ടെത്തലുകൾ നിയോ ലിത്തിക്ക് ഭൂതകാലത്തെക്കുറിച്ചുള്ള അറിവിനെ കൂടുതൽ വികസിപ്പിക്കാൻ കഴിയും. ആ ജനത എങ്ങനെ ജീവിക്കുകയും ഇടപഴകുകയും ചെയ്തുവെന്ന് ഈ ഗവേഷണം വെളിപ്പെടുത്തുന്നുണ്ട്. ദൈനംദിന ജീവിതത്തിലേക്കും സാംസ്കാരിക വിനിമയങ്ങളിലേക്കും ഒരു നേർക്കാഴ്ച നൽകുകയും ചെയ്യുന്നുണ്ട്.