വാഹനങ്ങളിൽ ഇ-കോൾ സംവിധാനം ഉടൻ; മരണനിരക്ക് 10% കുറയ്ക്കും: 4 മിനിറ്റിനകം രക്ഷാപ്രവർത്തനം

Mail This Article
അബുദാബി ∙ അടിയന്തര ഘട്ടങ്ങളിൽ വിളിക്കാനുള്ള ഇ–കോൾ സംവിധാനം വാഹനങ്ങളിൽ സജ്ജമാക്കുന്നതിന് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി. മരണസംഖ്യ 10% വരെ കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. ഇതുവഴി 4 മിനിറ്റിനകം രക്ഷാപ്രവർത്തനം സാധ്യമാകും. അടിയന്തര സേവനങ്ങളുടെ പ്രതികരണ സമയം 40% കുറയ്ക്കാനും ഇ-കോൾ സംവിധാനത്തിലൂടെ സാധിക്കും. ഇ-കോൾ സംവിധാനം സ്ഥാപിച്ച വാഹനത്തിന് ഗുരുതര അപകടമുണ്ടായാൽ ഉടൻ പൊലീസിന് അടിയന്തര സന്ദേശം അയയ്ക്കും.
വാഹനത്തിന്റെ മോഡൽ, സ്ഥലം, വാഹനത്തിലെ യാത്രക്കാരുടെ എണ്ണം, ഏതിനം ഇന്ധനം എന്നിവ ഉൾപ്പെടുന്ന വിവരങ്ങളാണ് പൊലീസിന് കൈമാറുക. പരീക്ഷണാർഥം 2021ൽ അബുദാബിയിൽ അവതരിപ്പിച്ച ഇ-കോൾ സംവിധാനം മരണനിരക്ക് 10% വരെയും പരുക്ക് 15% വരെയും കുറയ്ക്കാമെന്നാണ് കണ്ടെത്തൽ.
എമിറേറ്റിൽ വാഹനാപകടങ്ങളും മരണവും വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് എല്ലാ വാഹനങ്ങളിലും ഇ–കോൾ സംവിധാനം വ്യാപിപ്പിക്കാൻ അനുമതി നൽകിയത്. അത്യാഹിതമുണ്ടാകുമ്പോൾ 999 നമ്പറിൽ വിളിക്കുന്നതിനു പകരം ഇ–കോൾ ബട്ടൻ അമർത്തിയാൽ പൊലീസിനോട് യഥാസമയം കാര്യങ്ങൾ അറിയിക്കാം. നിമിഷങ്ങൾക്കം രക്ഷാസംഘം സ്ഥലത്തെത്തും. യുഎഇ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയും വ്യവസായ നൂതന സാങ്കേതിക മന്ത്രാലയവും പൊലീസും ചേർന്നാണ് ഇ–കോൾ സേവനം വികസിപ്പിച്ചത്.