ഉദ്യോഗസ്ഥന്‍റെ പിഴവ്, 10 വർഷമായി സൗദി രേഖകളിൽ ‘പരേത’; മുത്തശ്ശിക്ക് തുണയായി മലയാളികൾ

Mail This Article
റിയാദ്∙ സർക്കാർ രേഖകളിൽ പത്തുവർഷമായി ‘മരിച്ചു കിടക്കുകയായിരുന്നു’ സൗദിയുടെ തലസ്ഥാന നഗരമായ റിയാദിലെ ബത്ത നഗരത്തിലെ ഇന്ത്യക്കാരിയായ മുത്തശ്ശി. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി റിയാദിൽ പ്രവാസ ജീവിതം നയിക്കുന്ന മുംബൈ സ്വദേശിനിയായ ഖുർഷിദ് ബാനുവിനെ പ്രവാസികളും നാട്ടുകാരും വിളിച്ചിരുന്നത് ബത്തയുടെ മുത്തശ്ശി എന്നായിരുന്നു.
പത്തുവർഷമായി സർക്കാർ രേഖകളിൽ ജീവിച്ചിരിക്കുന്നവരുടെ പേരിൽ ഖുർഷിദ് ബാനുവില്ല. മരിച്ചുവരുടെ പട്ടികയിലായിരുന്നു അവർ. നാട്ടിലേക്ക് തിരിച്ചുപോകാനാകാതെ പ്രതിസന്ധിയിലായ ഖുർഷിദ് ബാനുവിന് അവസാനം തുണയായത് മലയാളി സാമൂഹിക പ്രവർത്തകരായിരുന്നു. അവരുടെ കനിവിൽ ഖുർഷിദ് ബാനു സ്വദേശത്തേക്ക് തിരിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂരാണ് നിരന്തര ശ്രമങ്ങൾ നടത്തി ഖുർഷിദ് ബാനുവിനെ നാട്ടിലേക്ക് അയച്ചത്.
∙ഖുർഷിദ് ബാനുവിന്‍റെ കഥ
ഇക്കഴിഞ്ഞ ഫെബ്രുവരി 29 നാണ് സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ ഒരാവശ്യത്തിനായി റിയാദിലെ ഇന്ത്യൻ എംബസിയിൽ ചെന്നതായിരുന്നു. അവിട പ്രായമായ ഒരു സ്ത്രീ ട്രോളി ബാഗിൽ പിടിച്ചിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. ഖുർഷിദ് ബാനുവായിരുന്നു അത്. എംബസി ഓഫിസര്‍ ആഫിയയോട് കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ അവരുടെ കേസിന്‍റെ വിശദ വിവരങ്ങള്‍ പറഞ്ഞു.
ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുൻപ് മരിച്ചു. ഖുര്‍ഷിദ് ബാനുവിന്‍റെ ഇഖാമ(സൗദിയിലെ താമസരേഖ)യില്‍ അവര്‍ മരിച്ചതായി രേഖപ്പെടുത്തിയതിനാല്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്നും എക്‌സിറ്റ് വീസ ലഭിച്ചില്ല. മരിച്ചു എന്ന സ്റ്റാറ്റസ് ഇഖാമയില്‍ നിന്ന് മാറിയാല്‍ മാത്രമേ എക്‌സിറ്റ് വീസ ലഭിക്കുകയുള്ളു. പരാതി കേട്ട ശേഷം ഈ വിഷയം കൈകാര്യം ചെയ്യാന്‍ ഇന്ത്യന്‍ എംബസിയുടെ അനുമതി പത്രത്തോടെ അവരെ സഹായിക്കാനായി സിദ്ദീഖ് മുന്നിട്ടിറങ്ങി.
വിവാഹിതയായി ഇരുപതാമത്തെ വയസ്സിലാണ് ഭര്‍ത്താവിനൊപ്പം ഖുര്‍ഷിദ് ബാനു സൗദിയിലെത്തിയത്. 13 വര്‍ഷത്തോളം മക്കയിലായിരുന്നു താമസം. പിന്നീട് ഭര്‍ത്താവിനൊപ്പം റിയാദിലെത്തി. ബത്തയുടെ ഹൃദയ ഭാഗത്ത് 35 വര്‍ഷമായി താമസിക്കുന്ന ഇവര്‍ക്ക് നഗരത്തിന്‍റെ ഓരോ സ്പന്ദനങ്ങളും കൃത്യമായറിയാം. 25 വര്‍ഷം മുൻപാണ് അവസാനമായി നാട്ടില്‍ പോയി വന്നത്.
ഭര്‍ത്താവിന് കച്ചവടമായിരുന്നു ജോലി. പിന്നീട് ഇവരെ ഭര്‍ത്താവ് ഉപേക്ഷിച്ചു. രണ്ട് ആണ്‍ മക്കളുണ്ടായിരുന്നു. ഒരു അവധി കാലത്ത് നാട്ടില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മക്കളും ഒരു സഹോദരിയും മരിച്ചു. സഹോദരങ്ങളുടെ മക്കളെ പഠിപ്പിക്കാനും വിവാഹം കഴിപ്പിക്കാനും ഖുര്‍ഷിദ് ബാനു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭര്‍ത്താവുപേക്ഷിച്ചതിന് ശേഷം ജീവിതം താളം തെറ്റി. 10 വര്‍ഷമായി ഇഖാമയുടെ സ്റ്റാറ്റസില്‍ മരിച്ചുവെന്ന് തെറ്റായി രേഖപ്പെടുത്തപ്പെട്ടതിനാല്‍ നാട്ടിലേക്കുള്ള യാത്രയും പ്രതിസന്ധിയിലായി.
സാധാരണ ഗതിയില്‍ ഇഖാമ സ്റ്റാറ്റസില്‍ മരിച്ചു എന്ന് രേഖപ്പെടുത്തണമെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്യണം. സിദ്ദീഖ് രേഖകളുമായി സിവില്‍ അഫയേഴ്‌സില്‍ പോയെങ്കിലും ആള്‍ ജീവിച്ചിരിപ്പുണ്ടെന്നാണ് സിസ്റ്റത്തില്‍ കാണിച്ചിരുന്നത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരെ വിവരമറിയിച്ച ശേഷം ജവാസാത്തിലേക്ക് അപേക്ഷയെഴുതാന്‍ ആവശ്യപ്പെട്ടു. നേരത്തെ തന്നെ എഴുത്ത് ഖുര്‍ഷിദ് ബാനുവിന്‍റെ കയ്യില്‍ കൊടുത്തിട്ടുണ്ടെന്നായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. അതിന്‍റെ അടിസ്ഥാനത്തില്‍ അവരെ വിളിച്ച് വിവരമന്വേഷിച്ചപ്പോള്‍ ജവാസാത്തിലും നാടുകടത്തല്‍ കേന്ദ്രത്തിലുമെല്ലാം പല തവണ പോയെന്നായിരുന്നു മറുപടി.
ജവാസാത്തില്‍(പാസ്പോർട്ട് ഓഫിസ്) പോയി രേഖകള്‍ പരിശോധിച്ചപ്പോള്‍ ഈ വിഷയത്തില്‍ അവര്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്നും സിവില്‍ അഫയേഴ്‌സില്‍ പോകണമെന്നും അറിയിച്ചു. സിവില്‍ അഫയേഴ്‌സില്‍ പോയതിന്‍റെ രേഖ കാണിച്ചപ്പോള്‍ ഓഫിസര്‍ വീണ്ടും പരിശോധിച്ച് മറ്റൊരു ഉദ്യോഗസ്ഥന്‍റെ അടുത്തേക്ക് റഫര്‍ ചെയ്‌തെങ്കിലും നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്ന് എഴുത്ത് വേണമെന്നായി. തുടര്‍ന്ന് മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥനോട് വിഷയം അവതരിപ്പിച്ചപ്പോഴാണ് 10 വര്‍ഷം മുൻപ് ഒരു ഡാറ്റ എന്‍ട്രിയില്‍ സംഭവിച്ച തെറ്റാണെന്ന് മനസ്സിലായത്. ആ ഉദ്യോഗസ്ഥന്‍ ജോലിയില്‍ നിന്ന് വിരമിക്കുകയും ചെയ്തിരുന്നു. ഈ വിഷയം നാടുകടത്തല്‍ കേന്ദ്രം ഡയറക്ടറെ ധരിപ്പിക്കാന്‍ ഒരെഴുത്ത് നല്‍കി.
അടുത്ത ദിവസം ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം നാടുകടത്തല്‍ കേന്ദ്രത്തിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ ജവാസാത്ത് ഓഫിസിലേക്ക് എഴുത്തയക്കാമെന്ന് ഓഫിസര്‍ സമ്മതിച്ചു. അടുത്ത ദിവസം തന്നെ ജവാസാത്തില്‍ രേഖകളെത്തി എന്നുറപ്പാക്കി ആളെ കൂട്ടി വരാന്‍ പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ അന്ന് ഹാജരാക്കാന്‍ കഴിഞ്ഞില്ല. അടുത്ത ദിവസം അവരെ കൂട്ടി ജവാസാത്തിലെത്തി. ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിച്ച് മരിച്ചു എന്ന സ്റ്റാറ്റസ് മാറ്റി. വൈകാതെ നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്ന് എക്‌സിറ്റ് വീസ ലഭിച്ചു. ഒറിജിനല്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതിനാല്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. മൂന്നാമത്തെ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന്‍റെ കാലാവധി ജൂലൈ 15 ന് അവസാനിക്കുന്നതിനാല്‍ വീസ കാലാവധി 6 ദിവസം മാത്രമാണ് ലഭിച്ചത്.
തൊട്ടടുത്ത് താമസിക്കുന്നവരുടെ കാരുണ്യത്തിലാണ് ഇവര്‍ ജീവിച്ചിരുന്നത്. നാട്ടിലേക്ക് കൊണ്ട് പോകാനുള്ള മിഠായിയും വസ്ത്രങ്ങളുമെല്ലാം പലരും നല്‍കി. താമസിച്ചിരുന്ന ഫ്ലാറ്റിന്‍റെ ഉടമയാണ് ടിക്കറ്റ് നല്‍കിയത്. 15 കിലോ ലഗേജ് കൂടിയപ്പോള്‍ അതിന്‍റെ അധിക തുകയും അദ്ദേഹം നല്‍കി. സഹായിച്ച എല്ലാവരോടും പൊരുത്തപ്പെടാനും പ്രാര്‍ഥിക്കാനും പറഞ്ഞ് അൻപത് വർഷത്തോളം ജീവിച്ച ഈ നാടിനോട് യാത്ര പറഞ്ഞു. കഴിഞ്ഞ ദിവസത്തെ ഫ്‌ളൈ നാസ് വിമാനത്തില്‍ മുംബൈയിലേക്ക് തിരിച്ചു. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ മുഹമ്മദ് നസീം, ആഫിയ, ശറഫുദ്ദീന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ നേവല്‍ എന്നിവര്‍ വിവിധ ഘട്ടങ്ങളില്‍ സഹായവുമായി രംഗത്തുണ്ടായിരുന്നു.