ബഹ്റൈനിൽ മലയാളിയെ വധിച്ച പ്രതിക്ക് ജീവപര്യന്തം; കൊലപാതകം കവർച്ചയ്ക്കിടെ

Mail This Article
മനാമ ∙ കോൾഡ് സ്റ്റോർ നടത്തിപ്പുകാരനായ മലയാളിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന ബഹ്‌റൈൻ പൗരന് ബഹ്‌റൈൻ ക്രിമിനൽ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. വിധിക്കെതിരെ പ്രതി അപ്പീൽ നൽകി. കഴിഞ്ഞ ജനുവരി 23നായിരുന്നു കേസിനാസ്പദമായ സംഭവം. ബഹ്‌റൈനിലെ റിഫാ ഹാജിയത്തിൽ കോൾഡ് സ്റ്റോറിൽ സാധനം വാങ്ങാനെത്തിയ പ്രതി പണം നൽകാതെ കടന്നു കളയാൻ ശ്രമിച്ചപ്പോൾ തടയാൻ ശ്രമിച്ച കെ. എം. ബഷീറിനെ കൊലപ്പെടുത്തുകയായിരുന്നു.
പ്രതി കുറ്റകൃത്യം ചെയ്തെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷികളുടെ മൊഴിയും പരിശോധിച്ച ശേഷമാണ് ശിക്ഷ വിധിച്ചത്. കടയിൽ എത്തിയ പ്രതി സിഗരറ്റ് വാങ്ങി പണം നൽകാതെ പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ ബഷീർ ഇത് ചോദ്യം ചെയ്യുകയും തുടർന്ന് വാക്കുതർക്കമുണ്ടാവുകയും ചെയ്തു. ഇതിനിടെ പ്രതി ബഷീറിനെ നിലത്തേക്ക് വലിച്ചെറിയുകയായിരുന്നു. തലയുടെ പിൻവശം ശക്തമായി ഇടിച്ചതിന് പിന്നാലെ ബഷീർ ബോധരഹിതനായി. ഉടൻ തന്നെ ബിഡിഎഫ് സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നാല് ദിവസങ്ങൾക്ക് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു.
കൊല്ലപ്പെട്ട ബഷീറിന്റെ സഹോദരന്റെ മൊഴി പ്രകാരം പ്രതി സ്ഥിരം ഉപഭോക്താവും പ്രശ്നക്കാരനുമാണ്. സംഭവദിവസം കടയിൽ നിന്ന് നിരവധി സാധനങ്ങൾ മോഷ്ടിച്ച് ഇയാൾ പോയതായും സഹോദരൻ പറഞ്ഞു. കടയ്ക്ക് സമീപത്തെ ഒരു ഫ്‌ളാറ്റിലെ സെക്യൂരിറ്റി ക്യാമറയിൽ പ്രതി ഇരയുടെ മുഖത്ത് അടിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.