സാങ്കേതിക തകരാർ; സൗദിയിൽ നിർമിച്ച ലൂസിഡിന്റെ 134 ഇലക്ട്രിക് കാറുകൾ തിരിച്ച് വിളിക്കുന്നു

Mail This Article
ജിദ്ദ ∙ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് സൗദിയിൽ നിർമിച്ച ലൂസിഡിന്റെ 134 ഇലക്ട്രിക് കാറുകൾ തിരിച്ച് വിളിക്കുന്നതായി സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു. കൂളന്റ് ഹീറ്ററുകളിലാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. ഇത് മൂലം വിൻഡ്ഷീൽഡിൽ അടിഞ്ഞുകൂടിയ ഐസ് കൃത്യസമയത്ത് ഉരുകാത്തതായി കണ്ടെത്തുകയായിരുന്നു. ഇത് ഡ്രൈവറുടെ കാഴ്ചക്ക് തടസമാകുകയും അപകട സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് മന്ത്രാലയം വിശദീകരിച്ചു.
ലൂസിഡിന്റെ എയർ ഗ്രാൻഡ് ടൂറിങ് / എയർ ഡ്രീം / എയർ പ്യുവർ - 2023 എന്നീ മോഡലുകളിലാണ് തകരാർ കണ്ടെത്തിയത്. ഈ വാഹനങ്ങൾ ഉപഭോക്താക്കൾക്ക് തിരിച്ച് നൽകാമെന്ന് മന്ത്രാലയം വ്യക്തമാക്കി. Recalls.sa എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് വാഹനഉടമകൾ അവരവരുടെ വാഹനത്തിന്റെ നമ്പർ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും, തുടർന്ന് ആവശ്യമായ റിമോട്ട് അപ്ഡേറ്റ് (ഒടിഎ) ഇൻസ്റ്റാൾ ചെയ്ത‌് കൊണ്ട് പ്രശ്നം പരിഹരിക്കാമെന്നും കമ്പനി അറിയിച്ചു. ഇതിനായി കമ്പനി ഓഫിസോ ഫാക്ടറിയോ സന്ദർശിക്കേണ്ടതില്ല. റിമോട്ട് അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യുന്നതിൽ പ്രയാസം നേരിടുന്നവർ കമ്പനിയുമായി ആശയവിനിമയം നടത്തി പ്രശ്നം പരിഹരിക്കണമെന്നും മന്ത്രാലയം അറിയിച്ചു.